Connect with us

Kerala

പഞ്ചായത്ത് അംഗം പോലുമല്ലാത്ത ആള്‍ പ്രധാനമന്ത്രിക്കൊപ്പം ഇടിച്ചുകയറിയത് വന്‍ സുരക്ഷാ വീഴ്ച: മന്ത്രി കടകംപള്ളി

Published

|

Last Updated

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനത്തിന്റെ നാടമുറിക്കല്‍ ചടങ്ങിലും ഉദ്ഘാടന യാത്രയിലും കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
നാട മുറിക്കല്‍ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയില്‍ ഇല്ലാത്ത ഒരാള്‍ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണ്. എസ്പിജി അത് പരിശോധിക്കേണ്ടതാണ്. സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാന്‍ ഇ.ശ്രീധരനെയുമടക്കം വേദിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്ത് അംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂര്‍ണമായും ഔദ്യോഗികമായ പരിപാടിയില്‍ ഇടിച്ചു കയറാന്‍ അനുവദിച്ചത്. പ്രതിപക്ഷ നേതാവിനെ പോലും അനുവദിക്കാത്ത യാത്രയിലാണ് ഇതെന്ന് ഓര്‍ക്കണമെന്നും കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇ.ശ്രീധരന്‍, ഗവര്‍ണര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അനുവദിക്കാത്തതും, ഈ കടന്നുകയറലും ചേര്‍ത്ത് കാണണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്ഥലം എം എല്‍എ തോമസിനെ ഉള്‍പ്പെടുത്താനും തയ്യാറായില്ല.ഔചിത്യമര്യാദ ഇല്ലായ്മ മാത്രമല്ല ഇത്. സുരക്ഷാവീഴ്ച്ചയായി തന്നെ കണക്കാക്കണം. ഇതാദ്യമായല്ല പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുന്നത്. അന്നൊന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഞാന്‍ പങ്കെടുത്ത മറ്റൊരു വേദിയിലും ഇതേ വ്യക്തി യാതൊരു കാര്യവുമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു.