ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം മഴയില്‍ കുതിര്‍ന്നു

Posted on: June 23, 2017 11:53 pm | Last updated: June 24, 2017 at 9:23 am


പോര്‍ട് ഓഫ് സ്‌പെയിന്‍: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ആദ്യ ഏകദിനം മഴയില്‍ ഒലിച്ചുപോയി. മഴ ശമിക്കാതായടോതെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 39.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 199 എന്ന നിലയില്‍ നല്‍ക്കെയാണ് മത്സരം മഴ തടസ്സപ്പെടുത്തിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (32), ധോണി (ഒമ്പത്) എന്നിവരായിരുന്നു ക്രീസില്‍.
ഓപണിംഗ് ബാറ്റ്‌സ്മാന്‍മാരായ അജിങ്ക്യ രഹാനെയും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 62 റണ്‍സെടുത്താണ് രഹാനെ മടങ്ങിയത്. ധവാന്‍ 87 റണ്‍സെടുത്തു. 78 പന്തില്‍ എട്ട് ബൗണ്ടറികളോടെയാണ് രഹാനെയുടെ ഇന്നിംഗ്‌സ്. ധവാന്‍ 92 പന്തുകളില്‍ എട്ട് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെയാണ് 87 റണ്‍സടിച്ചത്. കൈക്ക് രണ്ട് തവണ പരുക്കേറ്റ ധവാന്‍ വേദന സഹിച്ചാണ് ഇന്നിംഗ്‌സ് നീക്കിയത്. ഒന്നാം വിക്കറ്റില്‍ 132 റണ്‍സാണ് ഓപണിംഗ് സഖ്യം ചേര്‍ത്തത്.
യുവരാജ് സിംഗാണ് (നാല്) പുറത്തായ മറ്റൊരു താരം. രഹാനെ ജോസഫിന്റെ പന്തില്‍ ഹോള്‍ഡറിന് ക്യാച്ചായപ്പോള്‍ ധവാന്‍ ബിഷൂവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. യുവരാജ് സിംഗ് ഹോള്‍ഡറിന്റെ പന്തില്‍ ലൂയിസിന് ക്യാച്ചായി.