Connect with us

Gulf

അഞ്ഞൂറോളം പാക് ഉംറ തീര്‍ഥാടകര്‍ ദോഹ എയര്‍പോര്‍ട്ടില്‍ കുടുങ്ങി

Published

|

Last Updated

ദോഹ: സഊദിയിലേക്കുള്ള ഖത്വര്‍ എയര്‍വേയ്‌സ് വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് നൂറു കണക്കിന് പാകിസ്ഥാന്‍ പൗരന്‍മാരായ ഉംറ തീര്‍ഥാടകര്‍ ദോഹ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. ഖത്വര്‍ എയര്‍വേയ്‌സ് കണക്ഷന്‍ വിമാനത്തില്‍ യാത്ര ചെയ്യേണ്ട 500ലധികം തീര്‍ഥാടകരാണ് യാത്ര തുടരാനാകാതെ കുടങ്ങിയത്. ഇവരെ പാകിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് (പി ഐ എ) പ്രത്യേക വിമാനത്തില്‍ തിരികെ കൊണ്ടു പോകുമെന്ന് അധികൃതര്‍ അറിയിച്ചു.

റമസാനില്‍ ഉംറ നിര്‍വഹിക്കാനായി പുറപ്പെട്ടവരാണ് ദോഹയിലെത്തി യാത്ര തുടരാനാകാതെ വിഷമിച്ചത്. താമസ ഭക്ഷണ സൗകര്യങ്ങളൊന്നും ലഭിക്കാതെ തീര്‍ഥാടകര്‍ എയര്‍പോര്‍ട്ട് ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ തന്നെ കഴിച്ചു കൂട്ടുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രാന്‍സിറ്റ് യാത്രക്കാരായതിനാല്‍ ഇവര്‍ക്കാര്‍ക്കും ദോഹയില്‍ ഇറങ്ങാനാകില്ല. ദോഹയിലെ പാക് എംബസി ഉദ്യോഗസ്ഥര്‍ തീര്‍ഥാടകരെ ബന്ധപ്പെടുകയോ എന്തെങ്കിലും സഹായം നല്‍കുകയോ ചെയ്തില്ലെന്ന് പരാതിയുണ്ട്.

പി ഐ എ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നയ്യാര്‍ ഹയാത്ത് ആണ് പ്രത്യേക വിമാനങ്ങളില്‍ പാക് പൗരന്‍മാരെ തിരികെയെത്തിക്കാനുള്ള നിര്‍ദേശം നല്‍കിയത്. ഒമാന്‍ എയര്‍ വിമാനത്തില്‍ തീര്‍ഥാടകരെ മക്കയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതായും വാര്‍ത്തകളുണ്ട്‌

Latest