വിഭവങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ അതിഥികള്‍

Posted on: June 17, 2017 6:40 am | Last updated: June 16, 2017 at 11:02 pm
SHARE

നട്ടുച്ച സമയം. പകലോന്‍ തീ തുപ്പുകയാണ്. പുറത്തെ താപത്തെക്കാള്‍ വയറിനകത്ത് വിശപ്പിന്റെ തീ ആളിക്കത്തുന്നുണ്ടായിരുന്നു. ഇരിക്കാനും കിടക്കാനും വയ്യ. സിദ്ദീഖ് (റ)വീട് വിട്ടിറങ്ങി. എങ്ങോട്ടെന്നില്ലാതെ നടന്നപ്പോള്‍, അതാ ഒരാള്‍രൂപം. അടുത്തെത്തിയപ്പോള്‍ മനസ്സിലായി, ഉറ്റ സുഹൃത്ത് ഉമര്‍(റ) ആണ്. എങ്ങോട്ടാ ഇ നട്ടുച്ചനേരം? രണ്ടുപേരുടെയും ചോദ്യമൊന്നായിരുന്നു. ‘വിശപ്പ് അസഹ്യമായപ്പോള്‍ വീട് വിട്ടിറങ്ങിയതാണ്’. ഒരേ മറുപടി തന്നെയായിരുന്നു രണ്ട് പേര്‍ക്കും.
അവര്‍ മുന്നോട്ട് നടന്നു. മദീനാ മസ്ജിദിന് സമീപം ഒരാളെ കാണുന്നു. അവര്‍ അടുത്തേക്ക് നീങ്ങി. അത് മറ്റാരുമായിരുന്നില്ല. തിരുദൂതര്‍ മുത്ത് റസൂല്‍(സ). വിശപ്പിന്റെ കടന്നാക്രമണം തന്നെയാണ് തിരുനബിയെയും ഈ അസമയത്ത് വെളിയിലിറക്കിയതെന്നറിഞ്ഞ് കൂട്ടുകാര്‍ ഏറെ ദുഃഖിച്ചു.

നബി(സ) രണ്ട് പേരെയും കൂട്ടി അബൂ അയ്യൂബുല്‍ അന്‍സാരിയുടെ വീട്ടിലേക്ക് നടന്നു. മസ്ജിദുന്നബവി നിര്‍മിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു നബിയുടെ താമസവും ഭക്ഷണവും. പിന്നീട് മസ്ജിദിനോട് ചേര്‍ന്ന് ഒരു റൂം നിര്‍മിച്ച് നബി(സ) താമസം അവിടേക്ക് മാറ്റുകയായിരുന്നു. എങ്കിലും എന്തെങ്കിലും ഒരു ഭക്ഷണം അബൂഅയ്യൂബ്(റ)ന്റെ ഭാര്യ നബി(സ)ക്ക് വേണ്ടി കരുതി വെക്കുമായിരുന്നു.
അസമയത്തുള്ള വരവ് കണ്ട് അബൂ അയ്യൂബ്(റ) ഈന്തപ്പനത്തോട്ടത്തിലേക്ക് ഓടി. അല്‍പം പാകമായ കാരക്ക, ഈന്തപ്പന, പിന്നെ പഴുക്കാറായതും പറിച്ച് ഒരു തളികയില്‍ വെച്ച് അതിഥികള്‍ക്ക് കൊടുത്തു. നബി(സ) പറഞ്ഞു: ”കാരക്ക മാത്രം മതിയായിരുന്നു. എന്തിന് പാകമാകാത്തത് പറിച്ചത്?” ആതിഥേയന്‍ പറഞ്ഞു: അവ മൂന്നു തരവും നിങ്ങള്‍ കഴിക്കണമെന്ന ആഗ്രഹം കൊണ്ട് തന്നെയാണ്. ഇനി ഞാനൊരുത്തനെ കൂടി അറുക്കാനുദ്ദേശിക്കന്നു. അതുവരെ നിങ്ങള്‍ ഇതു കഴിച്ചിരിക്കുക. അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ)യുടെ ഭാര്യക്കായിരുന്നു ഏറെ സന്തോഷം. ഭൂമിയില്‍ ലഭിക്കാവുന്ന ഏറ്റവും പ്രഗത്ഭരായ അതിഥികളെയാണ് ഇന്ന് ലഭിച്ചിരിക്കുന്നത്. അവര്‍ സന്തോഷത്തോടെ പത്തിരിയുണ്ടാക്കാനൊരുങ്ങി. അതേസമയം, വീട്ടുകാരന്‍ ആടിനെ അറുക്കാനിറങ്ങിയപ്പോള്‍ മുത്ത് നബി(സ)പറഞ്ഞു: ‘കറവയുള്ളതിനെ ഒഴിവാക്കണേ.’

