സുസ്ഥിര വികസന സമീപനങ്ങളാണ് കാലോചിതം: എസ് എസ് എഫ്

Posted on: June 7, 2017 2:15 pm | Last updated: June 7, 2017 at 2:15 pm
എസ് എസ് എഫ് പുസ്തക ചര്‍ച്ച സി റഹീം
ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: പ്രകൃതി വഭവങ്ങളുടെ ശോഷണവും പരിസ്ഥിതി പ്രത്യാഘാതങ്ങളും വര്‍ധിച്ച ഇക്കാലത്ത്, വരും തലമുറയേ കൂടെ പരിഗണിച്ചുള്ള സുസ്ഥിര വികസന കാഴ്ചപ്പാടാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്ന് എസ് എസ് എഫ് സംസ്ഥാന കാമ്പസ് സിണ്ടിക്കേറ്റ് അഭിപ്രായപ്പെട്ടു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ് എസ് എഫ് നടത്തുന്ന പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് എസ് എസ് എഫ് സംസ്ഥാന കാമ്പസ് സിണ്ടിക്കേറ്റ് തിരുവനന്തപുരത്ത് പ്രകൃതിയുടെ പ്രവാചകന്‍ എന്ന പുസ്തക ചര്‍ച്ചനടത്തി.
സുസ്ഥിര വികസനം എന്ന ആശയം ആവിഷ്‌കരിച്ച ബ്രണ്ട്‌ലാന്റ് കമ്മീഷന്റെ മുപ്പതാം വാര്‍ഷികം ആചരിക്കുന്ന ഈ വേളയില്‍ അത്തരം ആശയ പ്രചരണങ്ങള്‍ ഫലം ചെയ്യുമെന്നും പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പാരിസ്ഥിതിക വീക്ഷണങ്ങള്‍ സുസ്ഥിര സമീപനമായിരുന്നു പുലര്‍ത്തിയതെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു. ഒരു വൃക്ഷം മുറിച്ചാല്‍ പകരം മറ്റൊന്ന് നടണമെന്നും ആരാധനാവശ്യങ്ങള്‍ക്ക് പോലും ജലം അമിതവ്യയം ചെയ്യരുതെന്നും പ്രവാചകന്‍ അരുളിയത് വരും തലമുറക്ക് കൂടെ പ്രകൃതിയെ നല്ല രൂപത്തില്‍ കൈമാറേണ്ടതിന്റെ ആവശ്യകതയെയാണ് വ്യക്തമാക്കുന്നത്.

തിരുവനന്തപുരം യൂത്ത് സ്‌ക്വയറില്‍ നടന്ന പുസ്തക ചര്‍ച്ച കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍ സി റഹീം ഉദ്ഘാടനം ചെയ്തു.
സമകാലിക പരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമോതാന്‍ പ്രവാചകന്റെ പാഠങ്ങള്‍ക്ക് വലിയ തോതില്‍ പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് റഹീം പറഞ്ഞു. കെ എം ബഷീര്‍ , എന്‍ പി മുരളികൃഷ്ണന്‍, എം കെ മുഹമ്മദ് സ്വഫ്‌വാന്‍, ഡോ. ശമീറലി, ശബീറലി മലപ്പുറം, സാബിത്ത് പങ്കടുത്തു.