കെ എസ് ആര്‍ ടി സിയില്‍ കൂട്ടപിരിച്ചുവിടല്‍

Posted on: June 9, 2017 11:23 pm | Last updated: June 9, 2017 at 11:23 pm

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ നിന്ന് എം പാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. കോഴിക്കോട്, എടപ്പാള്‍, ആലുവ, മാവേലിക്കര എന്നീ നാല് റീജ്യനല്‍ വര്‍ക് ഷോപ്പുകളിലെ ജീവനക്കാരോട് ഇന്ന് മുതല്‍ വരേണ്ടെന്നാണ് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിന്റെ ഉത്തരവ്. കോഴിക്കോട് നിന്ന് 35 പേരെയും ആലുവയില്‍ 55 പേരെയും മാവേലിക്കരയില്‍ 65 പേരെയുമാണ് പിരിച്ചുവിട്ടത്. നാല് റീജ്യനല്‍ ഡിപ്പോകളിലായി ഇരുനൂറിലധികം പേരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് സൂചന.

എന്നാല്‍, ഗ്യാരേജുകളില്‍ ബസുകളുടെ ബോഡി നിര്‍മാണമൊന്നും നടക്കാത്തതിനാലാണ് ജോലിക്ക് ഹാജരാകേണ്ടതില്ല എന്ന് നിര്‍ദേശം നല്‍കുന്നതെന്നാണ് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം. കെ എസ് ആര്‍ ടി സിയില്‍ നിലവില്‍ ഷാസികളുടെ ലഭ്യത കുറവിനാല്‍ ബസ് ബോഡി നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട നിലവിലുള്ള എം പാനല്‍ ജീവനക്കാരെ മാറ്റുന്നുവെന്നാണ് പിരിച്ചുവിട്ടവര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച കേന്ദ്ര കാര്യാലയത്തില്‍ നടത്തിയ അവലോകന യോഗത്തില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഒഴിയുന്ന ജീവനക്കാര്‍ തങ്ങളുടെ ഡ്യൂട്ടി പാസ്, ബയോമെട്രിക് ഐ ഡി കാര്‍ഡ് എന്നിവ പാസ് സെക്ഷനില്‍ ഏല്‍പ്പിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.

തികച്ചും അപ്രതീക്ഷിതമായാണ് ജീവനക്കാര്‍ക്ക് കെ എസ് ആര്‍ ടി സി പിരിച്ചുവിടല്‍ നിര്‍ദേശം നല്‍കിയത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് നിര്‍ദേശം ജീവനക്കാര്‍ക്ക് ലഭിച്ചത്. പിരിച്ചുവിട്ടവരില്‍ പത്ത് വര്‍ഷമായി ജോലിയില്‍ തുടരുന്നവരും ഭിന്നശേഷിക്കാരും ഉള്‍പ്പെടും. കെ എസ് ആര്‍ ടി സിയിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴുണ്ടായ കടുത്ത നടപടിക്ക് കാരണമെന്നാണ് സൂചന.

പിരിച്ചുവിടല്‍ നടപടിക്ക് വിധേയരായ ജീവനക്കാര്‍ പ്രതിഷേധ പരിപാടികളിലേക്ക് കടന്നിരിക്കുകയാണ്. പിരിച്ചുവിടല്‍ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണത്തിന് കെ എസ് ആര്‍ ടി സി തയ്യാറായിട്ടില്ല. പിരിച്ചുവിടല്‍ തീരുമാനം അംഗീകരിക്കില്ലെന്ന് കെ എസ് ആര്‍ ടി സി എംപ്ലോയീസ് അസോസിയേഷന്‍ വ്യക്തമാക്കി. കൂട്ട പിരിച്ചുവിടലില്‍ പ്രതിഷേധിച്ച് മാവേലിക്കരയില്‍ എം പാനല്‍ ജീവനക്കാര്‍ വര്‍ക്ക് ഷോപ്പ് മാനേജറെ തടഞ്ഞുവെച്ചു. മാനേജറുമായി തൊഴിലാളികള്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിന്റേതാണെന്ന വിശദീകരണം മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്.