Connect with us

Gulf

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് ആര്‍ ടി എ റമസാന്‍ മജ്‌ലിസ്

Published

|

Last Updated

ആര്‍ ടി എ കസ്റ്റമര്‍ കൗണ്‍സില്‍ ദുബൈയില്‍ സംഘടിപ്പിച്ച റമസാന്‍ മജ്‌ലിസ്

ദുബൈ: ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ അതോറിറ്റി (ആര്‍ ടി എ) കസ്റ്റമര്‍ കൗണ്‍സില്‍ റമസാന്‍ മജ്‌ലിസ് സംഘടിപ്പിച്ചു. ആര്‍ ടി എ എക്‌സിക്യുട്ടീവുകളും വിവിധ വിഭാഗങ്ങളിലെയും ആര്‍ ടി എക്ക് കീഴിലെ ഏജന്‍സികളുടെ മേധാവികളും സംബന്ധിച്ചു.

പൊതുഗതാഗത സംവിധാനങ്ങളുടെ വികസനം, അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എന്നിവയെ കുറിച്ച് എക്‌സിക്യുട്ടീവ് ബോര്‍ഡ് ഡയറക്ടര്‍ മുഹമ്മദ് ഉബൈദ് അല്‍ മുഅല്ല സംസാരിച്ചു.
9,000 കോടി ദിര്‍ഹമിലധികം തുകയാണ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ദുബൈ ഗവണ്‍മെന്റ് ചെലവഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 4,000 കോടി ദിര്‍ഹമും പൊതുഗതാഗത ശൃംഖലകളുടെ അഭിവൃദ്ധിക്കായാണ് ചെലവാക്കിയത്.
13 ലക്ഷം ജനങ്ങളാണ് ദുബൈയില്‍ ദിനേന പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. സുരക്ഷയും സന്തോഷകരവുമായ യാത്ര പ്രദാനം ചെയ്യുന്നതിന് നൂതന സാങ്കേതിക വിദ്യകളാണ് ആര്‍ ടി എ ഉപഭോക്താക്കള്‍ക്കായി സംവിധാനിച്ചിരിക്കുന്നത്.
ദുബൈ 2020 വേള്‍ഡ് എക്‌സ്‌പോയോടനുബന്ധിച്ച് നിര്‍മിക്കുന്ന റൂട്ട് 2020യുടെ നിര്‍മാണ പുരോഗതിയും മജ്‌ലിസില്‍ വിലയിരുത്തി. റൂട്ട് യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്താകെ വന്‍ വികസനം കൈവരിക്കുമെന്ന് മജ്‌ലിസ് അഭിപ്രായപ്പെട്ടു. പുതിയ താമസ-വാണിജ്യ സമുച്ചയങ്ങള്‍ വരും. ഇത് എമിറേറ്റിന്റെ സാമ്പത്തിക മേഖലക്ക് നേട്ടമാകും.
ആര്‍ ടി എയുടെ വിവിധ സേവനങ്ങളെ കുറിച്ചുള്ള ദൃശ്യാവതരണത്തിന് കസ്റ്റമര്‍ സര്‍വീസ് ഡെപ്യൂട്ടി ഡയറക്ഡര്‍ അബ്ദുല്ല ബു ശിഹാബും നിലവില്‍ നടക്കുന്ന ആര്‍ ടി എ പദ്ധതികളെ കുറിച്ചുള്ള ദൃശ്യാവതരണത്തിന് റോഡ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഹമദ് അല്‍ ഷുഹിയും നേതൃത്വം നല്‍കി.

Latest