Connect with us

Editorial

തിരുത്തപ്പെടേണ്ട കീഴ്‌വഴക്കങ്ങള്‍

Published

|

Last Updated

കൊച്ചി മെട്രോ ഉദ്ഘാടനം സംബന്ധിച്ചു പിന്നെയും വിവാദം. ഉദ്ഘാടന വേദിയില്‍ മെട്രോയുടെ മുഖ്യഉപദേശകന്‍ ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് സ്ഥാനം നിഷേധിച്ച കേന്ദ്ര നടപടിയാണ് വിവാദത്തിനാധാരം. ശ്രീധരന് പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ എം ആര്‍ എല്‍ ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എന്നിവരുള്‍പ്പെടെ ഉദ്ഘാടന വേദിയില്‍ ഇടം നല്‍കുന്നതിന് 13 പേരുടെ ലിസ്റ്റായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആദ്യം തയാറാക്കിയ പട്ടികയില്‍ പ്രധാനമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി, ഗവര്‍ണര്‍, മന്ത്രി തോമസ് ചാണ്ടി, കെ വി തോമസ് എം പി, മേയര്‍ സൗമിനി ജയന്‍ എന്നിവരുടെ പേരുകള്‍ മാത്രമാണുള്ളത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയില്‍ ഏഴ് പേര്‍ക്ക് മാത്രമേ ഇരിപ്പിടം അനുവദിക്കാറുള്ളൂവത്രെ. മറ്റുള്ളവരെ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ് പി ജിയുടെ നിര്‍ദേശാനുസാരമായിരുന്നു. സംസ്ഥാനസര്‍ക്കാര്‍ ഇടപെടുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതിനെ തുടര്‍ന്ന് ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും വേദിയില്‍ ഇടം നല്‍കാന്‍ പി എം ഒ തയ്യാറായിരിക്കുന്നു. നേരത്തെ പാലാരിവട്ടത്ത് നടത്താന്‍ തീരുമാനിച്ചിരുന്ന ചടങ്ങ് കലൂരിലേക്ക് മാറ്റിയതും പ്രധാനമന്ത്രിയുടെ സുരക്ഷയെ ചൊല്ലിയായിരുന്നു.

മെട്രോയുടെ ഉദ്ഘാടന തീയതിയുമായി ബന്ധപ്പെട്ട് നേരത്തെയും വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു മാര്‍ച്ച് 30ന് നടത്താനായിരുന്നു തീരുമാനം. ഇക്കാര്യം പ്രഖ്യാപിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അന്ന് പ്രധാനമന്ത്രിക്ക് സൗകര്യമില്ലെങ്കില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് പ്രഖ്യാപിച്ചതോടെ എതിര്‍പ്പുമായി ബി ജെ പി വന്നു. മെയ് 29 മുതല്‍ ജൂണ്‍ മൂന്ന് വരെ പ്രധാനമന്ത്രി വിദേശത്തായിരിക്കുമെന്നതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കാനാണ് 30ന് പരിപാടി തീരുമാനിച്ചതെന്നായിരുന്നു അവരുടെ വിമര്‍ശനം. കേന്ദ്ര സഹായത്തോടെ നിര്‍മിച്ച റെയിലിന്റെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രിയുടെ സൗകര്യം കണക്കിലെടുക്കാത്തത് എല്‍ ഡി എഫിന്റെ രാഷ്ട്രീയവിരോധമായും വ്യാഖ്യാനിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ സൗകര്യം മാനിച്ചേ പരിപാടി നടത്തുകയുള്ളൂവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെയാണ് ആ വിവാദം കെട്ടടങ്ങിയത്. യു ഡി എഫ് ഭരണക്കാലത്ത് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മെട്രോ റെയിലിന്റെ ഒരു ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചിരുന്നു. മുട്ടം യാര്‍ഡില്‍ നിന്നുള്ള മെട്രോ റെയിലിന്റെ ആദ്യവണ്ടിയുടെ ഫഌഗ്ഓഫാണ് അന്ന് ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചത്. റെയിലിന്റെ പണി പാതിമാത്രം പൂര്‍ത്തിയായ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ ചടങ്ങ് വിമര്‍ശനത്തിനും പരിഹാസത്തിനും വിധേയമായി.

