കുവൈത്ത് അമീര്‍ ജിദ്ദയില്‍; മധ്യസ്ഥ ചര്‍ച്ചകള്‍ ഊര്‍ജിതം

Posted on: June 6, 2017 11:39 pm | Last updated: June 7, 2017 at 12:16 pm

കുവൈത്ത് സിറ്റി: ഖത്തറിനുമേല്‍ അറബ് രാഷ്ട്രങ്ങള്‍ ഉപരോധം ശക്തമാക്കുന്നതിനിടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സഊദിയിലെത്തി. അദ്ദേഹത്തോടൊപ്പം ഔദ്യോഗിക പ്രതിനിധി സംഘവും ഉണ്ട്. ജിദ്ദ എയര്‍പ്പോര്‍ട്ടില്‍ അമീറിനെ മക്ക ഗവര്‍ണ്ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ സ്വീകരിച്ചു.ശേഷം അല്‍ സലാം കൊട്ടാരത്തിലെത്തിയ അമീറിനെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു.ഖത്തര്‍ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ മദ്ധ്യസ്ഥ ശ്രമം നടത്തുന്ന കുവൈത്ത് അമീറിന്റെ സന്ദര്‍ശ്ശനം നിരീക്ഷകര്‍ വലിയ പ്രാധാന്യത്തോടെയാണു കാണുന്നത്. സംഗമം നാല്‍പ്പത് മിനിറ്റിലധികം നീണ്ട് നിന്നു. എന്നാല്‍ സന്ദര്‍ശനം തികച്ചും സൗഹൃദപരമാണെന്നാണ് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏഴ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കുവൈത്ത് മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്ത് വരുന്നത്. ഖത്തര്‍ വിഷയത്തില്‍ ഇടപെടണമെന്ന് കുവൈത്ത് പാര്‍ലിമെന്റിലും ഇന്നലെ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കുവൈത്ത് അമീര്‍ ഖത്തര്‍ അമീറിനെ ബന്ധപ്പെടുകയും ചെയ്തു.

നിലവിലെ പ്രതിസന്ധി സംബന്ധിച്ച് ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കുവൈത്ത് അമീറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇത് മാറ്റിവെച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമ്മാന്‍ അല്‍ താനി അല്‍ജസീറ ചാനലിനോട് പറഞ്ഞു.

തുര്‍ക്കിയും പ്രശനപരിഹാര ചര്‍ച്ചകളുമായി രംഗത്തുണ്ട്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഇതിന് എല്ലാ പിന്തുണയും നല്‍കുമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി മേവുളു കവുസോഗുളു വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് തുര്‍ക്കി.