Connect with us

Editorial

കൊച്ചി മെട്രോ

Published

|

Last Updated

കൊച്ചി മെട്രോ ഇന്ന് ഓടിത്തുടങ്ങുകയാണ്. കേരളത്തിന്റെ വികസനക്കുതിപ്പില്‍ പുതിയ ഊര്‍ജമാകുന്ന ചുവടുവെപ്പാണ് മെട്രോ റെയില്‍. കേരളത്തിലെ വ്യവസായ നഗരമായ കൊച്ചിയുടെ സാമൂഹിക ജീവിതത്തില്‍ തന്നെ അതിവേഗ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കെല്‍പ്പുള്ള പദ്ധതി, വികസനത്തെ നഗരത്തിനു പുറത്തേക്കു കൂടി വ്യാപിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കൊച്ചിയുടെ ഗതാഗതക്കുരുക്കു പരിഹരിച്ചുകൊണ്ട് പൊതു ഗതാഗതം സുഗമമാക്കുന്നതോടൊപ്പം ഒരു പുതിയ ഗതാഗത സംസ്‌കാരം കൂടിയാണ് മെട്രോ മുന്നോട്ടുവെക്കുന്നത്. പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മെട്രോ വന്‍കിട പദ്ധതികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കാനുള്ള വലിയ ആത്മവിശ്വാസമാണ് കേരളത്തിന് നല്‍കുന്നത്. പൊതു സ്വകാര്യ പങ്കാളിത്തമെന്ന കേന്ദ്ര നിര്‍ദേശത്തെ മറികടന്നാണ് മെട്രോ സമ്പൂര്‍ണമായി പൊതു ഉടമസ്ഥതയിലേക്ക് കുതിച്ചത്. വലിയ പഴികളില്ലാതെ പദ്ധതി വിജയതീരത്തെത്തിച്ചതിന് കെ എം ആര്‍ എല്ലിനും ഡി എം ആര്‍സിക്കും ഒരു പോലെ അഭിമാനിക്കാം.

പരിസ്ഥിതി മലിനീകരണവും ഇന്ധന ഉപയോഗവും കുറക്കുന്നതോടൊപ്പം നഗര ജീവിതത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുകയാണ് മെട്രോ. ഇതുവഴി രാജ്യത്തെ ഏറ്റവും വേഗത്തില്‍ മെട്രോ നഗര സ്വഭാവം കൈവരിക്കുന്ന നഗരങ്ങളുടെ കൂട്ടത്തിലേക്ക് കൊച്ചി വളരെ പെട്ടെന്ന് തന്നെ പറിച്ചു നടപ്പെടും. രാജ്യത്തെ ഒമ്പതാമത്തെതാണെങ്കിലും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ദൂരം നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന റെക്കോര്‍ഡില്‍ കൊച്ചി രാജ്യത്ത് ഒന്നാം സ്ഥാനത്താണ്.

നിലവില്‍ പൊതുയാത്രാ സംവിധാനങ്ങളും സ്വകാര്യ വാഹനങ്ങളും ഒരുമിച്ചു കൊച്ചിയെ ഗതാഗത കുരുക്കിലേക്കും, വായു ശബ്ദ മലിനീകരണത്തിലേക്കും തള്ളിവിടുകയാണ്. പരിസ്ഥിതി സംരക്ഷണത്തിന് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യ ആധുനിക റാപിഡ് ട്രാന്‍സിറ്റ് സംവിധാനമുള്ള മെട്രോ ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് ഓടുക. പദ്ധതി പൂര്‍ണമാകുമ്പോള്‍ ആലുവ മുതല്‍ പേട്ട വരെ 25 കിലോമീറ്റര്‍ ദൂരം മെട്രോയാത്ര സാധ്യമാകും. നിലവില്‍ ആലുവയില്‍ നിന്ന് പേട്ട വരെയെത്താന്‍ രണ്ടു മണിക്കൂറോളം വേണം. എന്നാല്‍ യാത്ര മെട്രോ വഴിയാണെങ്കില്‍ 40 മിനുട്ടേ എടുക്കൂ. ഈ സമയലാഭം തന്നെ കൊച്ചിയുടെ ഭാവിക്ക് ഏറെ ഗുണം ചെയ്യും. അതേസമയം നഗരത്തെക്കുറിച്ച് ആശങ്കപ്പെടുന്ന നാം ഗ്രാമത്തിന് വേണ്ടി എന്ത് നീക്കിവെച്ചു എന്നതും ആലോചിക്കേണ്ട സമയമാണിത്.

