ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യക്കിന്ന് ബംഗ്ലാ വെല്ലുവിളി

Posted on: June 15, 2017 11:00 am | Last updated: June 15, 2017 at 11:29 am

ബിര്‍മിംഗ്ഹാം: ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനല്‍ ബെര്‍ത് തേടി ഇന്ന് അയല്‍ക്കാരുടെ പോരാട്ടം. അട്ടിമറി സൃഷ്ടിച്ച ബംഗ്ലാദേശും ഫേവറിറ്റുകളായ ഇന്ത്യയും രണ്ടാം സെമിയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച ക്രിക്കറ്റ് പ്രതീക്ഷിക്കാം.
കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ അട്ടിമറിച്ച ബംഗ്ലാദേശ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലും ഭീഷണി ഉയര്‍ത്തിയിരുന്നു. പക്ഷേ, ഇന്ത്യ ജയിച്ചു. തുടരെ മൂന്നാം ഐ സിസി ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യക്ക് വഴി മുടക്കാന്‍ ബംഗ്ലാദേശ് എത്തിയത് അയല്‍രാജ്യങ്ങളുടെ പോരിന് ആവേശം വിതറും.

ആദ്യമായി ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കളിക്കാനുള്ള സുവര്‍ണാവസരമാണ് ബംഗ്ലാദേശിന് മുന്നിലുള്ളത്. ഇന്ത്യക്കാകട്ടെ, ഐ സി സി ടൂര്‍ണമെന്റുകളില്‍ സമീപകാലത്ത് ലഭിക്കുന്ന ആറാം സെമി ഫൈനലാണ്. ബംഗ്ലാദേശ് ന്യൂസിലാന്‍ഡിനെതിരെ നാല് ഫാസ്റ്റ് ബൗളര്‍മാരെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഓഫ്‌സ്പിന്നര്‍ മെഹെദി ഹസയെ ഇന്ത്യക്കെതിരെ ഇറക്കണമെങ്കില്‍ ഇമ്രുല്‍ ഖയെസിന് ആദ്യ ഇലവനില്‍ ഇടം പിടിക്കുക പ്രയാസമാകും.
ബംഗ്ലാദേശിനെതിരെ മികച്ച റെക്കോര്‍ഡുള്ള പേസറാണ് ഉമേഷ് യാദവെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച അതേ ലൈനപ്പ് നിലനിര്‍ത്താനാണ് സാധ്യത.

ഇന്ത്യ : രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), യുവരാജ് സിംഗ്, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), കെദാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുമ്‌റ.

ബംഗ്ലാദേശ് : തമീം ഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍, സാബിര്‍ റഹ്മാന്‍, മുഷ്ഫീഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), ഷാകിബ് അല്‍ ഹസന്‍, മഹ്മൂദുല്ല, മൊസാദെക് ഹുസൈന്‍, തസ്‌കിന്‍ അഹമ്മദ്, മശ്‌റഫെ മുര്‍തസ (ക്യാപ്റ്റന്‍), റുബെല്‍ ഹുസൈന്‍, മുസ്താഫിസുര്‍ റഹ്മാന്‍.