Connect with us

Health

വിഷപ്പാല്‍ തടയാന്‍ ക്ഷീര ചെക്ക് പോസ്റ്റുകള്‍ വരുന്നു

Published

|

Last Updated

രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തുള്ള പാല്‍ വിപണനത്തിന് തടയിടാനായി സംസ്ഥാനത്തെ ആദ്യ ക്ഷീര ചെക്ക് പോസ്റ്റ് പ്രവര്‍ത്തനക്ഷമമാകുന്നു. ഈ മാസം 16ന് ആദ്യത്തെ ക്ഷീര ചെക്ക് പോസ്റ്റ് മീനാക്ഷിപുരത്ത് ആരംഭിക്കും. തുടര്‍ന്ന് അതിര്‍ത്തി പങ്കിടുന്ന മറ്റ് ജില്ലകളിലും ഇത് തുടങ്ങാനാണ് നീക്കം. കഴിഞ്ഞ ഓണക്കാലത്ത് വിവിധ ജില്ലകളിലായി അഞ്ചിടത്ത് നടത്തിയ മൊബൈല്‍ പാല്‍ പരിശോധനയില്‍ മായം ചേര്‍ക്കല്‍ വ്യാപകമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പാലിന് മാത്രമായി ചെക്ക് പോസ്റ്റ് ആരംഭിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറൂം പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റ് വഴി അനധികൃത പാല്‍ കടത്ത് ഫലപ്രദമായി തടയാനാകുമെന്ന് ക്ഷീര വികസന വകുപ്പിന്റെ നിഗമനം.

വിവിധ രാസ പദാര്‍ഥങ്ങള്‍ക്ക് പുറമെ ചില ആന്റി ബയോട്ടികുകളും പാല്‍പൊടിയും കലക്കി ചേര്‍ത്ത കൃതിമ പാല്‍ സംസ്ഥാനത്ത് വ്യാപകമായി പ്രചാരത്തിലുണ്ടെന്ന് ക്ഷീര വികസന വകുപ്പിന്റെ വിവിധ പരിശോധനകളില്‍ വ്യക്തമായിരുന്നു. വാളയാര്‍, മീനാക്ഷിപുരം, ആര്യങ്കാവ്, കുമളി, അമരവിള ചെക്ക് പോസ്റ്റുകളില്‍ ഓണക്കാലത്ത് ക്ഷീരവികസനവകുപ്പിന്റെ മൊബൈല്‍ പരിശോധന യൂനിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സീസണ്‍ കഴിയുന്നതോടെ പരിശോധന പാടെ നിലച്ചു. തമിഴ്‌നാട്ടില്‍ നിന്ന് വ്യത്യസ്തങ്ങളായി അഞ്ച് ലേബലുകളില്‍ കേരളത്തിലേക്ക് ദിവസവും പാക്കറ്റ് പാല്‍ എത്തുന്നുണ്ട്. ഡിമാന്റ് ഏറിയ സമയത്തും ആവശ്യപ്പെടുന്നത്രയും പാല്‍ ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ ഇങ്ങനെ പാല്‍ എത്തുമ്പോഴും അത് പരിശോധിക്കാന്‍ സംവിധാനമില്ലായിരുന്നു.

Latest