Connect with us

Kerala

മെട്രോ ഉദ്ഘാടന വേദി വിവാദം ; മുഖ്യമന്ത്രി മോദിക്ക് കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും എം.എല്‍.എമാരെയും ഒഴിവാക്കിയ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടിക പുന:പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് പിണറായി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ മേല്‍നോട്ടച്ചുമതലയുള്ള ശ്രീധരനെ ഒഴിവാക്കിയത് അംഗീകരിക്കാനാവാത്ത കാര്യമാണ്. പ്രതിപക്ഷത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് ചെന്നിത്തലയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ചെന്നിത്തലയ്ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

മെട്രോ കടന്നു പോകുന്ന ആലുവയിലെ എം.എല്‍.എ അന്‍വര്‍ സാദത്തിനും വേദിയില്‍ ഇരിപ്പടം നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മോദിയെ കൂടാതെ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി.സദാശിവം, സംസ്ഥാന ഗതാഗത മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൗമിനി ജയിന്‍ എന്നിവര്‍ക്ക് മാത്രമാണ് വേദിയില്‍ സ്ഥാനം ഉണ്ടാവുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എറണാകുളത്ത് നിന്നുള്ള എം.പിയായ കെ.വി.തോമസ്, എം.എല്‍.എമാരായ പി.ടി.തോമസ്, ഹൈബി ഈഡന്‍, കൊച്ചി മെട്രോ എം.ഡി ഏലിയാസ് ജോര്‍ജ് എന്നിവരേയും ഒഴിവാക്കിയിരുന്നു. ഇവരടക്കം പതിമൂന്ന് പേരുടെ പട്ടികയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കൊടുത്തത്. എന്നാല്‍, മോദിയടക്കം ഏഴു പേര്‍ക്ക് മാത്രമെ വേദിയില്‍ സ്ഥാനം നല്‍കാനാവൂ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സുരക്ഷാകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എസ്.പി.ജി സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

Latest