വെള്ളിയാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Posted on: June 12, 2017 4:42 pm | Last updated: June 12, 2017 at 5:55 pm

ന്യൂഡല്‍ഹി: വെള്ളിയാഴ്ച രാജ്യവ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടും.
ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണ് പമ്പുകള്‍ അടച്ചിടുക. പ്രതിദിനം ഇന്ധനവില പരിഷ്‌കരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമരം.

ഇന്ധനവില അന്തര്‍ദേശീയ വിലനിലവാരത്തിനനുസരിച്ച് എല്ലാ ദിവസവും പുതുക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ കഴിഞ്ഞ ദിവസമാണ് തീരുമാനമെടുത്തത്. ഈ മാസം 16 മുതല്‍ തീരുമാനം നടപ്പാക്കുന്നത്.
രാജ്യത്തെ 58,000 വരുന്ന പെട്രോള്‍ പമ്പുകളില്‍ ഈ രീതി നിലവില്‍ വരുത്താനാണ് തീരുമാനം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ വരുന്ന വ്യത്യാസത്തിനുസരിച്ചും വിദേശ വിനിമയ നിരക്കില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ചും രാജ്യത്തെ എണ്ണ വിലയിലും മാറ്റങ്ങളുണ്ടാകുന്ന രീതിയാണ് നടപ്പാക്കുന്നത്.

നേരത്തെ, പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് നഗരങ്ങളില്‍ കഴിഞ്ഞ മാസം മുതല്‍ ഈ പദ്ധതി നടപ്പാക്കിയിരുന്നു. പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പുര്‍, ജംഷഡ്പുര്‍, ചണ്ഡിഗഢ് എന്നിവിടങ്ങളിലെ പെട്രോള്‍ പമ്പുകളിലാണ് ഐ ഒ സി, എച്ച് പി സി എല്‍, ബി പി സി എല്‍ എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പദ്ധതി നേരത്തെ തുടങ്ങിയത്. ഇവിടങ്ങളില്‍ നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെയാണ് ഇക്കാര്യം രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് തയ്യാറെടുക്കുന്നത്.