ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇനി ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കും

Posted on: June 6, 2017 5:47 pm | Last updated: June 6, 2017 at 5:47 pm

മുംബൈ: അടുത്ത സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുതിയ മാറ്റങ്ങളുണ്ടാകും. ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന തരത്തിലുള്ളതാണ് മാറ്റങ്ങള്‍. ഓരോ ടീമിന്റെയും അവസാന ഇലവനില്‍ ആറു ഇന്ത്യന്‍ താരങ്ങളും അഞ്ച് വിദേശ താരങ്ങളുമാണുണ്ടാകുക. ആദ്യ മൂന്ന് സീസണില്‍ അഞ്ചു ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമെ ആദ്യ ഇലവനില്‍ കളിക്കാനാകുമായിരുന്നുള്ളൂ. വിദേശ താരങ്ങളുടെ എണ്ണം നേരത്തെ ആറായിരുന്നു.

ഐ.എസ്.എല്‍ ഗവേര്‍ണിങ് ബോഡി ഓരോ ഫ്രാഞ്ചൈസിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന കാര്യം തീരുമാനമായത്. ഇന്ത്യയുടെ പരിശീലകനായ സ്റ്റീഫെന്‍ കോണ്‍സ്‌റ്റെന്റെയ്ന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് പറഞ്ഞിരുന്നു.
കോണ്‍സ്‌റ്റെന്റയ്‌ന്റെ ഈ നിര്‍ദേശം ഐ.എസ്.എല്‍ ഗവേര്‍ണിങ് ബോര്‍ഡി പ്രാവത്തികമാക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

ഓരോ ക്ലബ്ബിനും 17 ഇന്ത്യന്‍ താരങ്ങളെയും എട്ടു വിദേശ താരങ്ങളെയും ലേലത്തിലെടുക്കാം. ഇത്രയും താരങ്ങളെ ടീമിലെത്തിക്കാന്‍ 18 കോടി രൂപയാണ് ഓരോ ക്ലബ്ബിനും ചെലവാക്കാന്‍ അനുവദിക്കപ്പെട്ട തുക. അതേസമയം മാര്‍ക്വി താരത്തിന് കൊടുക്കേണ്ട ശമ്പളം ഗവേര്‍ണിങ് ബോഡി മുന്നോട്ടുവെച്ച ശമ്പള പരിധിക്കുള്ളില്‍ വരില്ല. നേരത്തെ 14 ഇന്ത്യന്‍ താരങ്ങളും 11 വിദേശ താരങ്ങളുമാണ് ഓരോ ടീമിലുണ്ടായിരുന്നത്. ടീമില്‍ രണ്ട് അണ്ടര്‍21 താരങ്ങളെയും ഉള്‍പ്പെടുത്തണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്

ഓരോ ഫ്രാഞ്ചൈസിയും രണ്ട് ഇന്ത്യന്‍ താരങ്ങളെയേ ടീമില്‍ നിലനിര്‍ത്തൂ എന്നു വ്യക്തമാക്കിതായും ഐ.എസ്.എല്‍ ക്ലബ്ബ് ഒഫീഷ്യല്‍സ് വ്യക്തമാക്കി. ബുധനാഴ്ച്ച ക്വാലാലംപൂരില്‍ നടക്കുന്ന മീറ്റിങ്ങിന് ശേഷം ഓരോ ഫ്രാഞ്ചൈസിയും ടീമിനെ പ്രഖ്യാപിക്കും. ജൂലൈയിലെ ആദ്യ ആഴ്ച്ചയിലായിരിക്കും ഇന്ത്യന്‍ താരങ്ങള്‍ക്കായുള്ള ലേലം. ടീം നിലനിര്‍ത്താത്ത താരങ്ങളും കഴിഞ്ഞ സീസണില്‍ ഐ.എസ്.എല്ലിന്റെ ഭാഗമാകാത്ത കളിക്കാരും ലേലത്തില്‍ പങ്കെടുക്കും.