Connect with us

National

ജി എസ് ടി ജൂലൈ ഒന്ന് മുതല്‍ തന്നെ

Published

|

Last Updated

ന്യൂഡല്‍ഹി: ജൂലൈ ഒന്ന് മുതല്‍ തന്നെ ചരക്ക് സേവന നികുതി (ജി എസ് ടി) നടപ്പാക്കിതുടങ്ങുമെന്ന് കേന്ദ്രം. ഏകീകൃത നികുതി സംവിധാനം ആരംഭിക്കുന്നത് വൈകുമെന്ന അഭ്യൂഹം തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും നിര്‍ണായകമായ നികുതി പരിഷ്‌കരണം നിലവില്‍ വരുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ ജി എസ് ടി തുടങ്ങുന്നത് ഒന്നോ രണ്ടോ മാസം നീട്ടിവെച്ചേക്കാമെന്നുമായിരുന്നു അഭ്യൂഹം. എന്നാല്‍, തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ജൂലൈ ഒന്നിന് തന്നെ ജി എസ് ടി നടപ്പാക്കിത്തുടങ്ങുമെന്നും റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധിയ ട്വീറ്റ് ചെയ്തു.

തീയതി മാറ്റുമെന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് പ്രധാനമായും സാമൂഹിക മാധ്യമങ്ങളിലാണ്. ജി എസ് ടി തുടങ്ങുന്നത് മാറ്റിവെക്കാനുള്ള ഒരു കാരണവുമില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെ കഴിഞ്ഞ ആഴ്ച ജി എസ് ടി കൗണ്‍സില്‍ യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. രാജ്യത്തകെയുള്ള ടാക്‌സ് ഫോമുകള്‍ മുഴുവന്‍ കൈകാര്യം ചെയ്യാന്‍ ജി എസ് ടി നെറ്റ്‌വര്‍ക്ക് പര്യാപ്തമല്ലെന്ന ഗുരുതരമായ ആരോപണമുയര്‍ത്തി രംഗത്തുവന്നത് പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്രയാണ്. അതുകൊണ്ട് ജൂലൈയില്‍ നിന്ന് തീയതി മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍, ജെയ്റ്റ്‌ലി ഈ വാദം തള്ളിക്കളയുകയായിരുന്നു.
ജൂലൈ ഒന്നിലേക്ക് ക്രമീകരണങ്ങള്‍ പൂര്‍ത്തായാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചെറുകിട കര്‍ഷകരുടെ സംഘടനയായ ദി കോ ണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്‌സ് (സി എ ഐ ടി) വ്യക്തിമാക്കിയിരുന്നു.