നിധി കിട്ടാന്‍ മകളെ ബലി കൊടുത്തു; മൃതദേഹം മാതാപിതാക്കളുടെ കണ്‍മുന്നില്‍ സിദ്ധന്‍ ബലാത്സംഗം ചെയ്തു

Posted on: June 10, 2017 9:41 pm | Last updated: June 11, 2017 at 11:00 am

കനൗജ്: സിദ്ധന്റെ ജല്‍പനം കേട്ട് നിധി കിട്ടാന്‍ മാതാപിതാക്കള്‍ മകളെ ബലികൊടുത്തു. മാതാപിതാക്കള്‍ക്ക് മുന്നില്‍വെച്ച് പെണ്‍കുട്ടിയെ സിദ്ധന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബലാത്സംഗം ചെയ്തു. മകളെ ബലി നല്‍കിയിട്ടും നിധി കിട്ടാതായതോടെ മാതാപിതാക്കള്‍ സിദ്ധനെ പോലീസില്‍ ഏല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ കനൗജ് ഗ്രാമത്തില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത വരുന്നത്.

ബിസിനസില്‍ തുടര്‍ച്ചയായി പരാജയം നേരിട്ടതിനെ തുടര്‍ന്നാണ് ജ്വല്ലറി നടത്തിപ്പുകാരനായ മഹാവീര്‍ പ്രസാദും ഭാര്യ പുഷ്പയും കൃഷ്ണശര്‍മ എന്ന സിദ്ധനെ സമീപിച്ചത്. ഇയാളോട് വിഷമങ്ങള്‍ പങ്ക് വെച്ചപ്പോള്‍ ഇവരുടെ 14കാരിയായ മകള്‍ കവിതയെ ബലി നല്‍കിയാല്‍ അഞ്ച് കിലോ തൂക്കം വരുന്ന നിധി ലഭിക്കുമെന്ന് സിദ്ധന്‍ ഉറപ്പ് നല്‍കി. തുടര്‍ന്ന് മഹാവീറും ഭാര്യയും അതിന് തയ്യാറാകുകയായിരുന്നു.

രാത്രിയായതോടെ മകളെ മയക്കുമരുന്ന് നല്‍കി ഉറക്കിക്കെടുത്തിയ ശേഷം മാതാപിതാക്കള്‍ സിദ്ധന്റെ അമ്പലത്തില്‍ എത്തിച്ചു. തുടര്‍ന്ന് സിദ്ധന്‍ മകളെ വിവസ്ത്രയാക്കുകയും മാതാപിതാക്കള്‍ക്ക് മുന്നില്‍വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അവര്‍ക്ക് മുന്നില്‍വെച്ചുതന്നെ താന്ത്രിക ക്രിയയുടെ ഭാഗമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൃതദേഹത്തെ ബലാത്സംഗവും ചെയ്തു. ശേഷം പെണ്‍കുട്ടിയുടെ കഴുത്ത് അറുത്ത് രക്തം ബലിനല്‍കി. പിന്നീട് മൃതദേഹം ഒരു വയലില്‍ ഉപേക്ഷിക്കുകയായിരുന്നു.

സംഭവം നടന്ന ശേഷവും തനിക്ക് നിധി കിട്ടാതായതോടെ മഹാവീര്‍ സിദ്ധനെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്ന കാര്യം തീരുമാനിക്കുമെന്ന് പോലീസ് പറഞ്ഞു.