സത്യത്തില്‍ എന്താണീ മതേതര യോഗ? മുഖ്യമന്ത്രി ചപ്പടാച്ചി പറയരുതെന്ന് കെ സുരേന്ദ്രന്‍

Posted on: June 21, 2017 5:13 pm | Last updated: June 21, 2017 at 5:13 pm
SHARE

തിരുവനന്തപുരം: യോഗ ഒരു ശാസ്ത്രമാണെന്നും ഭാരതീയ ആചാര്യന്‍മാര്‍ ചിട്ടപ്പെടുത്തിയതുകൊണ്ട് അത് ഇന്ത്യക്കാര്‍ക്കു മാത്രമുള്ളതോ ഹിന്ദുക്കള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നോ ആരെങ്കിലും എവിടെയെങ്കിലും ഇതുവരെ പറഞ്ഞിട്ടുണ്ടോയെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

യോഗയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അതിന് അനുവദിച്ചു കൂടെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ലോകം മെറ്റാ ഫിസിക്‌സിന്റെ യുഗത്തിലാണ് എത്തി നില്‍ക്കുന്നതെന്നും ഇത്തരം സന്ദര്‍ഭങ്ങളിലെങ്കിലും വെറുതെ ചപ്പടാച്ചി പറയരുതെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….

സത്യത്തില്‍ എന്താണീ മതേതര യോഗ? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇവിടെ മതേതര കളരിപ്പയററുണ്ടോ? മതേതര കരാട്ടെയുണ്ടോ മതേതര റെയ്കിയുണ്ടോ മതേതര ആയുര്‍വേദമുണ്ടോ മതേതര സിദ്ധയുണ്ടോ? എന്തിനാണ് ഇതിനെയൊക്കെ മതേതരം മതമൗലികം എന്നൊക്കെ തരം തിരിക്കുന്നത്? യോഗ ഒരു ശാസ്ത്രമാണ്. ഭാരതീയ ആചാര്യന്‍മാര്‍ ചിട്ടപ്പെടുത്തിയതുകൊണ്ട് അത് ഇന്ത്യക്കാര്‍ക്കു മാത്രമുള്ളതോ ഹിന്ദുക്കള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നോ ആരെങ്കിലും എവിടെയെങ്കിലും ഇതുവരെ പറഞ്ഞിട്ടുണ്ടോ? ലോകം ഇന്നനുഭവിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ ശാസ്ത്രസത്യങ്ങളില്‍ പലതും പതിനായിരക്കണക്കിനു വര്‍ഷം മുന്‍പ് ഭാരതം സംഭാവന ചെയ്തതാണ്. അതിനര്‍ത്ഥം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് നമുക്കൊന്നും ലഭിച്ചില്ലെന്നല്ല. ശാസ്ത്രത്തിന് ജാതിയോ മതമോ മററതിര്‍ വരന്‍പുകളോ ഇല്ല. ലോകം ഇപ്പോഴാണ് ഇത്ര പ്രാധാന്യത്തോടെ യോഗ അംഗീകരിക്കാന്‍ തുടങ്ങിയത്. അതിന് അന്താരാഷ്ട്ര യോഗദിനാചരണം നിമിത്തമായി എന്നത് ശരിയാണ്. ഭാരതത്തില്‍ ഉടലെടുത്തതിനെല്ലാം ഭാരതീയമായ രീതികളുണ്ടാവുന്നത് സ്വാഭാവികം മാത്രം. ഇതുകൊണ്ടാണ് ചില സംസ്‌കൃത ശ്‌ളോകങ്ങളൊക്കെ ചൊല്ലുന്നത്. എന്നാല്‍ ആ ശ്‌ളോകങ്ങളൊക്കെ മുഴുവന്‍ മനുഷ്യനേയും ഉദ്ദേശിച്ചുള്ളതാണ്. ഇതിലൊന്നും ഇത്ര ദുരഭിമാനം കാണിക്കേണ്ട ആവശ്യമില്ല. വേണ്ടിടത്തേ മതേതരത്വം പറയുന്നതില്‍ കാര്യമുള്ളൂ. യോഗയും ആയുര്‍വേദവും കഥകളിയും കര്‍ണ്ണാടകസംഗീതവുമൊക്കെ ശീലമാക്കുന്നവര്‍ ചൊല്ലുന്ന ശ്‌ളോകങ്ങളും പാട്ടുകളുമൊക്കെ ആരെങ്കിലും വേറൊരു കണ്ണോടെ കാണാറുണ്ടോ? മതേതര നിലപാട് വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഭരണനിര്‍വഹണത്തിലുമാണ് പുലര്‍ത്തേണ്ടത്. ഇങ്ങനെ പോയാല്‍ നാളെ മതേതര തക്കാളി മതേതര വെണ്ടക്ക എന്നൊക്കെ പറയേണ്ടി വരില്ലേ? പിണറായി വിജയനോട് ബഹുമാനത്തോടെ പറയട്ടെ ലോകം മെററാ ഫിസിക്‌സിന്റെ യുഗത്തിലാണ് എത്തി നില്‍ക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളിലെങ്കിലും വെറുതെ ചപ്പടാച്ചി പറയരുത്.

 

LEAVE A REPLY

Please enter your comment!
Please enter your name here