Connect with us

Qatar

സാമൂഹിക മാധ്യമങ്ങളില്‍ 'ഖത്വറിനൊപ്പം' തരംഗമാകുന്നു

Published

|

Last Updated

ദോഹ: ഖത്വറിനെ ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഏതാനും രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ രാജ്യത്തിന് വലിയ പിന്തുണ. ആറ് ഗള്‍ഫ് രാജ്യങ്ങളിലും വ്യത്യസ്ത രൂപത്തിലുള്ള അഭിപ്രായങ്ങളും കമന്റുകളും വരുന്നുണ്ടെങ്കിലും “ഞാന്‍ ഖത്വറിനെ സ്‌നേഹിക്കുന്നു, ഖത്വര്‍ ഒറ്റക്കല്ല, ഞാന്‍ ഖത്വറിനൊപ്പം” തുടങ്ങിയ ഇംഗ്ലീഷ് ഹാഷ് ടാഗുകളാണ് ഏറ്റവും വൈറലായത്. അറബി സംസാരിക്കുന്നവര്‍ക്കിടയില്‍ “ഗള്‍ഫ് ജനത ഖത്വറുമായി ബന്ധം വിച്ഛേദിക്കുന്നത് തള്ളിക്കളയുന്നു”, “ഗള്‍ഫ് ബഹിഷ്‌കരണത്തില്‍ ഞാന്‍ പങ്കെടുക്കില്ല” തുടങ്ങിയ ഹാഷ് ടാഗുകളും പടരുന്നുണ്ട്.
സഊദി അറേബ്യ, ബഹ്‌റയ്ന്‍, യു എ ഇ എന്നീ രാജ്യങ്ങള്‍ ഖത്വറുമായുള്ള നയതന്ത്ര, സാമ്പത്തിക ബന്ധം വിച്ഛേദിച്ചതിനു പിന്നാലെയാണ് ഏറെക്കുറെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും സാധാരണ ജനങ്ങള്‍ ഖത്വറിന് പിന്തുണയുമായി എത്തിയത്.

അതേ സമയം, കഴിഞ്ഞ ദിവസങ്ങളില്‍ ഖത്വറിനെ അനുകൂലിക്കുന്ന രണ്ട് ഹാഷ് ടാഗുകളുടെ ഉപയോഗം കുറഞ്ഞതായി ഹാര്‍വര്‍ഡ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റിലെ ബിരുദ വിദ്യാര്‍ഥിയായ ആന്‍ഡ്രു ലെബര്‍ പറഞ്ഞു. ഹാഷ് ടാഗ് ഉപയോഗത്തില്‍ ഗവേഷണം നടത്തുന്നയാളാണ് ലെബര്‍. ആറ് ഗള്‍ഫ് രാജ്യങ്ങളിലെ ട്വിറ്റര്‍ ഉപയോക്താക്കളാണ് പ്രധാനമായും ഈ ഹാഷ് ടാഗ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഖത്വറിനെ അനുകൂലിക്കുന്നത് യു ഇ എയും ബഹ്‌റൈനും കഴിഞ്ഞ ദിവസം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചതോടെ ഇവയുടെ എണ്ണം കുറഞ്ഞതായാണ് കണക്കാക്കുന്നത്. തടവും പിഴയും നേരിടേണ്ടി വരുമെന്ന് ഭയമാണിതിന് പിന്നില്‍. തങ്ങളുടെ പൗരന്മാര്‍ തന്നെ ഖത്വറിന് അനുകൂലമായി പ്രതികരിക്കുന്നത് മനസ്സിലാക്കിയാണ് യു എ ഇയും ബഹ്‌റൈനും അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞു കൊണ്ടുള്ള നടപടിയുമായി രംഗത്തെത്തിയത്.

ഗള്‍ഫ് രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ഖത്വറിനെതിരായ വളരെ കുറഞ്ഞ ഹാഷ് ടാഗുകള്‍ മാത്രമേ ഉള്ളുവെന്ന് ലെബര്‍ പറഞ്ഞു. ഇതില്‍ ഭുരിഭാഗവും “ഖത്വറുമായുള്ള ബന്ധം വിഛേദിക്കല്‍” എന്ന പൊതു രൂപത്തിലുള്ള ഹാഷ് ടാഗില്‍ ജനങ്ങള്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതാണ്. അതേ സമയം, ഗള്‍ഫ് പ്രതിസന്ധി തദ്ദേശീയ ഉത്പന്നങ്ങളുടെ പ്രിയം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പ്രാദേശിക ഉത്പന്നങ്ങളുടെ പ്രചാരണം പ്രവാസികളും സ്വദേശികളും ഒരു പോലെ ഏറ്റെടുത്തിട്ടുണ്ട്. ഖത്വറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പലരും തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റി. ഐ ലൗ ഖത്വര്‍ എന്ന കമ്യൂണിറ്റി വെബ്‌സൈറ്റ് പ്രൊഫൈല്‍ ചിത്രത്തില്‍ പ്രത്യേക റിബ്ബണ്‍ കൂട്ടിച്ചേര്‍ക്കാനുള്ള സൗകര്യം ഒരുക്കി.

---- facebook comment plugin here -----

Latest