പരിശീലക സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെ രാജിവെച്ചു

Posted on: June 20, 2017 7:52 pm | Last updated: June 21, 2017 at 10:16 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെ രാജിവെച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ള കളിക്കാരുമായി പോര് മുറുകിയതോടെയാണ് പരിശീലക സ്ഥാനത്തുനിന്ന് അനില്‍ കുംബ്ലെ രാജിവച്ചത്. കുംബ്ലെ ഇല്ലാതെയാണു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് വെസ്റ്റ് ഇന്‍ഡീസിലേക്ക് യാത്ര തിരിച്ചത്. ഐസിസി വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ കുംബ്ലെ വെസ്റ്റ് ഇന്‍ഡീസിലേക്കു പോകുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അതിനുശേഷമാണു രാജിക്കാര്യത്തില്‍ തീരുമാനമെടുത്തത്.

തിങ്കളാഴ്ച ആരംഭിക്കുന്ന ഐസിസി വാര്‍ഷിക സമ്മേളനം ജൂണ്‍ 23 വരെ തുടരും. ജൂണ്‍ 23നാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പര്യടനം തുടങ്ങുന്നതും. കോഹ്‌ലി കുംബ്ലെ തര്‍ക്കം മൂര്‍ച്ചിച്ചതാണു ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു കാരണമെന്നു കരുതുന്നു. അതേസമയം, പ്രശ്‌നങ്ങള്‍ക്കു താല്‍ക്കാലിക പരിഹാരമായതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. കുംബ്ലെയുമായും കളിക്കാരുമായും പ്രത്യേകം ചര്‍ച്ചനടത്തിയ ബിസിസിഐ ഉപദേശകസമിതിയുടെ ഇടപെടല്‍ ഫലപ്രദമായെന്നായിരുന്നു റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് അനില്‍ കുംബ്ലെ ടീമിനൊപ്പം ചൊവ്വാഴ്ച പുറപ്പെടുമെന്നും സൂചനയുണ്ടായിരുന്നു. വിന്‍ഡീസ് പര്യടനം വരെ കുംബ്ലെ തുടരണമെന്ന നിര്‍ദേശം ബിസിസിഐ ഇടക്കാല ഭരണസമിതിയും നല്‍കിയിരുന്നു.

ചാംപ്യന്‍സ് ട്രോഫി തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും കോച്ച് ക്യാപ്റ്റന്‍ തമ്മിലടി തലപൊക്കിയിരുന്നു. പൊരുത്തപ്പെട്ടുപോകാന്‍ കഴിയില്ലെന്നു കോഹ്!ലിയും, കളിക്കാര്‍ക്കു താല്‍പര്യമില്ലെങ്കില്‍ തുടരില്ലെന്നു കുംബ്ലെയും വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണു ബിസിസിഐ ഉപദേശകസമിതി ഇടപെട്ടത്. അനില്‍ കുംബ്ലെയ്ക്ക് എതിരെ ശക്തമായ അഭിപ്രായ പ്രകടനങ്ങളുമായാണു ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി രംഗത്തെത്തിയത്. ഇതാണു രാജിയിലേക്കു നയിച്ചത്.

ലണ്ടനില്‍നിന്നു നേരിട്ടു വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം പരിശീലകനായി കുംബ്ലെ വരുന്നതിനെ അംഗീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു കോഹ്‌ലിയുടെ നിലപാട്. ഇന്ത്യന്‍ ടീമിനു പുതിയ പരിശീലകരെ ക്ഷണിച്ചതിനൊപ്പവും കുംബ്ലെയുടെ അപേക്ഷ സ്വീകരിച്ചിരുന്നു. പരിശീലക സ്ഥാനത്തു മികച്ച നേട്ടങ്ങളുള്ള കുംബ്ലെയെത്തന്നെ ചുമതല വീണ്ടുമേല്‍പിച്ചേക്കാമെന്ന സൂചനയുള്ളതിനാലാണു കോഹ്‌ലി ഉടക്കിയത്. അതിനിടെ, അണ്ടര്‍–19 പരിശീലകസ്ഥാനത്തു രാഹുല്‍ ദ്രാവിഡിനു രണ്ടുവര്‍ഷത്തേക്കുകൂടി കരാര്‍ നീട്ടിനല്‍കുമെന്നു ബിസിസിഐ അറിയിച്ചു. എന്നാല്‍, പരിശീലകനായിനിന്നുകൊണ്ട്, ഐപിഎല്‍ ടീമിന്റെ ഉപദേശകസ്ഥാനത്തു തുടരാന്‍ ദ്രാവിഡിന് അനുവാദമുണ്ടാകില്ല