മുഴുവന്‍ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രം

Posted on: June 16, 2017 8:57 am | Last updated: June 15, 2017 at 10:59 pm

കണ്ണൂര്‍: സം സ്ഥാനത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും മണ്ണ് പരിശോധിച്ച് ഹെല്‍ത്ത് കാര്‍ഡ് നല്‍കണമെന്ന് കേന്ദ്ര നിര്‍ദേശം. മണ്ണിന്റെ പോഷകമൂല്യത്തിനനുസരിച്ച് രാസവളങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ഇനി സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്കും നിര്‍ബന്ധമാക്കാനാണ് കേന്ദ്ര നിര്‍ദേശം.

2015ല്‍ ആരംഭിച്ച കാര്‍ഡ് വിതരണ പ്രക്രിയയുടെ ഒന്നാം ഘട്ടത്തിന്റെ കാലാവധി കഴിഞ്ഞ മെയ് 31ന് അവസാനിച്ചിരുന്നു. 2017 ജൂണ്‍ മുതല്‍ തുടങ്ങുന്ന രണ്ടാം ഘട്ടത്തിലാണ് എല്ലാ കര്‍ഷകര്‍ക്കും സോയില്‍ കാര്‍ഡ് നല്‍കണമെന്ന നിര്‍ദേശമുള്ളത്. കൃഷിവകുപ്പും സംസ്ഥാന മണ്ണുപരിശോധനാ ഡയറക്ടറേറ്റും സംയുക്തമായാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. മണ്ണിന്റെ രാസഭൗതിക ഗുണങ്ങള്‍, ഭൂമിയുടെ സ്വഭാവം തുടങ്ങിയവ പരിഗണിച്ച് കര്‍ഷകര്‍ക്ക് നല്‍കുന്ന ആധികാരിക രേഖയായാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ഇനി പരിഗണിക്കപ്പെടുക.
മണ്ണിലടങ്ങിയിരിക്കുന്ന ഹൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മെഗ്‌നീഷ്യം തുടങ്ങിയ 16 സൂക്ഷ്മ മൂലകങ്ങളുടെ ശരിയായ അളവ് കൃത്യമായി കാര്‍ഡില്‍ രേഖപ്പെടുത്തും. 2015-16 വര്‍ഷം 43,800 മണ്ണ് സാമ്പിളുകള്‍ പരിശോധനക്കെടുത്തിരുന്നു. ഇത് ലാബുകളില്‍ പരിശോധിച്ച് ഫലത്തിനനുസരിച്ച് രാസവളങ്ങളുടെ അളവുകളും നിശ്ചയിച്ച് സോയില്‍ ഹെല്‍ത്ത് കാര്‍ഡിനുവേണ്ട വിവരങ്ങള്‍ തയ്യാറാക്കണം. എന്നാല്‍, ആവശ്യത്തിനു ലാബ് സൗകര്യങ്ങളോ ജീവനക്കാരോ ഇല്ലാത്തതിനാല്‍ 1.19 ലക്ഷം കാര്‍ഡ് മാത്രമേ തയ്യാറാക്കി വിതരണം ചെയ്യാന്‍ സാധിച്ചുള്ളൂ. ഇനി ഒരു ലക്ഷം കാര്‍ഡുകളാണ് കഴിഞ്ഞ വര്‍ഷത്തെ പദ്ധതി പ്രകാരം തന്നെ വിതരണം ചെയ്യാനുള്ളത്. ഇതിനിടയിലാണ് ഈ മാസം മുതല്‍ എല്ലാ കര്‍ഷകര്‍ക്കും സോയില്‍ കാര്‍ഡ് നല്‍കണമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം നിര്‍ദേശിക്കുന്നത്.
എന്നാല്‍ കേരളത്തില്‍ മണ്ണു പരിശോധനാ വിഭാഗത്തിന് വേണ്ടത്ര ജീവനക്കാരോ സൗകര്യങ്ങളോ ഇല്ലാത്തതിലാല്‍ സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന കര്‍ഷകര്‍ക്ക് അതിവേഗത്തില്‍ കാര്‍ഡ് നല്‍കാനാകില്ല. വര്‍ധിച്ച തോതിലുള്ള രാസവളപ്രയോഗം സംസ്ഥാനത്തെ മണ്ണിന്റെ ഫലഭൂയിഷ്ഠത കുറക്കുന്നതായി നേരത്തെ കൃഷി വകുപ്പിന്റെ തന്നെ പഠനത്തില്‍ വ്യക്തമായിരുന്നു.