ഖത്വറില്‍ ഡോളറിന് ക്ഷാമമെന്ന് റിപ്പോര്‍ട്ട്

Posted on: June 14, 2017 1:18 am | Last updated: June 14, 2017 at 1:18 am

ദോഹ: ആവശ്യക്കാര്‍ വര്‍ധിച്ചതും അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുനീക്കം തടസപ്പെട്ടതും കാരണം ഖത്വറിലെ എക്‌സ്‌ചേഞ്ചുകളില്‍ ഡോളറിന് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. യു എ ഇ, സഊദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞയാഴ്ച നയതന്ത്ര, ഗതാഗത ബന്ധം വിച്ഛേദിച്ചതിനു പിന്നാലെയാണ് ഡോളറിന് ക്ഷാമം നേരിട്ടത്. പെട്ടെന്നുണ്ടായ സംഭവത്തില്‍ പരിഭ്രാന്തരായ ചിലര്‍ ഖത്വര്‍ റിയാല്‍ മാറ്റി ഡോളറാക്കാന്‍ തുനിഞ്ഞതാണ് ക്ഷാമത്തിന്റെ മുഖ്യ കാരണം. ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള ഗതാഗത തടസവും പ്രശ്‌നമായി. വിഷയം ലഘൂകരിക്കുന്നതിന് ചില എക്‌സ്‌ചേഞ്ചുകള്‍ ഒരാള്‍ക്ക് മാറ്റിയെടുക്കാവുന്ന ഡോളറിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.
റിയാലിന്റെ മൂല്യം ഇടിയുമോ എന്ന ആശങ്ക അസ്ഥാനത്താണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. വര്‍ഷങ്ങളായി 3.64 എന്ന നിരക്കില്‍ ഡോളര്‍ വിനിമയ നിരക്ക് നിശ്ചയിച്ചിട്ടുള്ള ഖത്വര്‍ റിയാലിന് സമീപകാലത്ത് മാറ്റം വരാനിടയില്ല. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായാല്‍ പോലും ഖത്വറിന്റെ കൈയിലുള്ള വന്‍ വിദേശ ആസ്തി ശേഖരം ഉപയോഗിച്ച് കറന്‍സിയെ താങ്ങി നിര്‍ത്താനാകും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തൃപ്തികരമാണെന്ന് ഖത്വര്‍ ധനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അടുത്ത ഒന്നോ രണ്ടോ ദിവസങ്ങളില്‍ കൂടുതല്‍ ഡോളര്‍ എത്താന്‍ സാധ്യതയില്ലെന്നും എക്‌സ്‌ചേഞ്ചുകള്‍ അറിയിച്ചു. ചില എക്‌സ്‌ചേഞ്ചുകളില്‍ നാട്ടിലേക്ക് പണം അയക്കുന്നതിന് തിരക്ക് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍, ഈദിനോട് അടുത്ത ദിവസങ്ങളില്‍ പൊതുവേ തിരക്ക് കൂടാറുണ്ടെന്ന് എക്‌സ്‌ചേഞ്ച് ഉടമകള്‍ പറയുന്നു. നാട്ടിലേക്ക് പണമയക്കുന്നതില്‍ ഉപരോധത്തിന് ശേഷം കാര്യമായ മാറ്റമൊന്നും ദൃശ്യമായിട്ടില്ലെനന് യു എ ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് ഈയാഴ്ച ഒരു അഭിമുഖത്തില്‍ അറിയിച്ചിരുന്നു.
ഒരാള്‍ക്ക് 500 മുതല്‍ 2000 വരെ എന്ന തോതില്‍ ഡോളര്‍ എക്‌സ്‌ചേഞ്ചിന് പരിധി നിശ്ചയിച്ചതായി മൂന്ന് എക്‌സ്‌ചേഞ്ചുകള്‍ അറിയിച്ചു. അതേ സമയം, എക്‌സ്‌ചേഞ്ചുകളില്‍ യൂറോയും പൗണ്ടും ആവശ്യത്തിനുണ്ട്. എല്ലാ എക്‌സ്‌ചേഞ്ചുകളും മറ്റു രാജ്യങ്ങളില്‍ നിന്ന ഡോളര്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഹോംഗ്‌കോംഗില്‍ നിന്ന് ഉടന്‍ തന്നെ കൂടുതല്‍ ഡോളറുകള്‍ എത്തുമെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു.