Connect with us

Gulf

ദേശീയ ആരോഗ്യ കര്‍മപദ്ധതിയിലെ ഊന്നല്‍ ആരോഗ്യകരമായ ജീവിതശൈലിക്ക്‌

Published

|

Last Updated

ദോഹ: ഈ വര്‍ഷം അവസാനം തുടക്കം കുറിക്കുന്ന ഖത്വര്‍ പൊതു ആരോഗ്യ കര്‍മപദ്ധതി (2017-22) ആരോഗ്യകരമായ ജീവിതശൈലിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. രാജ്യത്തെ മരണനിരക്കിന് പ്രധാന കാരണം അമിതഭാരവും പൊണ്ണത്തടിയും, ഉയര്‍ന്ന രക്ത സമ്മര്‍ദം, രക്തത്തിലെ ഉയര്‍ന്ന തോതിലുള്ള പഞ്ചസാര എന്നിവയാണ്. ഈ ഘടകങ്ങള്‍ ഹൃദ്രോഗം പോലെയുള്ള ജീവിതശൈലീ രോഗങ്ങള്‍ വേഗത്തില്‍ പിടിപെടാന്‍ കാരണമാകുന്നതാണ്.
അനാരോഗ്യ ജീവിതശൈലി കാരണമുണ്ടാകുന്നതാണ് പ്രധാന സാംക്രമികേതര രോഗങ്ങളായ ഹൃദ്രോഗവും പ്രമേഹവും. ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഉപ്പിന്റെ അളവ് കുറക്കുക, പുകവില നിയന്ത്രണം, പച്ചക്കറിയും പഴങ്ങളും ഉള്‍പ്പെടുത്തിയ ആരോഗ്യകരമായ ഭക്ഷണരീതി എന്നിവയിലൂടെ ഇവ നിയന്ത്രിക്കാമെന്ന് പൊതു ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് പ്രമോഷന്‍, സാംക്രമികേതര രോഗ വിഭാഗം മാനജര്‍ ശൈഖ ഡോ. അല്‍ അനൂദ് അല്‍ താനി അറിയിച്ചു. ആരോഗ്യകാര്യത്തില്‍ ആള്‍ക്കാര്‍ സ്വന്തം തന്നെ നിയന്ത്രണം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.

ആരോഗ്യ തീരുമാനങ്ങള്‍ സ്വയം കൈക്കൊള്ളാന്‍ ആവശ്യമായ അറിവ് അവര്‍ക്ക് പകരേണ്ടതുണ്ട്. ഇന്റര്‍നെറ്റിലെയും മുഖ്യധാര മാധ്യമങ്ങളിലെയും ആരോഗ്യ വിവരങ്ങള്‍ പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കും. ഈ പശ്ചാത്തലത്തില്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനുള്ള മതിയായ വിവരം നല്‍കുന്ന ആരോഗ്യ കര്‍മപദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ട്. പോഷകാഹാരം, ശാരീരിക പ്രവര്‍ത്തനം എന്നിവയെ കുറിച്ചുള്ള അവബോധം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ ക്ഷേമ സേവനങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ അടക്കമുള്ള ആരോഗ്യകരമായ ജീവിതശൈലി ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് കര്‍മപദ്ധതി.

അനാരോഗ്യ ജീവിത ശൈലി കാരണമുള്ള വെല്ലുവിളികള്‍ നേരിടുന്ന രാഷ്ട്രം ഖത്വര്‍ മാത്രമല്ല. ലോകത്തുടനീളമുള്ള രാജ്യങ്ങല്‍ ഇക്കാര്യത്തില്‍ പോരാട്ടം നടത്തുന്നുണ്ട്. ഈ രോഗങ്ങള്‍ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളെ നാം തിരിച്ചറിയുന്നുവെന്നത് നല്ല വാര്‍ത്തയാണ്. സമൂഹത്തിലെ പ്രവണത മാറ്റാനും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും എല്ലാവരുടെയും സംയോജിത പ്രവര്‍ത്തനം അനിവാര്യമാണ്.ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിലവില കര്‍മപദ്ധതി പരിശോധനക്ക് ലഭ്യമാണ്. മന്ത്രാലയം നടത്തുന്ന ഓണ്‍ലൈന്‍ സര്‍വേയില്‍ പങ്കെടുക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. ജനങ്ങളുടെ ആവശ്യം, ആരോഗ്യ അഭിപ്രായം തുടങ്ങി നിരവധി ആഴത്തിലുള്ള വിവരങ്ങള്‍ മന്ത്രാലയം സര്‍വേയിലൂടെ സ്വീകരിക്കുന്നുണ്ടെന്നും അനൂദ് പറഞ്ഞു.

 

---- facebook comment plugin here -----

Latest