കേന്ദ്രസഹായത്തോടെയുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെയോ കേന്ദ്ര മന്ത്രിമാരെയോ പങ്കെടുപ്പിക്കണമെന്നും സംസ്ഥാന പദ്ധതികളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ തന്നെ വേണമെന്നുമുള്ള നിലപാട് പലപ്പോഴും വിവാദങ്ങള്‍ക്കും ഉദ്ഘാടം നീളാനും ഇടയാക്കാറുണ്ട്. കേവലം രാഷ്ട്രീയ താത്പര്യം മാത്രം മുന്‍നിര്‍ത്തിയുള്ളതാണ് പരിപാടിക്ക് മന്ത്രിമാരോ രാഷ്ട്രീയ നേതൃത്വങ്ങളോ വേണമെന്നുള്ള പിടിവാശി. ജനങ്ങളുടെ നികുതിപ്പണം ഉപയോഗപ്പെടുത്തിയാണ് കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ ഏത് പദ്ധതിയും വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നത്. പണി പൂര്‍ത്തിയായാല്‍ ഉടനെ രാജ്യത്തിന് സമര്‍പ്പിക്കുകയും പ്രവര്‍ത്തനം തുടങ്ങുകയുമാണ് വേണ്ടത്. ബന്ധപ്പെട്ടവരുടെ സൗകര്യം കാത്ത് ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകുന്നത് നാടിനും ജനങ്ങള്‍ക്കും പ്രയാസവും നഷ്ടവും വരുത്തിവെക്കും. വിവിധ ധനകാര്യ ഏജന്‍സികളില്‍ നിന്ന് വായ്പയെടുത്താണ് മിക്ക സര്‍ക്കാര്‍ പദ്ധതികളും നടപ്പാക്കുന്നത്. അവ പ്രവര്‍ത്തനമാരംഭിച്ചിട്ടു വേണം വായ്പകള്‍ തിരിച്ചടക്കാന്‍. ഈ സാഹചര്യത്തില്‍ പണി പൂര്‍ത്തിയായാല്‍ തങ്ങളുടെ സൗകര്യവും അസൗകര്യവും പരിഗണിച്ചു ഉദ്ഘാടനം നീട്ടിക്കൊണ്ടു പോകാതെ, എത്രയും വേഗത്തില്‍ അത് തുറന്നു കൊടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് നാടിന്റെയും ജനങ്ങളുടെയും നന്മ ആഗ്രഹിക്കുന്ന ഭരണാധികാരികള്‍ ചെയ്യേണ്ടത്. കേന്ദ്ര സഹായത്തോടെ നിര്‍മിച്ച പദ്ധതികള്‍ പ്രധാനമന്ത്രിയില്ലാതെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദ്ഘാടനം ചെയ്തിട്ടുമുണ്ട്.

മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിക്ക് കൊച്ചിയില്‍ വന്ന് തിരിച്ചുപോകാന്‍ പൊതുഖജനാവില്‍ നിന്ന് വന്‍തുക ചെലവിടണം. ഇത്രയും തുക എന്തെങ്കിലും ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് ചെലവിട്ടാല്‍ അതല്ലേ കൂടുതല്‍ ഉചിതം.
പ്രധാനമന്ത്രിയുടെ സുരക്ഷാ പ്രശ്‌നമുന്നയിച്ചു പദ്ധതിക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയെയും പ്രതിപക്ഷ നേതാവിനെ പോലുള്ളവരെയും വേദിയില്‍ നിന്ന് തഴയാന്‍ ശ്രമിച്ചത് ശരിയായില്ല. വേദിയില്‍ രണ്ടോ മൂന്നോ ആളുകള്‍ കൂടിപ്പോയത് കൊണ്ട് സുരക്ഷക്ക് എന്ത് ഭീഷണിയാണുള്ളത്? സര്‍ക്കാര്‍ പദ്ധതി ഉദ്ഘാടനങ്ങളുമായി ബന്ധപ്പെട്ട് കക്ഷിരാഷ്ട്രീയ താത്പര്യത്തോടെ നടപ്പില്‍ വരുത്തിയ ഇത്തരം കീഴ്‌വഴക്കങ്ങള്‍ ഉപേക്ഷിക്കപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

---- facebook comment plugin here -----

Latest