മഴക്കാലത്തെ ഡ്രെെവിംഗ് മര്യാദകൾ; വാഹന പരിചരണവും

കാത്തുവെക്കാം, കരുതിയിരിക്കാം - പരമ്പര അവസാന ഭാഗം
Posted on: June 16, 2017 6:02 am | Last updated: June 19, 2017 at 8:07 pm
SHARE

കോരിച്ചൊരിയുന്ന മഴ വശ്യമായ അനുഭൂതിയാണ് സമ്മാനിക്കുന്നത്. തുള്ളിക്കൊരു കുടം കണക്കെ മഴ പെയ്യുമ്പോള്‍ അത് ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ഇങ്ങനെ ഒരു വശത്ത് മഴ മനസ്സിന് കുളിര് പകരുമ്പോള്‍ മറുവശത്ത് ചില അപകടങ്ങളും പതിയിരിക്കുന്നുണ്ട്. പ്രത്യേകിച്ചും റോഡുകളില്‍. മഴക്കാലത്താണ് റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് കണക്കുകള്‍ കാണിക്കുന്നു. റോഡിലെ വഴുതലില്‍ തെന്നിയും ചളിക്കുഴികളില്‍ വീണും മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുമെല്ലാം നിരവധി അപകടങ്ങളാണ് മഴയത്ത് സംഭവിക്കുന്നത്. ഇതിന് പുറമെയാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ മരം കടപുഴകിവീണുണ്ടാകുന്ന അപകടങ്ങള്‍. ഒരല്‍പ്പം മുന്‍കരുതലെടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ ഈ അപകടങ്ങള്‍ ഒരു പരിധി വരെ കുറക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വാഹനങ്ങള്‍ക്ക് വേണ്ട രീതിയിലുള്ള പരിചരണം നല്‍കാത്തതും അമിത വേഗത്തോടെയും അശ്രദ്ധയോടെയുമുള്ള ഡ്രൈവിംഗുമാണ് മഴക്കാല അപകടങ്ങളുടെ പ്രധാന കാരണം. മഴ പെയ്യുമ്പോള്‍ റോഡ് മിനുസ്സപ്പെടും. റോഡും വാഹനത്തിന്റെ ടയറും തമ്മിലുള്ള ഘര്‍ഷണം കുറയാന്‍ ഇത് കാരണമാകും. അതിനാല്‍ തന്നെ പൊടുന്നനെയുള്ള ബ്രേക്കിംഗ് വേണ്ടിവരുമ്പോള്‍ വാഹനം വഴുതിപ്പോകുകയും മറ്റു വാഹനങ്ങളുമായി ഇടിക്കുകയും ചെയ്യുന്നു. അമിതവേഗത്തില്‍ ഓടിക്കുമ്പോഴാണ് ഈ പ്രശ്‌നം ഏറ്റവും അപകടം ചെയ്യുന്നത്. എത്ര നിയന്ത്രണ ശേഷിയുള്ള ഡ്രൈവറാണ് സ്റ്റിയറിംഗ് തിരിക്കുന്നതെങ്കിലും ചവിട്ടിയിടത്ത് വാഹനം കിട്ടിയില്ലെങ്കില്‍ പിന്നെ ഈ ഡ്രൈവിംഗ് മികവ് കൊണ്ട് എന്ത് ഗുണം? മഴക്കാലത്ത് ഡ്രൈവിംഗില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. വാഹന പരിചരണത്തിലും ഒരുപാട് ശ്രദ്ധിക്കാനുണ്ട്.

മഴക്കാലത്ത് വാഹനം റോഡിലിറക്കും മുമ്പ് താഴെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാനാകും.

ടയറുകള്‍ മൊട്ടയാവരുത്

മഴക്കാലത്തെ വാഹന പരിചരണത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ വെക്കേണ്ടത് ടയറുകളുടെ കാര്യത്തിലാണ്. തേഞ്ഞ് തീരാറായ ടയറുകള്‍ ഒരിക്കലും മഴക്കാലത്ത് ഉപയോഗിക്കരുത്. തേയ്മാനത്തിന് അനുസരിച്ച് ടയറുകളുടെ ഗ്രിപ്പ് നഷ്ടപ്പെടും. ഇത് ബ്രേക്ക് ചെയ്യുമ്പോള്‍ ടയറുകള്‍ വഴുതിപ്പോകാന്‍ ഇടയാക്കും. റോഡ് നനയുമ്പോള്‍ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസം രൂപപ്പെടും. റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം തടസ്സപ്പെടുത്തുന്ന വിധത്തില്‍ വെള്ളത്തിന്റെ ഒരു നേര്‍ത്ത പാട രൂപപ്പെടുന്നതിനെയാണ് അക്വാപ്ലെയിനിംഗ് എന്ന് പറയുന്നത്. ഇത് മൂലം ബ്രേക്ക് ചവിട്ടുമ്പോള്‍ വണ്ടി ഉദ്ദേശിച്ചിടത്ത് നില്‍ക്കില്ല. മറ്റു വാഹനങ്ങളില്‍ നിന്ന് വീഴുന്ന എണ്ണപ്പാടുകളും മഴപെയ്യുമ്പോള്‍ അപകട സാധ്യത വര്‍ധിപ്പിക്കും. ഓണേഴ്‌സ് മാന്വലില്‍ പറയുന്നത് പ്രകാരമുള്ള ടയര്‍ പ്രഷര്‍ ഉണ്ടെന്നും ഉറപ്പ് വരുത്തണം. ടയറില്‍ അമിത മര്‍ദം ഉണ്ടാകാനും പാടില്ല.

ബ്രേക്കിട്ടാല്‍ വണ്ടി നില്‍ക്കണം!

ബ്രേക്കുകളുടെ കാര്യക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ മഴക്കാലത്ത് വാഹനം ഓടിക്കാവൂ. റോഡിലിറങ്ങും മുമ്പ് ബ്രേക്ക് നല്ല പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ബ്രേക്ക്പാടിന് വേണ്ടത്ര കനമില്ലെങ്കില്‍ അത് മാറ്റാന്‍ മടിക്കരുത്. വെള്ളം കെട്ടിനില്‍ക്കുന്ന റോഡിലൂടെയുള്ള ഡ്രൈവിംഗ് ബ്രേക്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ട്. ബ്രേക്ക്പാടുകളില്‍ ചെളി നിറഞ്ഞിട്ടുണ്ടെങ്കില്‍ അത് സര്‍വീസ് ചെയ്ത് നീക്കണം. പരമാവധി ബ്രേക്ക് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കി ആക്‌സിലേറ്റര്‍ അയച്ച് വേഗം നിയന്ത്രിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു. എബിഎസ്, ഇബിഡി പോലുള്ള ബ്രേക്കിംഗ് സിസ്റ്റം ഉപകാരപ്പെടുന്നത് മഴക്കാലത്താണ്. പൊടുന്നനെ ബ്രേക്കിടേണ്ടി വരുമ്പോള്‍ വാഹനം തെന്നിപ്പോകാതിരിക്കാന്‍ ഇത് സഹായിക്കും.

വൈപ്പറും വിന്‍ഷീല്‍ഡും

കനത്ത മഴയില്‍ ഡ്രൈവര്‍ക്ക് പുറത്തേക്ക് കാഴ്ച ലഭിക്കണമെങ്കില്‍ വൈപ്പറുകള്‍ തന്നെ സഹായിക്കണം. അതിനാല്‍ മഴക്കാലത്ത് വാഹനം എടുക്കുമ്പോള്‍ വൈപ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വൈപ്പറിന്റെ റബ്ബര്‍ സ്ട്രിപ്പ് വിന്‍ഷീല്‍ഡില്‍ പതിഞ്ഞുകിടക്കുന്നതിനാല്‍ വെയിലത്ത് കേട് വരാനുള്ള സാധ്യത ഏറെയാണ്. മഴക്കാലത്ത് ഇത് പ്രവര്‍ത്തിപ്പിക്കുമ്പോഴാണ് വിന്‍ഷീല്‍ഡിലെ വെള്ളം നീക്കാന്‍ ഈ വൈപ്പറുകള്‍ പോരെന്ന് മനസ്സിലാകുക. അതിനാല്‍ എല്ലാ മഴ സീസണിലും വൈപ്പറിന്റെ റബ്ബര്‍ സ്ട്രിപ്പുകള്‍ മാറ്റുന്നത് ഉചിതമാകും. വിന്‍ഷീല്‍ഡ് ഫഌയിഡ് ടോപ്പ് അപ്പ് ചെയ്യാനും മറക്കരുത്.

മഴ പെയ്യുമ്പോള്‍ വിന്‍ഷീല്‍ഡുകളില്‍ പുകപടലം നിറയും. റോഡില്‍ നിന്നും മറ്റുവാഹനങ്ങളില്‍ നിന്നും തെറിക്കുന്ന ചളിയും എണ്ണയും കലര്‍ന്ന മിശ്രിതം വിന്‍ഷീല്‍ഡില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാകും. വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഇത് പടരുന്നത് കാഴ്ചക്ക് തടസ്സം സൃഷ്ടിക്കും. അതിനാല്‍ നല്ല ഡിറ്റര്‍ജന്റുകളോ ഗ്ലാസ് ക്ലീനറുകളോ ഉപയോഗിച്ച് വിന്‍ഷീല്‍ഡ് കഴുകി വൃത്തിയാക്കണം. എസിയുടെ ഡീഫ്രോസ്റ്റര്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇടക്കിടെ ഡീഫ്രോസ്റ്റര്‍ ഉപയോഗിച്ച് ഗ്ലാസ് വൃത്തിയാക്കുന്നത് കാഴ്ച സുഗമമാക്കും.

ലൈറ്റുകള്‍ പ്രധാനം

മഴക്കാലത്ത് വാഹനത്തിന്റെ എല്ലാ ലൈറ്റുകളും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടത് നിര്‍ബന്ധമാണ്. ഹെഡ്‌ലൈറ്റുകള്‍ പകല്‍ സമയങ്ങളിലും കത്തിക്കേണ്ടിവരുന്നതിനാല്‍ എക്‌സ്ട്രാ ഫ്യൂസുകളും ബള്‍ബുകളും കരുതുന്നത് നന്നാകും. രാത്രി യാത്രയില്‍ ഹെഡ്‌ലൈറ്റുകളില്‍ ഒന്ന് ഫീസായാല്‍ പോലും യാത്ര ദുര്‍ഘടമാകും. ശക്തമായ മഴയത്ത് ഹൈബീം ഹെഡ്‌ലാംപുകള്‍ ഉപയോഗിക്കരുത്. ഇത് എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഫോഗ് ലൈറ്റ് ഉള്ള വാഹനങ്ങളില്‍ അത് പ്രകാശിപ്പിക്കലാണ് നല്ലത്. കനത്ത മഴ പെയ്യുമ്പോള്‍ ഹസാര്‍ഡ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നതും നന്നാകും. മറ്റു വാഹനങ്ങളുടെ ശ്രദ്ധയില്‍പെടാന്‍ ഇത് സഹായകരമാണ്. ബ്രേക്ക് ലൈറ്റ്, റിവേഴ്‌സ് ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍, പാര്‍ക്കിംഗ് ലൈറ്റുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.

ഇലക്ട്രിക്കല്‍ സംവിധാനം

ഇലക്ട്രിക്കല്‍ സംവിധാനം മഴക്കാലത്ത് പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യത ഏറെയാണ്. വൈപ്പര്‍, പാര്‍ക്ക്‌ലൈറ്റ് തുടങ്ങിയവയുടെ ഉപയോഗം കൂടുന്നത് ബാറ്ററികളുടെ പണി കൂട്ടും.

ബാറ്ററിക്ക് വേണ്ടത്ര ശേഷിയില്ലെങ്കില്‍ വാഹനം പണിമുടക്കാന്‍ അത് കാരണമാകും. ബാറ്ററി ടെര്‍മിനലുകളില്‍ പെട്രോളിയം ജല്ലി പുരട്ടുന്നത് നല്ലതാണ്. ടെര്‍മിനലുകളില്‍ അടിഞ്ഞുകൂടുന്ന തുരുമ്പ് ഇഗ്നിഷനെ ബാധിക്കും. വാഹനത്തിന്റെ വയറിംഗില്‍ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് മികച്ച ടെക്‌നിഷ്യനെ കൊണ്ട് പരിശോധിപ്പിക്കുന്നത് നല്ലതാണ്.

ബോഡിയിലും വേണം കണ്ണ്

വാഹനത്തിന്റെ ആന്തരിക സംവിധാനങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തിയാല്‍ പോരാ. പുറം ബോഡിക്ക് കേട് പറ്റാതിരിക്കാനും ശ്രദ്ധിക്കണം. ബോഡിയില്‍ സ്‌ക്രാച്ചുകള്‍ വീണിട്ടുണ്ടെങ്കില്‍ മഴക്കാലത്തിന് മുമ്പ് അത് ടച്ച് ചെയ്യിക്കുക. ഇത് തുരുമ്പെടുക്കുന്നത് ഒഴിവാക്കും. വാഹനത്തിന്റെ ഉള്‍വശത്തും അടിയിലും റസ്റ്റ് പ്രൂഫ് പെയിന്റിംഗ് നല്ലതാണ്. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ ഇത് പുതുക്കാന്‍ ശ്രദ്ധിക്കുകയും വേണം. മഴ നനഞ്ഞ വാഹനം നനവോടെ മൂടിയിടരുത്. ഇത് തുരുമ്പെടുക്കാന്‍ കാരണമാകും.

എമര്‍ജന്‍സി ടൂള്‍ കിറ്റ് കരുതുക

വാഹനത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ട ടൂള്‍ കിറ്റ് കരുതുന്നത് എപ്പോഴും നല്ലതാണ്. ജാക്കി, സ്‌ക്രൂ ഡ്രൈവറുകള്‍, റിഫഌക്ടര്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ അതില്‍ ഉണ്ടാകണം. വഴിയില്‍വെച്ച് ബ്രേക്ക് ഡൗണായാല്‍ ചെറിയ പ്രശ്‌നങ്ങള്‍ ഒക്കെ സ്വയം പരിഹരിക്കാന്‍ ഇത് സഹായിക്കും.

വാഹനങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കിക്കഴിഞ്ഞാല്‍ പിന്നെ ശ്രദ്ധിക്കേണ്ടത് ഡ്രൈവിംഗിലാണ്. സാധാരണ പോലെ ബെല്ലും ബ്രേക്കുമില്ലാത്ത ഡ്രൈവിംഗ് മഴക്കാലത്ത് പാടില്ല. മഴക്കാലത്ത് ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

അമിതവേഗം ആപത്താണ്

അമിതവേഗം ആപത്താണ്. മഴക്കാലത്താണെങ്കില്‍ പ്രത്യേകിച്ചും. മഴയത്ത് റോഡിന്റെ മിനുസം കൂടുന്നത് അപകട സാധ്യത ഇരട്ടിയാക്കും. അതുകൊണ്ട് പരമാവധി പതുക്കെ വാഹനം ഓടിക്കുക. അമിത വേഗത്തില്‍ ഓടി സ്റ്റിയറിംഗ് വെട്ടിത്തിരിക്കുന്നതും സഡന്‍ബ്രേക്കിടുന്നതും അപകടം ഉറപ്പാക്കുന്ന കാര്യങ്ങളാണ്. ഡോക്ടറോ എന്‍ജിനീയറോ അഭിഭാഷകനോ മാധ്യമപ്രവര്‍ത്തകനോ… നിങ്ങള്‍ ആരുമാവട്ടെ, വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍ മാത്രമാണെന്ന് ഓര്‍ക്കുക.

