മുംബൈ: സലഫീധാരയിലുള്ള പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ദക്ഷിണ മുംബൈയിലെ സ്‌കൂള്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തദ്ദേശഭരണകൂടം. സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് ബ്രിഹന്‍മുംബൈ കോര്‍പറേഷന്‍ ദക്ഷിണ മുംബൈ മേഖലാ വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ ബി ബി ചവാന്‍ പറഞ്ഞു.
2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ എന്‍ ഒ സിയില്ലാതെ സ്‌കൂള്‍ നടത്താന്‍ പാടില്ലെന്നാണ് ചട്ടമെന്നും ഇത് ഐ ഐ എസ് പാലിച്ചിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ സ്ഥാപനം തകര്‍ക്കാനാണ് കോര്‍പറേഷന്‍ അധികൃതര്‍ ശ്രമിക്കുന്നതെന്ന് ഈയിടെ സ്‌കൂള്‍ ഏറ്റെടുത്ത സമാജ്‌വാദി പാര്‍ട്ടി എം എല്‍ എ അബൂ ആസിം ആസ്മി പറഞ്ഞു.