പനിക്ക് തുടക്കം മുതല്‍ ചികിത്സ തേടണം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍

Posted on: June 16, 2017 11:27 pm | Last updated: June 17, 2017 at 9:30 am

തിരുവനന്തപുരം: ഏതുതരം പനി ആയാലും തുടക്കത്തില്‍ തന്നെ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍. ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം മരുന്നും വിശ്രമവും സ്വീകരിക്കുകയാണെങ്കില്‍ പനി ഗുരുതരമാകുന്നത് തടയാന്‍ കഴിയും.
വൃക്ക, ഹൃദയരോഗികളും, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ ഉള്ളവരും പനിയുള്ളപ്പോള്‍ പതിവായി കാണിക്കുന്ന ഡോക്ടര്‍മാരുടെ സേവനം തേടുകയോ ഇത്തരം വിവരങ്ങള്‍ അപ്പോള്‍ കണിക്കുന്ന ഡോക്ടറോട് പറയുകയും വേണം. സംസ്ഥാനത്ത് പ്രാഥമികാരോഗ്യ കേന്ദ്രം മുതലുള്ള എല്ലാ ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ പ്രവൃത്തിക്കുന്നുണ്ട്. ഈ സേവനം പ്രയോജനപ്പെടുത്തണം. പനിയുള്ളപ്പോള്‍ ധാരാളം പാനീയങ്ങള്‍ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം, തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇടക്കിടെ കുടിക്കുക.
പനി തീര്‍ത്തും ഭേദമായതിനുശേഷം മാത്രം സ്‌കൂള്‍ ഓഫീസ് എന്നിവിടങ്ങളില്‍ പോകുക. കൊതുക് ഉറവിട നശീകരണ പ്രവൃത്തനം ഓരോ പൗരന്റെയും കടമയാണ്. വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കിയാല്‍ ഡെങ്കിപ്പനി പോലുള്ള മാരക രോഗങ്ങളെ തടയാന്‍ കഴിയും.

ആഴ്ചയില്‍ ഒരു ദിവസം കൊതുക വളരാന്‍ സാധ്യതയുള്ള ഫ്രിഡ്ജിന്റെ ട്രേ, ടെറസ് സണ്‍ഷെയ്ഡ് എന്നിവിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. അതുപോലെ തന്നെ ചിരട്ട, മുട്ടത്തോട്, ടയര്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്നും കൊതുക് വളരുന്നില്ലെന്നും ഉറപ്പ് വരുത്തണം. റബ്ബര്‍ പ്ലാന്റേഷനുകളില്‍ ചിരട്ട ഉപയോഗത്തിന് ശേഷം കമഴ്ത്തിവെക്കുക തുടങ്ങിയ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളിലൂടെ ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ കഴിയും.
ഡെങ്കിപ്പനി പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തവും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, സന്നദ്ധ പ്രവൃത്തകര്‍ അങ്കണ്‍വാടി, ആശ എന്നിവരെ ഉള്‍പ്പെടുത്തി ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നതായി ഡയറക്ടര്‍ വ്യക്തമാക്കി. 3725 സ്ഥലങ്ങളില്‍ കൊതുകിന്റെ ഉറവിടനശീകരണ പ്രവൃത്തനങ്ങള്‍ നടത്തുകയും 350 വീടുകളില്‍ സ്‌പ്രേയിംഗും 13 സ്ഥലങ്ങളില്‍ ഫോഗിംഗും 2749 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ചെയ്തതായി ഡയറക്ടര്‍ അറിയിച്ചു.