289 ലോ ഫ്‌ളോര്‍ ബസുകള്‍ കട്ടപ്പുറത്ത്; കെ യു ആര്‍ ടി സിയും പ്രതിസന്ധിയില്‍

Posted on: June 22, 2017 10:44 am | Last updated: June 22, 2017 at 10:44 am

തിരുവനന്തപുരം: കെ യു ആര്‍ ടി സിയുടെ സാമ്പത്തിക ബാധ്യത ഇരട്ടിയാക്കി ലോ ഫ്‌ളോര്‍ ബസുകള്‍ കട്ടപ്പുറത്ത്. എ സി, നോണ്‍ എ സി ഉള്‍പ്പടെ 289 ലോ ഫ്‌ളോര്‍ ബസുകളാണ് നിരത്തിലിറങ്ങാതെ കട്ടപ്പുറത്തായിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് പണമില്ലാത്തതിനാല്‍ ഗ്യാരേജുകളിലുള്ളത് 199 ലോഫ്‌ളോര്‍ ബസുകളാണ്. ഇതില്‍ 69 എണ്ണം എ സി ബസുകളാണ്.

ആകെയുള്ള 679 ലോ ഫ്‌ളോര്‍ ബസുകളില്‍ തിങ്കളാഴ്ച 390 എണ്ണമാണ് ഓടിയത്. തിരുവനന്തപുരം ജില്ലയില്‍ 41 എ സി ബസുകളില്‍ 13 എണ്ണവും 162 നോണ്‍ എ സി ബസുകളില്‍ 81 എണ്ണവുമാണ് നിരത്തിലിറങ്ങിയത്. എറണാകുളം ജില്ലയില്‍ 172 എണ്ണത്തില്‍ 100 എണ്ണമേ നിരത്തില്‍ ഇറങ്ങിയുള്ളൂ. കെ യു ആര്‍ ടി സിയുടെ ആസ്ഥാനമായ തേവരയില്‍ 14 ബസ്സുകള്‍ കട്ടപ്പുറത്താണ്. പത്തനംതിട്ടയില്‍ ആറും കൊല്ലത്ത് ഏഴും കോട്ടയത്ത് എട്ടും ബസ്സുകള്‍ തകരാറിലാണ്. കോഴിക്കോട് ഡിപ്പോയില്‍ 20 ബസ്സുകളില്‍ 11 എണ്ണം മാത്രമാണ് ഓടുന്നത്.
ലോഫ്‌ളോര്‍ ബസുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ബസുകളുടെ ഭാഗങ്ങള്‍ നല്‍കേണ്ടത് വോള്‍വോ കമ്പനിയാണ്. ഇത് വാങ്ങിയ ഇനത്തില്‍ വോള്‍വോക്ക് നല്‍കേണ്ട മൂന്ന് കോടിയിലധികം രൂപ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ ബസിന്റെ ഭാഗങ്ങള്‍ നല്‍കുന്നത് കമ്പനി നിര്‍ത്തി. ആകെയുള്ള 199 ബസുകള്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയതോടെ കെ യു ആര്‍ ടി സിയുടെ പ്രതിദിന നഷ്ടം 12 ലക്ഷം രൂപയാണ്.
വലിയ നഷ്ടമാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ കെ യു ആര്‍ ടി സിക്ക് ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ മാസത്തിലെ കണക്കനുസരിച്ച് ആകെയുള്ള 679 ബസ്സുകളില്‍ 131 എ സി ബസുകളും 240 നോണ്‍ എ സി ബസുകളുമാണ് കെ യു ആര്‍ ടി സി പ്രവര്‍ത്തിപ്പിച്ചത്. എ സി സര്‍വീസുകളില്‍നിന്ന് 18,494 രൂപയും, നോണ്‍ എസി ബസുകളില്‍നിന്ന് 9,237 രൂപയും ശരാശരി വരുമാനം ലഭിച്ചു. സാങ്കേതിക കാരണങ്ങളാല്‍ പ്രതിദിനം 45 എ സി ബസുകളും 115 നോണ്‍ എസി ബസുകളും സര്‍വീസ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. വരുമാനത്തിലെ കുറവ് 8,59,494 രൂപയായിരുന്നു. ഇതാണിപ്പോള്‍ വര്‍ധിച്ച് 12 ലക്ഷം രൂപയായത്.
ലോഫ്‌ളോര്‍ ബസുകളും എസി ബസുകളും അറ്റകുറ്റപ്പണി ചെയ്യുന്നതിനുള്ള സംവിധാനം കെ യു ആര്‍ ടി സിക്കുണ്ടെന്നും എ സി ബസുകളിലെ ഭാഗങ്ങള്‍ ലഭിക്കാനാണ് ബുദ്ധിമുട്ടെന്നും കെ യു ആര്‍ ടി സി അധികൃതര്‍ വ്യക്തമാക്കുന്നു. 50 എ സി ബസ്സുകള്‍ക്ക് ഭാഗങ്ങള്‍ വാങ്ങാനുള്ള പണം ഇന്നലെ അനുവദിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ പണം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ യു ആര്‍ ടി സി അധികൃതര്‍ പറഞ്ഞു. ഒരു ലക്ഷം രൂപ വരെയാണ് ഒരു ലോഫ്‌ളോര്‍ ബസിന് അറ്റകുറ്റപ്പണിക്ക് വേണ്ടത്. മൈലേജ് ആകെ മൂന്നോ നാലോ കിലോമീറ്ററേ ലഭിക്കുന്നുള്ളൂ. മഴക്കാലമെത്തിയതോടെ എ സി ബസ്സുകളില്‍ യാത്രക്കാര്‍ കുറഞ്ഞു.

അതുകൊണ്ടുതന്നെ വലിയ തുക ചെലവഴിച്ച് ബസ് നിരത്തിലിറക്കിയിട്ടും കാര്യമില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ വായ്പയെടുത്ത് അറ്റകുറ്റപ്പണി നടത്തേണ്ടെന്നാണ് തീരുമാനം. നഗര ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരം 2008ലാണ് സംസ്ഥാനത്തിന് ലോഫ്‌ളോര്‍ എ സി ബസുകള്‍ അനുവദിച്ചത്. 2014ലാണ് ഈ ബസുകളുടെ പ്രവര്‍ത്തനത്തിനായി കെ യു ആര്‍ ടി സി രൂപവത്കരിച്ചത്.