Connect with us

Articles

കര്‍ഷകരെ വെടിവെച്ചു കൊല്ലുന്ന നാട്

Published

|

Last Updated

കര്‍ഷകരുടെ ചോരയും അമ്മമാരുടെ കണ്ണീരും ചേര്‍ത്ത് ഹിന്ദു രാഷ്ട്രം നിര്‍മിക്കാനുള്ള വിധ്വംസക നീക്കങ്ങള്‍ക്കാണ് ഇപ്പോള്‍ രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മധ്യപ്രദേശില്‍ സമരം ചെയ്ത കര്‍ഷകരെ വെടിവെച്ചുകൊല്ലുകയാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്തത്. കര്‍ഷക സമരം നടന്ന മദ്‌സോറില്‍ പോലീസ് നരനായാട്ട് നടത്തുകയായിരുന്നു. ഏഴ് കര്‍ഷകരാണ് വെടിവെപ്പില്‍ മരണമടഞ്ഞത്. മദ്‌സോറിലെ ഫണ്ടാകാലഗ്രാമത്തെ ശത്രുരാജ്യത്തെ കൈകാര്യം ചെയ്യുന്നതുപോലെയാണ് ശിവരാജ്‌സിംഗ് ചൗഹാന്റെ പോലീസ് അടിച്ചമര്‍ത്തിയത്. ഗ്രാമീണരെ മുഴുവന്‍ വേട്ടയാടുകയായിരുന്നു.

കാര്‍ഷികകടം എഴുതിത്തള്ളണമെന്നും കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച തടയാന്‍ താങ്ങുവില ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മധ്യപ്രദേശിലെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. കര്‍ഷകസമരത്തോട് അങ്ങേയറ്റം നിഷേധാത്മകമായ സമീപനമാണ് ശിവരാജ് ചൗഹാന്റെ സര്‍ക്കാര്‍ സ്വീകരിച്ചത്. ഈയൊരു സാഹചര്യത്തിലാണ് സമരം പലയിടങ്ങളിലും അക്രമാസക്തമായത്. മദ്‌സോറില്‍ കര്‍ഷകര്‍ പോലീസ് ഔട്ട്‌പോസ്റ്റിലേക്ക് തള്ളിക്കയറിയത്. നിരായുധരായ കര്‍ഷകര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു ചൗഹാന്‍ സര്‍ക്കാര്‍. തുടര്‍ന്ന് മദ്‌സോറിലും പരിസരപ്രദേശങ്ങളിലും ഭീകരത അഴിച്ചുവിടുകയായിരുന്നു. ജീവിക്കാന്‍ വേണ്ടി സമരം ചെയ്ത കര്‍ഷകരെ ശത്രുസേനയെ കൈകാര്യം ചെയ്യുന്നതുപോലെ ഗ്രാമങ്ങള്‍തോറും വേട്ടയാടുകയായിരുന്നു.
മദ്‌സോറിലെ ഫണ്ടാകാല ഗ്രാമത്തിലെ കമലാഭായ്മാവഡെ എന്ന 80 വയസ്സുള്ള വൃദ്ധയെ വളഞ്ഞിട്ട് പോലീസ് മര്‍ദിക്കുകയായിരുന്നു. കമലാഭായിയുടെ 83 വയസ്സുള്ള ഭര്‍ത്താവും പേരക്കുട്ടികളും ഉള്‍പ്പെടെ ഏഴുപേരെയാണ് പോലീസ് വീട്ടില്‍ കയറി വലിച്ചിറക്കികൊണ്ടുപോയത്. സമരം ചെയ്യുന്ന കര്‍ഷകരെ ഒളിപ്പിക്കുകയാണ് കമലാഭായ് എന്നാരോപിച്ചാണ് വീട്ടില്‍ കയറി അവരെ വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന് വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. 80 വയസ്സുള്ള ഒരമ്മയെ മധ്യപ്രദേശ് പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എല്ലാ ദേശീയ മാധ്യമങ്ങളും ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നു. പശുവിനെ മാതാവാക്കുന്നവരാണ് ഒരമ്മയെ നിര്‍ദയം പോലീസിനെ കയറൂരിവിട്ട് തല്ലിച്ചതച്ചത്. ലാത്തിയടികൊണ്ട് ആ അമ്മ പുളയുകയായിരുന്നു. തനിക്കുണ്ടായ ക്രൂരമായ അനുഭവങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ അവര്‍ ചെന്നപ്പോള്‍ അവരെ കാണാന്‍ വിസമ്മതിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

മദ്‌സോറിലെ കര്‍ഷകസമരത്തിനു നേരെ നടന്ന പോലീസ് നരനായാട്ട് അനേ്വഷിക്കാനെത്തിയ ദേശീയ നേതാക്കളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അങ്ങോട്ട് കടക്കാനനുവദിക്കാതെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അവരുമായി ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ തയ്യാറാകാതെ കര്‍ഷകര്‍ അക്രമം കാണിക്കുകയാണ് എന്നാരോപിക്കുകയാണ് മുഖ്യമന്ത്രി. അതിലേറെ അപഹാസ്യമായത് മുഖ്യമന്ത്രിയുടെ നിരാഹാരമാണ്. സമരത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഭോപ്പാല്‍ ദസ്‌റ മൈതാനത്ത് സത്യാഗ്രഹമിരുന്ന മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കര്‍ഷക ആത്മഹത്യ ഭീതിതമായ തോതില്‍ വര്‍ധിക്കുകയാണ് ഉണ്ടായത്. 2014-ല്‍ കര്‍ഷക ആത്മഹത്യാനിരക്ക് 26 ശതമാനം ആയിരുന്നുവെങ്കില്‍ 2016 അവസാനമാകുമ്പോഴേക്കും 42 ശതമാനം ആയി ഉയര്‍ന്നു.