റോഡിലെ ചതിക്കുഴികള്‍

മഴക്കാലമായാല്‍ റോഡുകളില്‍ ഗര്‍ത്തം പതിവുകാഴ്ചയാണ്. മഴ പെയ്യുമ്പോള്‍ ഈ കുഴികളില്‍ വെള്ളം നിറയുന്നതിനാല്‍ കുഴികളുടെ ആഴം മനസ്സിലാക്കാന്‍ സാധിക്കില്ല. ഇത്തരം സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കുമ്പോള്‍ പരമാവധി വേഗം കുറക്കണം. റോഡിന്റെ ഇരുവശങ്ങളിലുമാകും വെള്ളം കൂടുതല്‍ കെട്ടിനില്‍ക്കുക. മധ്യഭാഗത്തിലൂടെ വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കുന്നത് നന്നാകും.

പിമ്പേ ഗമിക്കരുത്

മുന്നില്‍ പോകുന്ന വാഹനത്തിന്റെ തൊട്ടുപിന്നാലെ വാഹനം ഓടിക്കരുത്. സുരക്ഷിത അകലം ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ ബ്രേക്ക് കിട്ടാതെ വന്നാല്‍ മുന്നിലെ വാഹനത്തില്‍ ഇടിക്കാന്‍ അതു മതിയാകും. വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യാതിരിക്കാനും പരമാവധി വേഗം കുറച്ച് ഓടിക്കാനും ശ്രദ്ധിക്കണം. കണ്ടയിനര്‍ ലോറി പോലെയുള്ള വലിയ വാഹനങ്ങളുടെ തൊട്ടുപിറകില്‍ വാഹനം ഓടിച്ചാല്‍ അവയുടെ ടയറില്‍ നിന്ന് ചെളിതെറിച്ച് വിന്‍ഷീല്‍ഡിലൂടെയുള്ള കാഴ്ച തടസ്സപ്പെടും. മറ്റു വാഹനങ്ങളെ പിന്തുടര്‍ന്നുള്ള യാത്രയും മഴക്കാലത്ത് നല്ലതല്ല. മുന്നിലെ വാഹനത്തിന്റെ ഇന്റിക്കേറ്ററും ബ്രേക്ക് ലൈറ്റുമൊന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് ഓടിക്കുന്ന ഡ്രൈവറുടെ നീക്കം നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല.

പെരുംമഴയത്ത് യാത്ര വേണ്ട

ശക്തമായ മഴ പെയ്യുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതാണ് നല്ലത്. കനത്ത മഴ ചിലപ്പോള്‍ വൈപ്പര്‍ ബ്ലേഡുകളെ പോലും തോല്‍പ്പിക്കും. ഈ സമയങ്ങളില്‍ മുന്നോട്ടുപോകുന്നത് ദുസ്സഹമാണ്. വാഹനം റോഡരികില്‍ ഒതുക്കിയിട്ട് പാര്‍ക്ക് ലൈറ്റും ഹസാര്‍ഡ് ലൈറ്റും പ്രവര്‍ത്തിപ്പിച്ചാല്‍ മറ്റു വാഹനങ്ങള്‍ക്ക് നിങ്ങളുടെ വാഹനം കാണാനും ശ്രദ്ധിക്കാനും സാധിക്കും.

