ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

Posted on: June 13, 2017 11:23 pm | Last updated: June 14, 2017 at 11:34 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. അടുത്ത മാസം 31 വരെയാണ് നിരോധനം. യന്ത്രവത്കൃത ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രിക്കുള്ളില്‍ തീരത്ത് അടുപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനു മുമ്പേ കേരളതീരം വിട്ടുപോകുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചമുതല്‍ തീരദേശ പോലീസിന്റെ പ്രത്യേക പട്രോളിംഗും ആരംഭിക്കും.

ഒരു ലക്ഷത്തിലധികം തൊഴിലാളികളെ നിരോധനം നേരിട്ട് ബാധിക്കും. പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനു പുറത്ത് കേന്ദ്രത്തിന്റെ നിരോധനം നിലവില്‍ വന്നിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കാന്‍ കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പരമ്പരാഗത ഔട്ട് ബോര്‍ഡ്, ഇന്‍ ബോര്‍ഡ് യാനങ്ങള്‍ക്ക് ആഴക്കടലില്‍ പോകുന്നതിന് തടസ്സമുണ്ടാകില്ല. വള്ളങ്ങള്‍ ഉപയോഗിച്ചുളള പെയര്‍ ട്രോളിംഗ്/മിനിട്രോളിംഗ് എന്നിവക്ക് നിരോധനമുണ്ട്. നിയമം ലംഘിച്ച് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ട്രോളിംഗ് നിരോധനം സമാധാനപരമായി നടപ്പാക്കുന്നതിന് തീരത്തും ഹാര്‍ബറുകളിലും ഇന്നു മുതല്‍ കൂടുതല്‍ പോലീസിന്റെ സേവനം ഉറപ്പാക്കും. കടല്‍രക്ഷാ പ്രവര്‍ത്തനത്തിനായി ഇത്തവണ 17 പ്രത്യേക ബോട്ടുകള്‍ വിവിധ സ്ഥലങ്ങളിലായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടലില്‍ പോകുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ ഉടമകള്‍ തൊഴിലാളികളുടെ പേരുവിവരവും മൊബൈല്‍ ഫോണ്‍ നമ്പറും സൂക്ഷിക്കേണ്ടതാണ്. കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. അപകടം സംഭവിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ യഥാസമയം അറിയിക്കേണ്ടതാണ്. ഫോണ്‍: 0497 2732487, 9496007039, 9496007033.