ഇനി പോസ്റ്റോഫീസ് വഴി ആധാറിലെ തെറ്റുതിരുത്താം

Posted on: June 23, 2017 9:23 am | Last updated: June 23, 2017 at 10:25 am

കണ്ണൂര്‍: ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ സംസ്ഥാനത്തെ 1250 പോസ്റ്റോഫീസുകളില്‍ അടുത്ത മാസം പത്ത് മുതല്‍ പ്രത്യേക സംവിധാനം ഒരുങ്ങുന്നു. രാജ്യത്തെ 25000 പോസ്റ്റോഫീസുകളിലാണ് സ്ഥിരം സംവിധാനമെന്ന നിലയില്‍ ആധാറിലെ തെറ്റ് തിരുത്താനുള്ള സംവിധാനം തയ്യാറാക്കുന്നത്. സിംഗിള്‍ ഹാന്‍ഡഡ്

പോസ്റ്റോഫീസുകള്‍(ജീവനക്കാര്‍ കുറവുള്ള) ഒഴികെയുള്ള എല്ലാ തപാലാപ്പീസുകളിലും ഇതിനുള്ള ഒരുക്കങ്ങള്‍ അടുത്ത ദിവസം തന്നെ പൂര്‍ത്തിയാകും. സംസ്ഥാനത്തെ ആറ് പോസ്റ്റാഫീസുകളില്‍ പുതിയ ആധാര്‍ കാര്‍ഡ് എടുക്കുന്നതിനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജനറല്‍ പോസ്റ്റോഫീസ്,കൊല്ലം,കോട്ടയം,എറണാകുളം,തൃശ്ശൂര്‍,കാസര്‍കോഡ് ഹെഡ്‌പോസ്റ്റാഫീസുകളിലാണ് ഇതിനായുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
ഇവിടങ്ങളിലെ ആധാര്‍ ചേര്‍ക്കല്‍ നടപടിയും ജൂലൈ പത്തിന് തന്നെ തുടങ്ങും. ആധാര്‍ കാര്‍ഡിലെ വിലാസം, ഫോണ്‍ നമ്പര്‍, തുടങ്ങിയ ഏത് വിവരങ്ങളും കൂട്ടിച്ചേര്‍ക്കാനും തെറ്റ് തിരുത്താനുമുള്ള സൗകര്യങ്ങളാണ് മറ്റ് പോസ്റ്റാഫീസുകളിലെ അപ്‌ഡേഷന്‍ സെന്ററുകളിലുണ്ടാകുക. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഇതിനായി പോസ്റ്റോഫീസുകളില്‍ സജ്ജീകരിക്കും. അപേക്ഷകന്‍ നിര്‍ദിഷ്ട ഫോറത്തില്‍ കാര്യങ്ങള്‍ പൂരിപ്പിച്ച് നല്‍കിയാല്‍ എളുപ്പം തെറ്റുതിരുത്തല്‍ പ്രക്രിയ പൂര്‍ത്തിയാകും. ഒരു സൂപ്പര്‍വൈസര്‍, ഓപ്പറേറ്റര്‍ എന്നിവരാണ് ഇതിനായി

പോസ്റ്റാഫീസിലുണ്ടാകുക.തിരഞ്ഞെുക്കപ്പെട്ടവര്‍ക്കുള്ള പരിശീലനം അവസാനഘട്ടത്തിലാണ്. 2500ല്‍ പരം പേര്‍ക്കാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ പരിശീലനം നല്‍കുന്നത്. പരിശീലനത്തിന് ശേഷം ഇവര്‍ക്ക് ഓണ്‍ലൈനായി യോഗ്യതാ പരീക്ഷയും നടത്തും. ജൂലൈ അഞ്ചിനകം പരീക്ഷ പൂര്‍ത്തിയാകും. തെറ്റ് തിരുത്തലിനായി 25 രൂപ പോസ്റ്റോഫീസില്‍ നല്‍കണം. ഒന്നര ലക്ഷത്തോളം രൂപ ആധാര്‍ എടുക്കാനും തെറ്റുതിരുത്താനുമുള്ള സംവിധാനങ്ങള്‍ പോസ്റ്റ്ഓഫീസുകളില്‍ സജ്ജീകരിക്കുന്നതിനും വേണ്ടി വരുമെന്ന് കണക്കാക്കിയിട്ടുള്ളത്.