അല്‍പസമയം കൊണ്ട്, ആടിന്റെ പകുതി കറിയാക്കി. പകുതി ചുട്ടെടുത്തു. അങ്ങനെ പത്തിരിയും വിഭവങ്ങളും അതിഥികളുടെ മുന്നില്‍ കൊണ്ട് വെച്ച് ഗ്രഹനാഥന്‍ പറഞ്ഞു, കഴിക്കുക സസന്തോഷം. ഭക്ഷണത്തളികക്ക് ചുറ്റും ഇരുന്നു അതിഥികള്‍ നബി(സ) തുടങ്ങാന്‍ കാത്തുനിന്നു. നബി(സ) ഒരല്‍പ സമയം ആലോചിച്ചു നിന്നു. കൂട്ടുകാര്‍ ആ മുഖത്തേക്ക് നോക്കി, അവിടുത്തെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഉടനെ രണ്ട് പത്തിരിയും ഒരു കഷണം മാംസവുമെടുത്ത് അബൂഅയ്യൂബി(റ)ന് നീട്ടിക്കൊണ്ട് നബി(സ) പറഞ്ഞു. ഇത് എന്റെ മകള്‍ ഫാത്വിമക്ക് കൊണ്ടുകൊടുക്ക്. അവള്‍ ഇതുപോലൊരു ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി.

ദീനിന്റെ സംരക്ഷണത്തിന് വേണ്ടി നാടും വീടും സ്വത്തുവകകളും വിട്ടെറിഞ്ഞ് മദീനയില്‍ അഭയം തേടിയവര്‍ അന്ന് സഹിച്ച യാതനകളുടെ ഒരു ചെറിയ ചിത്രമാണിത്. അതിഥികള്‍ വിശപ്പ് മാറുവോളം ഭക്ഷണം കഴിച്ചു. അവര്‍ അല്ലാഹുവിനെ സ്തുതിച്ചു.
നബി(സ) വീണ്ടും ചിന്തയിലാണ്ടു. മുഖം ചുവന്നുവരുന്നുണ്ട്. കണ്ണുകള്‍ നിറഞ്ഞു. അവിടുന്ന് പറയാന്‍ തുടങ്ങി എന്തൊക്കെയാണ് നാം കഴിച്ചത്, ഈത്തപ്പഴം, കാരക്ക, പിന്നെ ചെനച്ച ഈത്തപ്പഴം, പത്തിരി, മാംസക്കറി…. എന്നെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം. ഈ അനുഗ്രഹങ്ങള്‍ തീര്‍ച്ചയായും നാളെ ചോദ്യം ചെയ്യപ്പെടും. തീന്‍മേശയില്‍ നിരത്തിവെച്ച വിഭവങ്ങളുടെ എണ്ണമെത്രയാണെന്നോ ഏതൊക്കെ തരമാണെന്നോ തിട്ടപ്പെടുത്താനാകാത്ത വിധം വിഭവസമൃദ്ധമാണിന്ന് നമ്മുടെ നോമ്പ് തുറകളും സല്‍ക്കാരങ്ങളും. ഇവയൊക്കെ തൊട്ടുനോക്കിയും രുചി നോക്കിയും കടിച്ചിട്ടും കഴിച്ച പാത്രത്തില്‍ ബാക്കി വെച്ചും നാം എഴുന്നേറ്റു പോകുമ്പോള്‍, ഒരു റൊട്ടിക്കു വേണ്ടി ഒരു കൈല്‍ കഞ്ഞിക്കുവേണ്ടി അഭയാര്‍ഥി ക്യാമ്പുകളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലുമൊക്കെ കഴിയുന്ന മനുഷ്യരെ നമുക്കൊക്കെ ഓര്‍മ വരണം.
ഇന്നലെകള്‍ നമ്മെ പോലെ ആര്‍ഭാട ജീവിതം നയിച്ചവരായിരുന്നു അവരില്‍ പലരും. നാളെ ഇതേ ഗതി നമുക്കും വരാതിരിക്കുമെന്ന് ഒരു ഗ്യാരണ്ടിയുമില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ആസ്വദിക്കുമ്പോള്‍, അതിന് ശുക്‌റ് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കാനും നാം തയ്യാറാകണം.

LEAVE A REPLY

Please enter your comment!
Please enter your name here