യു എ ഇ കടുത്ത വേനല്‍ ചൂടില്‍ പൊള്ളുന്നു

Posted on: June 19, 2017 7:15 pm | Last updated: June 19, 2017 at 6:37 pm
SHARE

ദുബൈ: യു എ ഇ കടുത്ത വേനല്‍ ചൂടില്‍ പൊള്ളുന്നു. അബുദാബി ലിവക്കടുത്തു മസീറയില്‍ 51 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി, കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് വന്നു. ഞായര്‍ മിക്ക സ്ഥലത്തും 34 മുതല്‍ 37 വരെ ഡിഗ്രി ആയിരുന്നു. എന്നാല്‍ ചില സ്ഥലങ്ങളില്‍ 50 ഡിഗ്രിയിലെത്തി. തീര ദേശങ്ങളില്‍ ഉഷ്ണസാന്ദ്രത 95 ശതമാനമായി. ഉള്‍ ഭാഗങ്ങളില്‍ 90 ശതമാനവും.

നാളെ വരെ കടുത്ത ചൂട് അനുഭവപ്പെടുമെന്നു കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തീരദേശങ്ങളില്‍ 49 ഡിഗ്രി വരെ എത്തും. ചൂടിനൊപ്പം പൊടിക്കാറ്റ് വീശുന്നത് തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ദുരിതമായിട്ടുണ്ട്. പുലര്‍ച്ചകളില്‍ കനത്ത പുകമഞ്ഞു വാഹനമോടിക്കുന്നവര്‍ക്ക് പ്രശ്‌നമാണ്. മിക്ക സ്ഥാപനങ്ങളും തുറസായ സ്ഥലങ്ങളില്‍ ഉച്ച സമയത്തു തൊഴിലാളികള്‍ക്കു വിശ്രമം നല്‍കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് പകല്‍നേരങ്ങളിലെ താപനില 45 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ അനുഭവപ്പെട്ടിരുന്നു. മിക്ക എമിറേറ്റുകളിലും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.
രാജ്യത്ത് ഞായറാഴ്ച ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടതു റക്‌നയിലാണ്, 22.5 ഡിഗ്രി സെല്‍ഷ്യസ്. ചൂടും പൊടിക്കാറ്റും അസുഖങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു. ഗള്‍ഫില്‍ വേനല്‍ച്ചൂട് അനുദിനം വര്‍ധിക്കുന്നതനുസരിച്ച് അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിച്ചതായ റിപ്പോര്‍ട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

നഗരസഭാ ശുചീകരണ തൊഴിലാളികള്‍, ചപ്പുചവറുകളും മാലിന്യങ്ങളും ശേഖരിക്കുന്നവര്‍, ഡെലിവറി ബോയിമാര്‍, റോഡ് നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവയില്‍ വ്യാപൃതരാകുന്നവര്‍, റസ്റ്റോറന്റുകളിലെ അടുക്കള ജോലിക്കാര്‍ തുടങ്ങിയവര്‍ക്കാണു ചൂടുകാലം ദുരിതം വിതക്കുന്നത്.
സൂര്യാതപം ഏറ്റ വ്യക്തിയെ എത്രയും പെട്ടെന്ന് തുറസായ സ്ഥലത്തേക്കോ തണുപ്പുള്ള മുറിയിലേക്കോ മാറ്റി പ്രാഥമിക ശുശ്രൂഷ നല്‍കണം. വസ്ത്രങ്ങള്‍ മാറ്റിയശേഷം തണുത്ത വെള്ളത്തില്‍ കഴുകുകയോ കുളിപ്പിക്കുകയോ ആവാം. അതിനോടൊപ്പം തണുത്ത കാറ്റ് കൊള്ളിക്കുകയും വേണം. കഴുത്തിലും കക്ഷത്തും ഇടുപ്പിലും ഐസ് പാക്ക് വെക്കുന്നതുവഴി ചൂട് എളുപ്പത്തില്‍ കുറക്കാന്‍ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here