മാഞ്ചസ്റ്ററില്‍ മുസ്‌ലിംവിരുദ്ധ ആക്രമണം അഞ്ചിരട്ടി വര്‍ധിച്ചു

Posted on: June 23, 2017 12:59 am | Last updated: June 23, 2017 at 12:42 am

മാഞ്ചസ്റ്റര്‍ സിറ്റി: ഇസില്‍ തീവ്രവാദി ആക്രമണം നടന്ന ബ്രിട്ടീഷ് നഗരമായ മാഞ്ചസ്റ്ററില്‍ മുസ്‌ലിംകള്‍ക്കെതിരായ വംശീയ ആക്രമണങ്ങള്‍ കുത്തനെ വര്‍ധിച്ചു. തീവ്രവാദി ആക്രമണത്തിന് പിന്നാലെ മുസ്‌ലിംകള്‍ക്ക് നേരെയുണ്ടാകുന്ന വംശഹത്യാ ആക്രമണങ്ങളില്‍ 500 ശതമാനത്തിന്റെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു.

മാഞ്ചസ്റ്റര്‍ പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. സല്‍മാന്‍ അബേദിയെന്ന ഇസില്‍ തീവ്രവാദി ആക്രമണം നടത്തിയ മെയ് 22നും ജൂണ്‍ 19നും ഇടക്ക് 224 മുസിലിംവിരുദ്ധ ആക്രമണങ്ങള്‍ മാഞ്ചസ്റ്ററില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ കാലയളവിലെ ആക്രമണം കേവലം 37 ആയിരുന്നു. 505.40 ശതമാനത്തിന്റെ വര്‍ധനയാണിത്.
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറുകയും തെരേസ മെയ് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുകയും ചെയ്തതിന് പിന്നാലെ പശ്ചാത്യ രാജ്യങ്ങളില്‍ വ്യാപകമായ മുസ്‌ലിംവിരുദ്ധ ആക്രമണങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. മുസ്‌ലിം കള്‍ക്കും വേഷധാരികള്‍ക്കും നേരെ ആക്രമണം നടത്തുക, സമൂഹത്തിനിടയിലും സ്ഥാപനത്തിലും അവരെ ഒറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുക, സ്ത്രീകളുടെ ഹിജാബും ശിരോവസ്ത്രവും വലിച്ചുകീറുക എന്നിങ്ങനെയുള്ള ആക്രമണമാണ് അരങ്ങേറാറുള്ളത്.
വലതുപക്ഷ തീവ്രവാദികളാണ് ഇത്തരം ആക്രമണങ്ങളും അവഹേളനങ്ങളും നടത്താറുള്ളത്. കഴിഞ്ഞയാഴ്ച ലണ്ടനിലെ മുസ്‌ലിം പള്ളിക്ക് നേരെയുണ്ടായ വാഹനം ഇടിച്ചുകയറ്റിയുള്ള തീവ്രവാദി ആക്രമണവും ഈ ഗണത്തില്‍പ്പെടുന്നതാണ്.