ഇവ വാഹനത്തില്‍ കരുതുക

മഴക്കാലത്ത് വാഹനത്തില്‍ നിര്‍ബന്ധമായും കുട കരുതണം. വാഹനത്തിലല്ലേ എന്ന് കരുതി കുട എടുക്കാതിരുന്നാല്‍ ചിലപ്പോള്‍ എട്ടിന്റെ പണി കിട്ടും. ന്യൂസ് പേപ്പറുകള്‍ കരുതുന്നത് അത്യാവശ്യ ഘട്ടത്തില്‍ വിന്‍ഡ്ഷീല്‍ഡ് വൃത്തിയാക്കാനും ഫൂട്ട് മാറ്റുകളില്‍ ചെളിയാകുന്നത് ഒഴിവാക്കാനും സഹായിക്കും. ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കുന്നതും നല്ലതാണ്. ഫോണ്‍ ചാര്‍ജറും നിര്‍ബന്ധം. വെള്ളവും ബിസ്‌കറ്റ് പോലുള്ള ലഘു ഭക്ഷണങ്ങളും ഉണ്ടായാല്‍ കൂടുതല്‍ നേരം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയാലും മഴയത്ത് പാര്‍ക്ക് ചെയ്യേണ്ടി വരുമ്പോഴും വിശപ്പ് മാറ്റാന്‍ സഹായിക്കും.

നേരത്തെ ഇറങ്ങാം

മഴക്കാല യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ നേരത്തെ ഇറങ്ങാന്‍ ശ്രദ്ധിക്കുക. മഴയത്ത് വേഗം കുറച്ച് വണ്ടിയോടിക്കുമ്പോഴും ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുമ്പോഴുമുള്ള സമയനഷ്ടം ഇതിലൂടെ പരിഹരിക്കാം. ചിലപ്പോള്‍ മാര്‍ഗതടസ്സംമൂലം മറ്റു വഴിയിലൂടെ സഞ്ചരിക്കേണ്ടി വരുന്നതും കാണണം.

ഇരുചക്രം ഓടിക്കുമ്പോള്‍

മഴയത്ത് ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ റെയിന്‍കോട്ട് നിര്‍ബന്ധമായും കരുതണം. കോട്ട് ഇല്ലെങ്കില്‍ വാഹനം നിര്‍ത്തി മഴ മാറിയ ശേഷമേ യാത്ര ചെയ്യാവൂ.

ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കുക. കൂടുതല്‍ വ്യക്തതയുള്ള കാഴ്ച പ്രധാനം ചെയ്യുന്ന ഐ എസ് ഐ മുദ്രയുള്ള ഹെല്‍മറ്റുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുക. കൂളിംഗ് ഗ്ലാസോടുകൂടിയ ഹെല്‍മെറ്റുകള്‍ ഉപയോഗിക്കരുത്.

മഴയത്ത് ഒരിക്കലും കുട ചൂടി ഇരുചക്ര വാഹനം ഓടിക്കരുത്. കാറ്റില്‍ കുട ചരിയുന്നത് കാഴ്ചയെ തടസ്സപ്പെടുത്തും. ഡ്രൈവറുടെ ശ്രദ്ധയും തെറ്റും. ഇതോടെ ബൈക്ക് മറിയുമെന്ന് ഉറപ്പ്. പിന്‍സീറ്റിലിരുന്ന് കുടപിടിക്കുന്നതും ഇതേ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ഓര്‍ക്കുക.

റോഡ് മുറിച്ചുകടക്കുന്നവരെ മഴയത്ത് കാണാന്‍ പ്രയാസമാണ്. അതിനാല്‍ അതീവ ശ്രദ്ധ വേണം. പ്രത്യേകിച്ചും സീബ്രാലൈനുകള്‍ക്ക് അടുത്ത്.
ബൈക്ക് ഓടിക്കുമ്പോള്‍ ഒരു കാരണത്താലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് പോലുള്ളവയും വേണ്ട.

ബ്രേക്ക്, ടയര്‍, ടയര്‍പ്രഷര്‍, ഓയില്‍ തുടങ്ങിയവ ശരിയാം വിധമാണെന്ന് ഉറപ്പ് വരുത്തുക.

(പരമ്പര അവസാനിച്ചു)

 

LEAVE A REPLY

Please enter your comment!
Please enter your name here