സ്വപ്‌നം ട്രാക്കിലേറി; കൊച്ചി മെട്രോ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

Posted on: June 17, 2017 12:05 pm | Last updated: June 17, 2017 at 8:21 pm

കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി സ്വിച്ച് അമര്‍ത്തി ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, കെഎംആര്‍ എല്‍ ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പ്രകാശനം ചെയ്തു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ സാധ്യതാ പഠനം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യമെന്നോ സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ വികസനം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത പ്രസംഗത്തില്‍ കെഎംആര്‍എല്‍. എംഡി ഇ ശ്രീധരന്റെ പേര് പറഞ്ഞപ്പോള്‍ സദസ്സില്‍ നിറഞ്ഞ കൈയടിയുയര്‍ന്നു.

രാവിലെ 10.30നാണ് പ്രധാനമന്ത്രി കൊച്ചി നേവല്‍ ബേസില്‍ വിമാനമിറങ്ങിയത്. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, എംപിമാരായ കെവി തോമസ്, സുരേഷ് ഗോപി, കൊച്ചി മേയര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. പതിനൊന്ന് മണിയോടെ പാലാരിവട്ടം മെട്രോ സ്‌റ്റേഷന്‍ പ്രധാനമന്ത്രി നാട മുറിച്ച് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെ അദ്ദേഹം മെട്രോയില്‍ യാത്ര ചെയ്തു. ഗവര്‍ണര്‍ പി സദാശിവം, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

ആലുവ മുതല്‍ പേട്ട വരെ 25 കിലോമീറ്റര്‍ ദൂരമാണ് സമ്പൂര്‍ണ മെട്രോ പദ്ധതി. ഇതിന്റെ ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് മെട്രോ യാത്ര നിര്‍മാണം പൂര്‍ത്തിയായ ദൂരം.