Connect with us

Kozhikode

ആയിരങ്ങള്‍ക്ക് ഇഫ്താര്‍ ഒരുക്കി മര്‍കസ് മസ്ജിദ് ശ്രദ്ദേയമാകുന്നു

Published

|

Last Updated

കോഴിക്കോട്: ആയിരത്തിലധികം പേര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി മര്‍കസ് കോംപ്ലക്‌സ് മസ്ജിദ് ശ്രദ്ധിക്കപ്പെടുന്നു. ഒരു വ്യാഴ വട്ടമായിനടത്തി വരുന്ന നോമ്പു തുറക്ക് വര്‍ഷം തോറും തിരക്ക് വര്‍ധിച്ചു വരികയാണ്. യാത്രക്കാരും കച്ചവടക്കാരും ദീര്‍ഘദൂരയാത്ര കാരണം വീട്ടിലെത്താന്‍ സാധിക്കാത്തവരുമാണ് നോമ്പു തുറക്കാനായി ഇവിടെ എത്തുന്നത്. നഗരത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും മറ്റും സ്ഥിരമായി ഇവിടെ നോമ്പു തുറക്കാനെത്തുന്നുണ്ട്. ആയിരത്തി നാന്നൂറോളം പേരാണ് ഇവിടെ നിന്നും ദിവസവും നോമ്പു തുറക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ നോമ്പു തുറക്കാനെത്തുന്നതും ഇവിടെയാണ്. നോമ്പു തുറക്കാനെത്തുന്നവരുടെ തിരക്ക് വര്‍ധിച്ചത് കാരണം പള്ളിയുടെ മുകള്‍ നിലയില്‍ നിന്ന് മര്‍കസ് കോംപ്ലക്‌സിലെ അനക്‌സ് ബില്‍ഡിംഗിലെ ഓഡിറ്റോറിയത്തിലേക്ക് പാലം നിര്‍മിച്ചാണ് വിപുലമായ സൗകര്യമൊരുക്കിയത്.

നഗരത്തിലെ മറ്റു പള്ളികളിലും നോമ്പുതുറ സൗകര്യമുണ്ടെങ്കിലും മര്‍കസ് കോംപ്ലക്‌സ് മസ്ജിദിലെ നോമ്പുതുറയാണ് സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധിക്കപ്പെടുന്നത്. പുതിയ ബസ്റ്റാന്റിന് അടുത്തായതിനാല്‍ റമസാനില്‍ സദാ തിരക്ക് അനുഭവപ്പെടുന്നതും മര്‍കസ് മസ്ജിദിലാണ്. സ്റ്റേഡിയം പള്ളിയിലാണ് വിപുലമായ രീതിയില്‍ നോമ്പുതുറ തുടങ്ങിയത്. പിന്നീടാണ് ഇത് നഗരത്തിലെ മറ്റു പള്ളികളിലേക്കും വ്യാപിച്ചത്.വര്‍ഷങ്ങളായി പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമായി ഇഫ്ത്താര്‍ നടത്തുന്നതിലൂടെയും മര്‍കസ് മസ്ജിദ് ശ്രദ്ദേയമാണ്.

ഡിസ്‌പോസിബിള്‍ പ്ലെയ്റ്റ്, ഗ്ലാസ്സ് എന്നിവ പൂര്‍ണമായും ഒഴിവാക്കി പകരം നാല് പേര്‍ക്ക് ഒരു സാനിലാണ് ഭക്ഷണം വിളമ്പുന്നത്.വിഭവസമൃദ്ധമായ ഭക്ഷണം തന്നെയാണ് നോമ്പുതുറക്കെത്തുന്നവര്‍ക്ക് ഇവിടെ നിന്നും നല്‍കുന്നത്. കബ്‌സ, ആമ്പൂര്‍ ബിരിയാണി, കുഷ്‌ക, നെയ്‌ചോര്‍, ബീഫ് കറി എന്നിവയാണ് ഓരോ ദിവസവും വിളമ്പുന്നത്.
കച്ചവടക്കാരും മറ്റു ബിസിനസുകാരും സ്‌പോണ്‍സര്‍ ചെയ്താണ് ഇവിടെ നോമ്പുതുറ ഒരുക്കുന്നത്. കൂടാതെ ദിവസവും ഇരുനൂറു പേര്‍ക്കുള്ള അത്താഴവും ഇവിടെ ഒരുക്കുന്നുണ്ട്. ഉച്ചക്ക് ഒന്ന് മുതല്‍ പ്രമുഖരായ പണ്ഡിതന്‍മാരുടെ പ്രഭാഷണങ്ങളും പള്ളിയില്‍ നടക്കുന്നുണ്ട്. നാസര്‍ സഖാഫി അമ്പലക്കണ്ടി, മുജീബ് വെള്ളിമാട്കുന്ന്, ഹാഷിം മുസ്‌ലിയാര്‍, നിസാര്‍, മുനീര്‍,അഷ്‌റഫ്, നൗഷാദ് എലത്തൂര്‍, സെക്യൂരിറ്റി ഗാര്‍ഡ് സലാം, ഹസ്സന്‍,ലത്തീഫ്, ജമാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 30ഓളം വളണ്ടിയര്‍മാരാണ് നോമ്പുതുറക്ക് നേതൃത്വം നല്‍കുന്നത്.