ജിദ്ദ/വാഷിംഗ്ടണ്‍: ഖത്തറിനെതിരെ അറബ് രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തി. ഇരു നേതാക്കളും ഖത്തര്‍ വിഷയം ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ഗള്‍ഫ് മേഖലയില്‍ തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് തടയാന്‍ ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഗള്‍ഫ് ഐക്യം നിലനിര്‍ത്തണമെന്നും ഭീകരവാദം പരാജയപ്പെടുത്തുന്നതിനും മേഖലയിലെ സ്ഥിരതക്കും ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഐക്യം നിര്‍ണായകമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
നേരത്തെ ഖത്തര്‍ ഉപരോധത്തിലേക്ക് നയിച്ചത് തന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനമാണെന്ന് സൂചിപ്പിച്ച് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഭീകരവാദത്തിന്റെ അന്ത്യത്തിന് ഇത് തുടക്കം കുറിക്കുമെന്നായിരുന്നു ട്വീറ്റ്.
അതിനിടെ, യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ഖത്തര്‍ പ്രതിരോധ മന്ത്രിയുമായി ടെലിഫോണില്‍ കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.