ബി ജെ പി സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും പ്രക്ഷോഭസമരങ്ങള്‍ അലയടിക്കുകയാണ്. ഹരിയാനയിലും രാജസ്ഥാനിലും കൃഷിക്കാര്‍ സമരമാരംഭിച്ചിരിക്കുകയാണ്. ദേശീയ പാതകള്‍ പിക്കറ്റ് ചെയ്തും തീവണ്ടികള്‍ തടഞ്ഞും പോലീസ് ഔട്ട്‌പോസ്റ്റുകള്‍ ഉപരോധിച്ചും കര്‍ഷകജനത സമരം ശക്തിപ്പെടുത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ കടക്കെണിയില്‍ പെട്ട് ആത്മഹത്യയിലേക്ക് എടുത്തു ചാടുന്ന കര്‍ഷകരുടെ എണ്ണം ഓരോ ദിവസം കഴിയുമ്പോഴും വര്‍ധിച്ചുവരികയാണ്. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള എല്ലാ ഉത്പന്നങ്ങളുടെയും വിലവര്‍ധിക്കുമ്പോള്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഉള്ളി കര്‍ഷകരും പരുത്തികര്‍ഷകരും കരിമ്പ് കര്‍ഷകരും നില്‍ക്കക്കള്ളിയില്ലാത്ത സ്ഥിതിയിലാണ്.

ഈയൊരു സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. കര്‍ഷക ആത്മഹത്യയുടെ പര്യായപദമായി മാറിയ വിദര്‍ഭ ഉള്‍പ്പെടെ മഹാരാഷ്ട്രയുടെ വിശാല ഭൂപ്രദേശങ്ങളില്‍ കര്‍ഷക പ്രതിഷേധം പ്രക്ഷുബ്ധമായ മാനങ്ങള്‍ കൈവരിക്കുകയുണ്ടായി. കൗതുകകരമായ കാര്യം എന്‍ ഡി എ ഘടകകക്ഷിയായ സ്വാഭിമാന്‍ ശേത്കാരി ഉള്‍പ്പെടെയുള്ള സംഘടനകളാണ് കര്‍ഷകപ്രക്ഷോഭത്തിന്റെ മുന്നില്‍ നിന്നത് എന്നതാണ്. കര്‍ഷകരുടെ കടം എഴുതിത്തള്ളണം എന്നതായിരുന്നു പ്രക്ഷോഭകര്‍ ഉയര്‍ത്തിയ പ്രധാനപ്പെട്ട മുദ്രാവാക്യം. എം എസ് സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷികോത്പന്നങ്ങള്‍ക്ക് അടിസ്ഥാനവില നല്‍കുക, 60 വയസ്സുകഴിഞ്ഞ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുക, ജലസേചന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ സമരരംഗത്തിറങ്ങിയത്. 11 ദിവസം നീണ്ടുനിന്ന സമരം സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ താത്ക്കാലികമായി പിന്‍വലിച്ചിരിക്കുകയാണ്.
വിത്ത്, വളം, വൈദ്യുതി എല്ലാ സബ്‌സിഡികളും വെട്ടിക്കുറക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. കാര്‍ഷികോത്്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചില്ല. ആഭ്യന്തരകാര്‍ഷികോത്പന്നങ്ങളുടെ വിലയിടിക്കുന്ന രീതിയില്‍ ഇറക്കുമതി ഉദാരവത്കരണനയം ത്വരിതഗതിയിലാക്കിയിരിക്കുകയാണ്. വരള്‍ച്ചയില്‍ നിന്നും കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഗവണ്‍മെന്റ് ഒഴിഞ്ഞുമാറുന്നതിനെ സുപ്രീം കോടതിപോലും വിമര്‍ശിക്കുകയുണ്ടായി. വിലത്തകര്‍ച്ചയും കടക്കെണിയും ഇന്ത്യന്‍ കര്‍ഷകനെ നില്‍ക്കക്കള്ളിയില്ലാത്ത സ്ഥിതിയിലാക്കിയിരിക്കുന്നു.

രാജ്യം സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കൃഷിയെ കോര്‍പറേറ്റ്‌വത്കരിച്ചും കന്നുകാലി സമ്പത്തുകൂടി കോര്‍പറേറ്റുകളുടെ കൈകളിലെത്തിക്കുന്ന നിരോധന ഉത്തരവുകള്‍ അടിച്ചേല്‍പ്പിച്ചും രാജ്യത്തിനകത്തും പുറത്തുമുള്ള വന്‍കിട കുത്തകകളെ സേവിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. കര്‍ഷകരുടെയും അമ്മമാരുടെയും ചോരയും കണ്ണീരും കൊണ്ട് ഹിന്ദുരാഷ്ട്രം നിര്‍മ്മിച്ചെടുക്കാനുള്ള വിധ്വംസകമായ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളെയും ദളിതരെയും സമരംചെയ്യുന്ന തൊഴിലാളിയെയും കൃഷിക്കാരനെയും വേട്ടയാടുന്ന ഫാസിസത്തിന്റെ കരാളദിനങ്ങളിലേക്കാണ് രാജ്യവും ജനങ്ങളും വലിച്ചിഴക്കപ്പെടുന്നത്.

---- facebook comment plugin here -----

Latest