Connect with us

Malappuram

അപാകതകള്‍ക്ക് പരിഹാരമായില്ല; റേഷന്‍ കാര്‍ഡ് വിതരണം താളംതെറ്റുന്നു

Published

|

Last Updated

അരീക്കോട്: റേഷന്‍ കാര്‍ഡ് വിതരണം ജില്ലയില്‍ താളം തെറ്റുന്നു. ഒരു മാസമായി ജില്ലയിലെ ഏറനാട്, തിരൂരങ്ങാടി, തിരൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, നിലമ്പൂര്‍ താലൂക്കുകളിലായി കാര്‍ഡ് വിതരണം തുടങ്ങിയിട്ട്. വിതരണം ചെയ്ത സ്ഥലങ്ങളിലെല്ലാം ന്യൂനതകള്‍ ഏറെയാണ്.

രണ്ടര വര്‍ഷം മുമ്പ് കാര്‍ഡ് ഉടമകള്‍ തങ്ങളുടെ അപേക്ഷയില്‍ ശരിയായ രൂപത്തില്‍ പൂരിപ്പിച്ച് നല്‍കിയിട്ടും നിറയെ തെറ്റുകളുമായാണ് ഉടമകള്‍ക്ക് കാര്‍ഡ് ലഭിക്കുന്നത്.
ബി പി എല്‍, എ പി എല്‍ തരംതിരുവിലും ഏറെ താളപിഴയുണ്ട്. അര്‍ഹര്‍ പുറം തള്ളപെട്ടപ്പോള്‍ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ട്.
2016 ഒക്‌ടോബറില്‍ എ പി എല്‍, ബി പി എല്‍ പട്ടികയുടെ കരട് ലിസ്റ്റ് പുറത്തിറക്കിയിരുന്നു. അക്ഷേപങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പരിശോധനക്കായി മൂന്നംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു.
താലൂക്ക് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന സംഘം അപേക്ഷ പരിശോധിച്ച് പുതിയ ലിസ്റ്റ് തയ്യാറാക്കിയപ്പോഴും താളപിഴയോടെയാണ് കാര്‍ഡുകള്‍ ലഭിച്ച് തുടങ്ങുന്നത്.
കൂടാതെ കാര്‍ഡ് ഉടമകളില്‍ നിന്നും വിവിധ സമയത്തായി പല രേഖകളും സിവില്‍ സപ്ലൈസ് വകുപ്പ് ആവശ്യപെട്ടിട്ടും ഇത്രമാത്രം അപാകത എങ്ങനെ ഉണ്ടായി എന്നാണ് കാര്‍ഡ് ഉടമകളുടെ ചോദ്യം. നേരാവണ്ണം അപേക്ഷ നല്‍കിയിട്ടും പേര്, വീട്ട് പേര്, സ്ഥലം എന്നിവയെല്ലാം തെറ്റിയിട്ടുണ്ട്.

സ്വകാര്യ കമ്പനിക്കായിരുന്നു കാര്‍ഡിന്റെ ഡി ടി പി ജോലി നല്‍കിയിരുന്നത്. ഇതാണ് ഇത്ര മാത്രം തെറ്റ് കടന്ന് കൂടാന്‍ കാരണം. സിവില്‍ സപ്ലൈസ് വകുപ്പ് പ്രത്യേക സോഫ്റ്റ് വെയര്‍ ഉണ്ടാക്കി അപേക്ഷകന്‍ നേരിട്ട് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കണമെന്ന നിര്‍ദേശമായിരുന്നുവെങ്കില്‍ ഇത്ര മാത്രം തെറ്റുകള്‍ ഉണ്ടാകുമായിരുന്നില്ല.