കള്ളനോട്ടടി: യുവമോര്‍ച്ച നേതാവിനെതിരെ യുഎപിഎ ചുമത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Posted on: June 23, 2017 1:06 pm | Last updated: June 23, 2017 at 2:14 pm

തിരുവനന്തപുരം: കള്ളനോട്ട് അടിച്ചിറക്കിയ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ യുവമോര്‍ച്ച നേതാവിനെതിരെ യുഎപിഎ ചുമത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ബിജെപി നേതാക്കളുമായി പ്രതിക്ക് ബന്ധമുള്ളതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ ഡിജിപിക്ക് കത്ത് നല്‍കി.
ഒ ബി സി മോര്‍ച്ച കൈപ്പമംഗലം നിയോജക മണ്ഡലം സെക്രട്ടറി രാജീവ് ഏറാശ്ശേരിയുടെ വീട്ടില്‍ നിന്നാണ് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും അമ്പതിന്റെയും ഇരുപതിന്റെയും കള്ളനോട്ടുകള്‍ പിടികൂടിയത്. ഇയാളുടെ സഹോദരനും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ ഭാരവാഹിയുമായ രാഗേഷ് (31) നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കള്ളനോട്ടടിക്കുന്നതിനുപയോഗിച്ച കമ്പ്യൂട്ടര്‍, പ്രിന്റര്‍, കള്ളനോട്ടുകള്‍ എന്നിവക്ക് പുറമെ കള്ള ആധാരങ്ങള്‍, ചെക്കുകള്‍, പ്രോ നോട്ടുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി നിയമവിരുദ്ധ രേഖകളും പിടികൂടിയിട്ടുണ്ട്.
ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് കള്ളനോട്ടടി യന്ത്രം സൂക്ഷിച്ചിരുന്നത്. നോട്ട് അച്ചടിക്കാനുള്ള മഷിയും പേപ്പറും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. രാഗേഷ് അനധികൃതമായി പണം പലിശക്ക് കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധനക്ക് എത്തിയത്. ദീര്‍ഘകാലമായി ഇവിടെ കള്ളനോട്ടടിക്കുന്നതായാണ് വിവരം. ഇയാള്‍ക്കു പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായും സൂചനകളുണ്ട്. വ്യാജരേഖകള്‍ ചമച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം, കുറ്റക്കാരായ യുവമോര്‍ച്ച പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബി ജെ പി തൃശൂര്‍ ജില്ലാ നേതൃത്വം അറിയിച്ചു. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നയിച്ച യാത്രക്ക് മതിലകം സെന്ററില്‍ സ്വീകരണം നല്‍കിയത് ഏരാച്ചേരി രാഗേഷ് ആണെന്ന് തെളിയിക്കുന്ന പോസ്റ്ററുകളും മറ്റും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.