കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ ആരോപണങ്ങളുമായി പ്രകാശ് കാരാട്ട്

Posted on: June 6, 2017 6:09 pm | Last updated: June 6, 2017 at 8:55 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ ആരോപണങ്ങളുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സെക്രട്ടറി പ്രകാശ് കാരാട്ട്. പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലാണ് സേനാമേധാവിക്കെതിരെ കടുത്ത വിമര്‍ശനവുമായി കാരാട്ട് രംഗത്തെത്തിയത്.

കശ്മിര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ബിപിന്‍ റാവത്ത് പരാജയപ്പെട്ടുവെന്നും മോദി സര്‍ക്കാറിന്റെ ആശയങ്ങളാണ് റാവത്തില്‍ പ്രകടമാകുന്നതെന്നും കാരാട്ട് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നുണ്ട്. കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ ഉപയോഗിക്കുകയാണ്. കശ്മീര്‍ ജനത അവരുടെ രാഷ്ട്രീയ സമരമാണ് മുന്നോട്ട് വയ്ക്കുന്നത്.

കശ്മീരില്‍ വിഘടനവാദികള്‍ കല്ലിനു പകരം തോക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ സൈന്യത്തിന് സന്തോഷമായേനെ എന്ന ബിപിന്‍ റാവത്തിന്റെ പരാമര്‍ശത്തെയും കാരാട്ട് വിമര്‍ശിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ സമരക്കാരെ പ്രകോപിപ്പിക്കാനെ ഉപകരിക്കൂ എന്നും കാരാട്ട് വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ സി.പി.എം പാകിസ്താന്റെ ശബ്ദമായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. സൈന്യത്തെ അപമാനിക്കാവുന്നതിന്റെ പരമാവധിയാണ് സി.പി.എം ചെയ്യുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.