Connect with us

Gulf

സഊദിയുടെ ഭീകരപ്പട്ടിക ഖത്വർ തള്ളി

Published

|

Last Updated

ദോഹ: വ്യക്തികളെയും സംഘടനകളെയും ഉള്‍പ്പെടുത്തി സഊദിയുടെ നേതൃത്വത്തില്‍ നാലു അറബ് രാജ്യങ്ങള്‍ പ്രസിദ്ധീകരിച്ച ഭീകര പട്ടിക ഖത്വര്‍ തള്ളി. വസ്തുതകളുടെ പിന്‍ബലമില്ലാതെയും അടിസ്ഥാന രഹിതവുമായ ആരോപണമാണ് രാജ്യങ്ങള്‍ സംയുക്തമായി ഉന്നയിച്ചിരിക്കുന്നതെന്നും ഖത്വര്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന്റെ നിരീക്ഷണപ്പട്ടിക എന്ന പേരില്‍ സഊദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യു എ ഇ എന്നീ നാല് രാജ്യങ്ങള്‍ നടത്തിയ സംയുക്ത പ്രസ്താവന, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുകയാണ്. സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ട പലരേക്കാളം ശക്തമാണ് ഭീകരതക്കെതിരായ ഖത്വറിന്റെ നിലപാട്.
ഈ വസ്തുത സൗകര്യപൂര്‍വം അവഗണിക്കുകയാണ്. യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തിയും ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയും തീവ്രവാദ അജന്‍ഡകളെ വെല്ലുവിളിക്കുന്ന കമ്യൂണിറ്റി പ്രോഗ്രാമുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയും മേഖലയില്‍ ഭീകരതയുടെ മൂലകാരണങ്ങള്‍ ഇല്ലാതാക്കാനാണ് ഖത്വര്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഖത്വറുമായി ഒരു ബന്ധവുമില്ലാത്തവരും ഖത്വറില്‍ ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്തവരുമായ മാധ്യമ പ്രവര്‍ത്തകരെയും വ്യക്തികളെയുമൊക്കെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദേശ കാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്്ദുര്‍റഹ്്മാന്‍ അല്‍ താനി ജര്‍മനിയില്‍ പറഞ്ഞു.
എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തിയുള്ള ഈ കൂട്ട ശിക്ഷ ഏറ്റുവാങ്ങുന്നതിന് ഖത്വര്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.
ഖത്വറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും കര, വ്യോമ, കടല്‍ പാതകള്‍ അടച്ച നടപടി കൂട്ട ശിക്ഷയുമാണെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. ഇത് മേഖലയില്‍ ഗുണപരമായല്ല ദോഷകരമായാണ് ബാധിക്കുകയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതിനിടെ, സൗദി സഖ്യം പുറത്തുവിട്ട പട്ടിക വസ്തുനിഷ്ഠമല്ലെന്ന് യു കെ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എ ഒ എച്ച് ആര്‍) ആരോപിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. തെളിവുകളുടെയോ നിഷ്പക്ഷമായ ജുഡീഷ്യല്‍ അധികാരത്തിന്റെയോ പിന്‍ബലമില്ലാതെ രാഷ്ട്രീയ താത്പര്യങ്ങളോടെ ഉണ്ടാക്കിയതാണ് പട്ടികയെന്ന് എ ഒ എച്ച് ആര്‍ പറഞ്ഞു.
വ്യക്തികളുടെയും ജീവകാരുണ്യ സംഘടനകളുടെ ബഹുമാന്യതയെ കളങ്കപ്പെടുത്തിയതിലൂടെ മാനഹാനിക്കെതിരായ നിയമം വ്യക്തമായി ലംഘിച്ചിരിക്കുകയാണ് ഈ പട്ടികയെന്നും എ ഒ എച്ച് ആര്‍ ചൂണ്ടിക്കാട്ടി. 59 വ്യക്തികളെയും ഖത്വര്‍ ചാരിറ്റി, ഈദ് ചാരിറ്റി ഉള്‍പ്പെടെ 12 സംഘടനകളെയുമാണ് ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ യു എന്നുമായും മറ്റു സംഘടനകളുമായും സഹകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവയാണ് ഖത്വറിലെ ചാരിറ്റി സംഘടനകള്‍. പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ക്കാണ് ഈ സംഘടനകളുടെ സഹയം ലഭിക്കുന്നത്.