ഖത്വറില്‍ മലയാളി ജീവിതം സാധാരണ രീതിയില്‍; അഭ്യൂഹം പരത്തി വാര്‍ത്തകളും വിളികളും

Posted on: June 6, 2017 8:25 pm | Last updated: June 6, 2017 at 8:25 pm

ദോഹ: ഏതാനും ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ നയതന്ത്രബന്ധം ഉപേക്ഷിച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധിക്കിടയിലും ഖത്വറിലെ ജനജീവിതം സാധാരണം. മലയാളികളുള്‍പ്പെടെയുള്ളവരുടെ നിത്യജീവിത്തില്‍ യാതൊരു മാറ്റങ്ങളുമില്ല. പതിവുപോലെ ജോലികളും കച്ചവടവും തുടരുന്നു. എന്നാല്‍, ആശങ്കകള്‍ അന്വേഷിച്ചും അറിയിച്ചും നാട്ടില്‍ നിന്നു വരുന്ന വിളികളും വ്യാജമായി പ്രചരിക്കുന്ന വാര്‍ത്തകളുമാണ് മലയാളികളുള്‍പ്പെടെയുള്ള പ്രവാസികളെ അസ്വസ്ഥമാക്കുന്നത്.

നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായും വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും അതിര്‍ത്തികള്‍ അടക്കുകയും ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വന്ന തിങ്കളാഴ്ച സ്ഥിതികള്‍ ഏതുരീതിയില്‍ വികസിച്ചു വരും എന്നതു സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായെങ്കിലും ജനജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന ഖത്വര്‍ ഗവണ്‍മെന്റിന്റെ ഉറപ്പും വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുള്‍പ്പെടെ ലഭ്യമാക്കുന്നതിനുള്ള നടപടികളും ജനങ്ങള്‍ക്ക് ആശ്വാസത്തിലാക്കി. തിങ്കളാഴ്ച വിപണിയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ചൊവ്വാഴ്ച അസാധാരണ തിരിക്കുകളില്ലെന്ന് സൂപ്പര്‍മാര്‍ക്കറ്റ് വൃത്തങ്ങള്‍ പറഞ്ഞു.

വിദ്യാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമെല്ലാം പതിവുപോലെ പ്രവര്‍ത്തിച്ചു. പ്രവേശവിലക്ക് ഏര്‍പ്പെടുത്തി രാജ്യങ്ങളിലേക്കൊഴികെ മറ്റു രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ മുടക്കമില്ലാതെ നടന്നു. കേരളമുള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള ഖത്വര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ കൃത്യസമയത്തു നടക്കുന്നു. അതേസമയം, ഇത്തിഹാദ്, ഖത്വര്‍ എയര്‍വേയ്‌സ്, എയര്‍ അറേബ്യ, ഫ്‌ളൈ ദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളില്‍ കണക്ഷന്‍ ടിക്കറ്റില്‍ നാട്ടിലേക്കു പോകുന്നതിന് ടിക്കറ്റെടുത്തവര്‍ അവ മാറ്റിയെടുക്കുന്നതിനുള്ള ശ്രമത്തിലാണ്. റദ്ദ് ചെയ്ത വിമാനങ്ങളിലെ ടിക്കറ്റുകള്‍ തിയതി മാറ്റി നല്‍കുകയോ അല്ലെങ്കില്‍ പൂര്‍ണമായ തുക തിരിച്ചു നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

അതിനിടെ ഖത്വറിലെ പ്രവാസികളെക്കുറിച്ച് അഭ്യൂഹമുണ്ടാക്കുന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വന്നത് നാട്ടില്‍ ആശങ്ക പരത്തിയിട്ടുണ്ട്. ദോഹ ഇന്ത്യന്‍ എംബസിയില്‍ പ്രവാസി മലയളികളുടെ വിവരം ശേഖരിക്കുന്നതായുള്ള വ്യാജ വാര്‍ത്തയും ആശയക്കുഴപ്പമുണ്ടാക്കി. അത്തരം ഒരു നീക്കങ്ങളുമില്ലെന്നും അതിനുള്ള സാഹചര്യമൊന്നും രാജ്യത്തില്ലെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഗുണകരമാകില്ലെന്ന് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അംഗം കെ കെ ശങ്കരന്‍ പറഞ്ഞു.