Connect with us

International

പാക്കിസ്ഥാനുള്ള സഹായം യു എസ് പുനഃപരിശോധിക്കുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: പാക്കിസ്ഥാന് നല്‍കിവരുന്ന സഹായം അവലോകനം ചെയ്യുന്നതിന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം തുടക്കം കുറിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ അറിയിച്ചു. പാക്കിസ്ഥാനുമായി നിലവിലുള്ള സഹകരണത്തിന്റെ തലങ്ങളെ കുറിച്ചും അവര്‍ക്ക് ഇപ്പോള്‍ അനുവദിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പിന്തുണ സംബന്ധിച്ചും ട്രംപ് പ്രത്യേകമായി വിവരം തേടിയിട്ടുണ്ടെന്നും ടില്ലേഴ്‌സണ്‍ പറഞ്ഞു.

യു എസ് വിദേശകാര്യ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക ബജറ്റ് നിര്‍ദേശവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗത്തില്‍ ഒരു ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ടില്ലേഴ്‌സണ്‍. പാക്കിസ്ഥാന് അമേരിക്ക ഇപ്പോഴും സാമ്പത്തിക സഹായം നല്‍കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ് അംഗം ഡന റോഹ്‌റബഷറാണ് ചോദ്യം ഉന്നയിച്ചത്. ഉസാമ ബിന്‍ ലാദനെ പിടികൂടാന്‍ സഹായിച്ച ഡോ. അഫ്രീദി ഇപ്പോള്‍ പാക് തടവിലാണ്. അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ അല്ലെങ്കില്‍ ഐ എസ് ഐ ഇപ്പോഴും സഹായം ചെയ്യുന്ന കാര്യവും വ്യക്തമാണ്. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാന് തുടര്‍ന്നും സാമ്പത്തിക സഹായം അനുവദിക്കേണ്ട കാര്യമുണ്ടോ എന്നും റോഹ്‌റബഷര്‍ ചോദിച്ചു. ഇതിനുള്ള മറുപടിയിലാണ് ഇത് സംബന്ധിച്ച് ആഭ്യന്തര ഏജന്‍സി അവലോകനം ആരംഭിച്ച കാര്യം ടില്ലേഴ്‌സണ്‍ വ്യക്തമാക്കിയത്. പാക്കിസ്ഥാനുമായി അമേരിക്കക്കുള്ള സഹകരണം ചില അതിര്‍ത്തി പ്രശ്‌നങ്ങളുമായും ആഫ്ഗാനിലെ സുസ്ഥിരതയും സംബന്ധിച്ചുള്ളതാണെന്ന് വിശദീകരിച്ച ടില്ലേഴ്‌സണ്‍, ഇന്തോ- പെസഫിക് മേഖലയിലെ സമാധാന ശ്രമത്തെ കുറിച്ചും പരാമര്‍ശിച്ചു. പാക് സര്‍ക്കാറുമായുള്ള ബന്ധം അത്യന്തം സങ്കീര്‍ണമാണെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
പാക്കിസ്ഥാനിലെ ഐ എസ് ഐയുടെ ഇടപെടല്‍ കാരണം അഫ്ഗാന്‍ സമാധാന ശ്രമത്തില്‍ അമേരിക്കക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് റോഹ്‌റബഷര്‍ ചൂണ്ടിക്കാട്ടി. മേഖലയിലെ ഭീകരതയുടെ ഉറവിടം പാക്കിസ്ഥാനാണെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. അഫ്ഗാനിലേക്ക് കൂടുതല്‍ യു എസ് സൈനികരെ അയക്കുന്നതിന് ബദലായി മറ്റ് മാര്‍ഗങ്ങള്‍ അമേരിക്ക തേടേണ്ടതുണ്ടെന്നും റോഹ്‌റബഷര്‍ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന് അമേരിക്ക നല്‍കി വരുന്ന സാമ്പത്തിക സഹായം അഫ്ഗാനിലെ “മോശം കൈകളി”ലാണ് എത്തിപ്പെടുന്നത്. അത് അവര്‍ അമേരിക്കക്ക് എതിരായി തന്നെ ഉപയോഗിക്കുകയാണെന്നും മറ്റൊരു കോണ്‍ഗ്രസ് അംഗം ടെഡ് പോ ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട നയങ്ങളും ട്രംപ് സര്‍ക്കാര്‍ പുനരവലോകനം ചെയ്യുകയാണെന്ന് ടില്ലേഴ്‌സണ്‍ വ്യക്തമാക്കി. എന്നിരുന്നാലും അഫ്ഗാനെ തീവ്രവാദത്തിന്റെ കേന്ദ്രമാക്കി മാറ്റാന്‍ അനുവദിക്കാനാകില്ല. വരുന്ന ആഴ്ചകളില്‍ അവലോകന റിപ്പോര്‍ട്ട് ലഭിക്കുമെന്നും അതിന് ശേഷം അഫ്ഗാന്‍ വിഷയത്തില്‍ പുതിയ നയം പ്രസിഡന്റ് കൈക്കൊള്ളുമെന്നും ടില്ലേഴ്‌സണ്‍ പറഞ്ഞു.

Latest