2012 സെപ്തംബര്‍ 13ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശിലപാകി ഏറെ കടമ്പകള്‍ തരണം ചെയ്ത് 2013 ജൂണ്‍ ഏഴിന് ചങ്ങമ്പുഴ പാര്‍ക്കിന് സമീപത്തെ പൈലിംഗോടെ ഔദ്യോഗിക നിര്‍മാണം ആരംഭിച്ചു. 2016 സെപ്തംബര്‍ 24ന് മുട്ടം-പാലാരിവട്ടം ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് 2017 മെയ് എട്ടിന് യാത്രക്കാരെ കയറ്റി സര്‍വീസ് നടത്താനുള്ള അന്തിമ വിജയത്തില്‍ എത്തിയത്.

ഇതുവരെ കാര്യങ്ങള്‍ വളരെ ശുഭകരമാണെങ്കിലും 5,537.25 കോടി രൂപ മുതല്‍ മുടക്കുള്ള ഒരു പദ്ധതിയുടെ തുടര്‍ ഗമനത്തെ കുറിച്ച് കൂടി ഈ ഘട്ടത്തില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. മുതല്‍മുടക്കിന്റ മൂന്നില്‍ രണ്ടുഭാഗവും വായ്പയെടുത്തുകൊണ്ടുള്ള വന്‍കിട പദ്ധതിയെന്ന നിലയില്‍ കൊച്ചി മെട്രോയുടെ തുടര്‍ന്നുള്ള നടത്തിപ്പും വരുമാനവും ചെലവുമെല്ലാം എങ്ങനെയായിരിക്കുമെന്ന് ഗൗരവപൂര്‍വം ആലോചനക്ക് വിധേയമാക്കണം. കാരണം സംസ്ഥാന വളര്‍ച്ചക്ക് വന്‍തോതില്‍ സഹായകമാകുമെന്ന പ്രചാരണത്തോടെ കോടികള്‍ ചെലവഴിച്ച് ആരംഭിച്ച വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നിലവിലെ അവസ്ഥ നമുക്ക് മുന്നിലുണ്ട്. എന്തൊെക്ക ന്യായീകരണങ്ങളുണ്ടായാലും നാടിന്റെ ഭാവിക്കും വികസനത്തിനും വിത്തുപാകുന്ന ഒരു പദ്ധതിയും താരതമ്യേന വരുമാനം കുറഞ്ഞ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ബാധ്യതയാകരുതെന്ന യാഥാര്‍ഥ്യത്തെ മുന്‍കൂട്ടി കാണണം. കേരളത്തേക്കാള്‍ ജനബാഹുല്യവും തിരക്കുമുള്ള ഡല്‍ഹി മെട്രോ പോലും 15 വര്‍ഷത്തിനിപ്പുറവും ലാഭത്തിലേക്കെത്തിയിട്ടില്ലെന്ന യാഥാര്‍ഥ്യത്തിന് നേരെ കണ്ണടക്കരുത്. ഡല്‍ഹിയെ അപേക്ഷിച്ച് താരതമ്യേന തിരക്ക് കുറവുള്ള കൊച്ചിയില്‍ മെട്രോയുടെ ആദ്യഘട്ടത്തിന് മുടക്കിയ 5,537.25 കോടി എന്ന് തിരിച്ചുപിടിക്കാനാകും. വായ്പയുടെ പലിശയും മെട്രോയുടെ പരിപാലന ചെലവുമെല്ലാം പരിഗണിക്കുമ്പോള്‍ പദ്ധതി സംസ്ഥാനത്തിന് ബാധ്യതയാകാനുള്ള സാധ്യത മുന്‍കൂട്ടി കാണണം. എന്നാലേ പദ്ധതിക്ക് ഫലവും തുടര്‍ച്ചയുമുണ്ടാകൂവെന്ന് മനസ്സിലാക്കണം. അടിസ്ഥാന സൗകര്യങ്ങളെല്ലാമുണ്ടായിട്ടും പദ്ധതിയുടെ ആകെ ശേഷിയുടെ 10 ശതമാനത്തില്‍ താഴെയാണ് ഇപ്പോള്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍സില്‍ നടക്കുന്നത്. ഇത് പ്രതിവര്‍ഷം ഭീമമായ നഷ്ടമാണ് വരുത്തിവെക്കുന്നത്. വന്‍ നഷ്ടം വരുത്തിെവക്കുന്ന ഒരു പദ്ധതിക്കും കേന്ദ്രവും വായ്പാ ഏജന്‍സികളും തുടര്‍ന്ന് ഫണ്ട് ചെയ്യുകയില്ലെന്ന യാഥാര്‍ഥ്യമുള്‍ക്കൊണ്ട് വേണം മെട്രോയുടെ ഭാവിയെ കുറിച്ച് സ്വപ്‌നം കാണാന്‍. ഇതിന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടര്‍മിനല്‍ നമുക്ക് പാഠമാകട്ടെ.