കശാപ്പ് നിയന്ത്രണം; വിജ്ഞാപനം ഉടനടി ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Posted on: June 13, 2017 2:00 pm | Last updated: June 13, 2017 at 8:17 pm


ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ കാലചന്തയില്‍ വില്‍ക്കുന്നത് നിരോധിച്ച ഉത്തരവിലെ ആശയക്കുഴപ്പം ഒഴിവാക്കി വ്യക്തത വരുത്താന്‍ വിജ്ഞാപനം ഉടന്‍ ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. അന്തിമ വിജ്ഞാപനത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കും വിധമാകും മാറ്റമെന്നും കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിജ്ഞാപനത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പോത്തിറച്ചി മുഖ്യഭക്ഷണമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപകമാണ്.

വ്യവസായികളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വിവിധ എന്‍ജിഒകളില്‍ നിന്നും ലഭിച്ച പരാതികള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപടി ഫാസിസമാണെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയെ മന്ത്രി തള്ളി. ആരുടെയും ഭക്ഷണക്രമത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും കശാപ്പ് വ്യവസായത്തെ മോശമായി ബാധിക്കണമെന്ന ഉദ്ദേശമില്ലെന്നും മന്ത്രി പറഞ്ഞു.