Connect with us

Ongoing News

ഇന്ത്യ-വെസ്റ്റന്‍ഡീസ് പര്യടനത്തിലെ ആദ്യ ഏകദിനം ഇന്ന്‌

Published

|

Last Updated

പോര്‍ട് ഓഫ് സ്‌പെയിന്‍: അനില്‍ കുംബ്ലെയെ പരിശീലകസ്ഥാനത്ത് നിന്ന് പുകച്ച് ചാടിച്ച വിരാട് കോഹ് ലിക്ക് ഇന്ന് മുതല്‍ സമ്മര്‍ദ പരമ്പര ! വെസ്റ്റിന്‍ഡീസിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് ഇന്ന് പോര്‍ട് ഓഫ് സ്‌പെയ്‌നില്‍ തുടക്കമാകും.
ഒരു വര്‍ഷം മുമ്പ് അനില്‍ കുംബ്ലെ ഇന്ത്യന്‍ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് കരീബിയന്‍ മണ്ണില്‍ വെച്ചാണ്. യാദൃച്ഛികമാകാം ഒരു വര്‍ഷത്തിന് ശേഷം കുംബ്ലെയില്ലാതെ ടീം ഇന്ത്യ പരമ്പരക്ക് തയ്യാറെടുക്കുന്നു. പുതിയ പരിശീലകനെ ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പായിട്ട് ബി സി സി ഐ പ്രഖ്യാപിക്കും.

ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിന്ന് പിന്‍വലിക്കാന്‍ ക്രിക്കറ്റ് ഉപദേശക സമിതി നിര്‍ബന്ധിതമായത്. അതുകൊണ്ടു തന്നെ വിന്‍ഡീസില്‍ നിന്ന് വിരാടിന് മടങ്ങേണ്ടത് വിജയ പരമ്പരയുമായിട്ടാകണം. അല്ലാത്ത പക്ഷം വിരാടിന്റെ ക്യാപ്റ്റന്‍ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടേക്കും. ഏകദിന പരമ്പരക്ക് പുറമെ ഒരു ടി20 മത്സരവും ഇന്ത്യ ഇവിടെ കളിക്കും.
ജാസന്‍ ഹോള്‍ഡര്‍ നയിക്കുന്ന വിന്‍ഡീസ് ടീമിന് പരിചയ സമ്പത്ത് കുറവാണ്.

പതിമൂന്ന് താരങ്ങള്‍ കൂടി ആകെ 213 അന്താരാഷ്ട്ര മത്സരങ്ങളാണ് കളിച്ചത്. ഇന്ത്യന്‍ നിരയിലേക്ക് നോക്കൂ. യുവരാജ് സിംഗ് (301), ധോണി (291), വിരാട് (184) ഈ മൂന്ന് പേര്‍ കൂടി 776 മത്സരങ്ങള്‍ കളിച്ച് കഴിഞ്ഞു. അതുകൊണ്ടു തന്നെ പരിചയ സമ്പന്നതയുടെ കാര്യത്തില്‍ ഇരുടീമുകളുംതമ്മില്‍ അജഗജാന്തരമുണ്ട്.
ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വിയുടെ ആഘാതത്തിലാണ് ഇന്ത്യന്‍ ടീം. അതിന് പുറമെ ടീമിലെ പ്രധാന കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കുകയും ചെയ്തു. രോഹിത് ശര്‍മ, ജസ്പ്രീത് ബുംമ്‌റ എന്നിവര്‍ വിന്‍ഡീസിലേക്ക് വന്നിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു മത്സരത്തിലും അവസരം ലഭിക്കാതെ പോയ പേസര്‍ മുഹമ്മദ് ഷമി പ്ലെയിംഗ് ഇലവനില്‍ തിരിച്ചെത്തും. 2015 ലോകകപ്പ് സെമിഫൈനലിന് ശേഷം ഷമി ഏകദിന മത്സരം കളിച്ചിട്ടില്ല. പരുക്കിന്റെ പരമ്പര തന്നെയായിരുന്നു ഷമിയെ കാത്തിരുന്നത്. ശസ്ത്രക്രിയയും മറ്റുമായി കാലം പോയി. ഏതാനും ടെസ്റ്റ് മാച്ചുകള്‍ കളിച്ചിരുന്നു. രോഹിത് പരുക്കേറ്റ് പുറത്തായതോടെ രഹാനെയെ ടോപ് ഓര്‍ഡറിലേക്ക് വിരാട് കൊണ്ടു വരും.
സമീപകാലത്ത് ഫോം നഷ്ടമായ രഹാനെക്ക് ഇതൊരു അവസരമാണ്. രഞ്ജിയില്‍ ഡല്‍ഹിയുടെ സ്‌കോറിംഗ് മെഷീന്‍ റിഷാഭ് പന്ത് അവസരം കാത്തിരിക്കുന്നു. ഫസ്റ്റ് പവര്‍പ്ലേയില്‍ പരമാവധി റണ്‍സടിച്ച് കൂട്ടാന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായ റിഷാഭിന് സാധിക്കും. വിന്‍ഡീസില്‍ നിന്ന് ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്ന താരോദയമാകും റിഷാഭെന്ന് രാഹുല്‍ ദ്രാവിഡ് പ്രവചിക്കുന്നു.
വിക്കറ്റ് കീപ്പര്‍ കൂടിയായ റിഷാഭിനെ ധോണിയുടെ പിന്‍ഗാമിയായിട്ടാണ് സെലക്ടര്‍മാര്‍ കാണുന്നത്. ചൈനമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും പ്രതീക്ഷ നല്‍കുന്ന താരമാണ്.

ഇന്ത്യ സ്‌ക്വാഡ്: വിരാട് കോഹ് ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, യുവരാജ് സിംഗ്, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, കെദാര്‍ ജാദവ്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, റിഷാഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, ഉമേഷ് യാദവ്.

വെസ്റ്റിന്‍ഡീസ് സ്‌ക്വാഡ് : ജാസന്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ജൊനാഥന്‍ കാര്‍ട്ടര്‍, മിഗ്വേല്‍ കുമിന്‍സ്, അല്‍സാരി ജോസഫ്, ജാസന്‍ മുഹമ്മദ്, കീരന്‍ പവല്‍, കെസ്‌റിക് വില്യംസ്, ദേവേന്ദ്ര ബിഷൂ, റോസ്റ്റന്‍ ചേസ്, ഷായ് ഹോപ് (വിക്കറ്റ് കീപ്പര്‍), എവിന്‍ ലൂയിസ്, ആഷ്‌ലി നഴ്‌സ്, റോവ്മാന്‍ പവല്‍.

Latest