ഗള്‍ഫ് തര്‍ക്കം അനിഷ്ടകരമായ അനന്തരഫലമുണ്ടാക്കുമെന്ന് കുവൈത്ത് അമീര്‍

Posted on: June 13, 2017 2:30 am | Last updated: June 22, 2017 at 9:43 pm

ദോഹ: ജി സി സി രാജ്യങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിച്ചില്ലെങ്കില്‍ അനഭിലഷണീയമായ പരിണാമങ്ങളിലേക്കു നീങ്ങുമെന്ന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്്മദ് അല്‍ സബാഹ് അഭിപ്രായപ്പെട്ടു. സഹോദര രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നത കാണേണ്ടി വന്നത് വലിയ പ്രയാസമുണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇന്നലെ അമീറിന്റെ പ്രസ്താവന പുറത്തു വിട്ടത്. മധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായി 87ാം വയസ്സിലും സഊദി, യു എ ഇ, ഖത്വര്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തയാറായ കുവൈത്ത് അമീര്‍ ആദ്യമായാണ് വിഷയത്തില്‍ പ്രതികരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്ന അമീര്‍ പറഞ്ഞു. ഇത് തന്റെ ചുമതലയായി കരുതുന്നു. 37 വര്‍ഷം മുമ്പ് ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സിലിന് (ജി സി സി) രൂപം കൊടുത്ത തലമുറക്ക് പ്രയാസമുണ്ടാക്കുന്നതാണ് ഭിന്നത. ജി സി സി രൂപവത്കരണത്തിന് സാക്ഷ്യം വഹിച്ച ആള്‍ എന്ന നിലയില്‍ കൂടി ഐക്യം സ്ഥാപിക്കുന്നതിന് തനിക്കു ബാധ്യതയുണ്ട്. അനഭിലഷണീയമായ പരിണാമങ്ങളിലേക്ക് ജി സി സി പോകുന്നതിന് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ അനുരഞ്ജന ശ്രമങ്ങള്‍ തുടും. ഈ പരിശ്രമങ്ങള്‍ക്കു മുന്നില്‍ പ്രയാസങ്ങളൊന്നുമില്ല. സഹോദരങ്ങള്‍ക്കിടയിലെ പ്രശ്‌നം അഭിപ്രായ വ്യത്യാസം പരിഹരിക്കുന്നതിന് തന്റെ ഭാഗത്തു നിന്ന് പറ്റാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.