പ്രളയക്കെടുതിയില്‍ ബംഗ്ലാദേശ് നൂറോളം മരണം

Posted on: June 13, 2017 11:00 pm | Last updated: June 13, 2017 at 11:00 pm

ധാക്ക: തെക്കുകിഴക്കന്‍ ബംഗ്ലാദേശിലെ മലയോര മേഖലയില്‍ പ്രളയക്കെടുതി. നൂറോളം പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. മണ്‍സൂണ്‍ മഴ ശക്തമായതോടെ റംഗമതി ജില്ലയില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഴക്ക് പിന്നാലെ മണ്ണിടിച്ചിലും ശക്തമായതോടെ ആയിരത്തോളം വീടുകളും കെട്ടിടങ്ങളും മണ്ണിനടിയിലായി. ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. കാറ്റും മഴയും തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്. റംഗമതി ജില്ലയില്‍ മാത്രം 35 പേരുടെ മരണം സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂട വക്താവ് അറിയിച്ചു. 27 പേര്‍ ചിറ്റാഗോംഗില്‍ നിന്നും ഏഴ് പേര്‍ ബന്ദര്‍ബനില്‍ നിന്നുമാണ് മരിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിടെ നാല് സൈനിക ഉദ്യോഗസ്ഥരും മരിച്ചിട്ടുണ്ട്. ഒഴുക്കില്‍പ്പെട്ട ഒരാളെ കണ്ടെത്താനായിട്ടില്ല. അതിനിടെ, സൈന്യത്തിന്റെയും സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തിനിടെ നൂറോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ഇവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
2007 മുതല്‍ മണ്‍സൂണ്‍ കാലവര്‍ഷം ബംഗ്ലാദേശിനെ വ്യാപകമായി ബാധിച്ചിട്ടുണ്ട്. 2007ല്‍ 127 പേരും 2012ല്‍ 94 പേരും പ്രളയക്കെടുതിയില്‍ മരിച്ചിരുന്നു.