ബീഫല്ല, ജീവിതമാണ് നിരോധിക്കപ്പെടുന്നത്‌

രാജ്യത്ത് വന്‍കിട ഫാം ഹൗസുകള്‍ വളരുകയും ചെറുകിട കാലിക്കര്‍ഷകര്‍ പിടിച്ചു നില്‍ക്കാനാകാതെ കളം വിടുകയും ചെയ്യും. ആ വിടവിലേക്ക് വന്‍കിട കമ്പനിക്കാരെത്തും. അവര്‍ ഏക്കര്‍ക്കണക്കിന് ഭൂമി പാട്ടത്തിനെടുത്ത് കാലിക്കൃഷി ചെയ്യും. സര്‍ക്കാറിന്റെ സര്‍ട്ടിഫിക്കറ്റുള്ള അറവുശാലകളില്‍ വെട്ടിയെടുത്ത മൂരിയോ പോത്തോ ഓണ്‍ലൈനായി വീട്ടിലെത്തും. ഇന്ത്യയിലെ ബീഫ് കച്ചവടം വലിയൊരു വരുമാന സാധ്യതയാണെന്ന് വന്‍കിട കമ്പനികള്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിന് പ്രധാന തടസ്സം ഏതു ഗ്രാമത്തിലും നിലനില്‍ക്കുന്ന കാലിച്ചന്തകളും ഇറച്ചിയുടെ എളുപ്പത്തിലുള്ള ലഭ്യതയുമാണ്. ഈ ചന്തകളെ തകര്‍ത്താല്‍ മാത്രമേ വന്‍കിട ഫാം ഹൗസുകള്‍ക്ക് അവിടേക്ക് കയറി വരാന്‍ പറ്റൂ.
Posted on: June 6, 2017 11:02 am | Last updated: June 6, 2017 at 11:02 am

കേന്ദ്ര സര്‍ക്കാറിന്റെ കന്നുകാലി വ്യാപാര നിയന്ത്രണ വിജ്ഞാപനത്തില്‍ ബീഫ് നിരോധനമോ കശാപ്പു നിരോധനമോ ഇല്ലെന്നു കേരള ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നു. അങ്ങനെ ഉണ്ടെന്നു വാദിച്ച സര്‍ക്കാറിനെയടക്കം കോടതി അതിനിശിതമായി വിമര്‍ശിക്കുന്നു. ചെന്നൈയിലെ മറ്റൊരു ഹൈക്കോടതി ഇതേ വിജ്ഞാപനത്തെ മറ്റൊരു രീതിയിലാണ് കണ്ടത്. സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലാണ് ഈ വിജ്ഞാപനം എന്നാണ് ആ കോടതി കണ്ടെത്തിയത്. ഭരണഘടനയുടെ ഏഴാം പട്ടികയിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അധികാര പരിധികള്‍ നിര്‍ണയിക്കുന്ന ലിസ്റ്റുകള്‍ ഉള്ളത്. അതില്‍ മൃഗസംരക്ഷണവും കന്നുകാലിച്ചന്തയും ഭക്ഷണവുമെല്ലാം സംസ്ഥാനത്തിന്റെ അധികാരത്തിലാണ്. മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നത് തടയുന്നതിനുള്ള കേന്ദ്രത്തിന്റെ 1960ലെ നിയമത്തിന്റെ ബലത്തിലാണ് ഈ വിജ്ഞാപനം എന്നതിനാല്‍ കേന്ദ്രത്തിന്റെ കീഴില്‍ വരും എന്ന തൊടുന്യായം വച്ചുകൊണ്ടാണ് കേന്ദ്രവും അതിനെ പിന്താങ്ങുന്നവരും ഇതിനെ ന്യായീകരിക്കുന്നത്. സുപ്രീം കോടതിയുടെ ഒരു വിധിയും ഇതിനു പിന്‍ബലമായി ചൂണ്ടിക്കാട്ടുന്നു. ഒപ്പം നമ്മുടെ നാട്ടില്‍ യാതൊരുവിധ നിയന്ത്രണവുമില്ലാതെ പരിസ്ഥിതിക്കും മനുഷ്യരുടെ ആരോഗ്യത്തിനും ഹാനികരമായ വിധത്തില്‍ നടക്കുന്ന മാംസവ്യാപാരവും ഉയര്‍ത്തിക്കാട്ടി അത് തടയാനെന്ന വാദവും ഉയര്‍ത്തുന്നു. ഇത് കാണുന്ന സാധാരണ മനുഷ്യര്‍ തെറ്റിദ്ധരിക്കപ്പെടുന്നു. ഇത്തരം സാധാരണക്കാരുടെ ചോദ്യങ്ങളെ അഭിസംബോധനചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്.

ഇത് സുപ്രീം കോടതി വിധിക്കനുസരിച്ച് കേന്ദ്ര സര്‍ക്കാറുണ്ടാക്കിയ നിയമമാണ്. കോടതി വിധി അനുസരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ജോലി. ഈ വാദം തന്നെ പരിശോധിക്കപ്പെടണം.ഏതാണ് ആ കോടതിവിധി? എന്താണ് കേസ്? ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും കാലികളെ കള്ളക്കടത്തു നടത്തുന്നത് തടയണം എന്നാവശ്യപ്പെട്ടു മൃഗസ്‌നേഹികളും സംഘടനകളും സുപ്രീം കോടതിയില്‍ നല്‍കിയ കേസിലാണ് കോടതിവിധി. അതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മൂന്നു മാസത്തിനകം നിര്‍മിക്കണം എന്നാണ് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ നിന്നും അയല്‍നാടുകളിലേക്ക് കാലികളെ കള്ളക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ കോടതി വിധിയും കാലിച്ചന്തയും തമ്മില്‍ എന്ത് ബന്ധം? കാലിച്ചന്തയില്‍ കാര്‍ഷികാവശ്യത്തിനു മാത്രമേ കാലികളെ വില്‍ക്കാവൂ എന്ന് കോടതി പറഞ്ഞോ? എന്തിനാണ് കോടതിയുടെ ചെലവില്‍ ഒരു നുണ പ്രചാരണം? ഇവിടെ സര്‍ക്കാറിന് മറച്ചുപിടിക്കാന്‍ ചില കാര്യങ്ങളുണ്ടെന്നു വരുന്നു. അത് ഗോവധനിരോധനമാണോ? എങ്കില്‍ അത് തുറന്നു പറയുക.

ഇത്തരം ചട്ടങ്ങള്‍, അതായത് മാംസത്തിനായി കാലികളെ വില്‍ക്കുന്നതിനും മറ്റു സംസ്ഥാനങ്ങളില്‍ കൊണ്ടുപോകുന്നതും നിയന്ത്രിക്കാന്‍, ചട്ടങ്ങള്‍ രൂപവത്കരിക്കാന്‍ കേന്ദ്രത്തിനു നിര്‍ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു ഒരാള്‍ ജനുവരി മാസത്തില്‍ സുപ്രീം കോടതിയിലെത്തി. ഇതായിരുന്നു ആവശ്യം: കൊല്ലുന്നതിനും കയറ്റുമതി ചെയ്യുന്നതിനും പകരം കന്നുകാലികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ രാജ്യത്തിനു മുഴുവന്‍ ബാധകമാകുന്ന നയം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം കൊടുക്കണം എന്നായിരുന്നു ആവശ്യം. കോടതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇത്തരമൊരു ഉത്തരവിന്റെ ആവശ്യമെന്താണ്? കോടതി ചോദിക്കുന്നു. ഒരാവശ്യവുമില്ല. കന്നുകാലികളെ അറുക്കുന്നതു തടയുന്ന ഒരു നിയമമുണ്ടാക്കാന്‍ സംസ്ഥാനങ്ങളോട് ആജ്ഞാപിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. കന്നുകാലികളുടെ അന്തര്‍സംസ്ഥാന വ്യാപാരവും മറ്റും തടയുക എന്ന ലക്ഷ്യത്തോടെ നിരവധി വിധികള്‍ ഈ കോടതി തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ഈ ആവശ്യത്തിന് മറ്റൊരു ഇടപെടലും ആവശ്യമില്ല എന്ന് ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറും ജസ്റ്റിസ് എന്‍ വി രമണയും ഉള്‍പ്പെട്ട ബെഞ്ച് പ്രസ്താവിച്ചു. (ഫേസ്ബുക്കില്‍ കെ ജെ ജേക്കബ് പറയുന്നതുപോലെ) ‘കശാപ്പു തടയണമെന്ന് പറഞ്ഞു പോയാല്‍ കോടതി സമ്മതിക്കില്ല എന്ന് മനസ്സിലായപ്പോള്‍ പിന്നെ അടുത്ത വഴി നോക്കി. അതല്ലേ സത്യം? എന്നിട്ടു കോടതി പറഞ്ഞു എന്ന നുണ. പോത്തിനെ ചാരി എരുമയെ തല്ലുന്ന പരിപാടി’.)
നല്ല മാംസം ജനങ്ങള്‍ക്ക് ലഭ്യമാക്കലാണ് ലക്ഷ്യമെങ്കില്‍ ഇതല്ല രീതി. പഞ്ചായത്തീ രാജ് നിയമമനുസരിച്ചു കേരളത്തില്‍ അറവുശാലകളും മാംസവില്‍പനയും അതിന്റെ മാലിന്യസംസ്‌കരണവുമെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ അധികാരപരിധിയില്‍ പെട്ട കാര്യങ്ങളാണ്. ആ മേഖലയില്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നാണ് വിജ്ഞാപനമെങ്കില്‍ ആരും എതിര്‍ക്കില്ല. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അധികാരപരിധിയില്‍ അത് വരുമെന്ന് വാദിക്കാനും കഴിയും. പക്ഷേ ഇവിടെ കമ്പോളത്തിനെയാണ് നിയന്ത്രിക്കുന്നത് എന്നതിനാല്‍ തന്നെ ഇതിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടിവരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ കവചം ഈ വിജ്ഞാപനത്തിനു ചേരില്ല.

ഈ ഉത്തരവിന് രാഷ്ട്രീയവും സാമ്പത്തികവുമെന്നു പൊതുവായി വിഭജിക്കാവുന്ന ലക്ഷ്യങ്ങളുണ്ട്. പശു എന്നതിനെ പുതിയ സവര്‍ണ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു ആക്കുക എന്നതാണ് രാഷ്ട്രീയ ലക്ഷ്യം. പള്ളിയും അമ്പലവും ഇനി അധികം നില്‍ക്കുന്നില്ല. വികസനത്തിന്റെ വായ്ത്താരി വിലയില്ലാത്തതാണെന്നു സ്വന്തം അനുഭവങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് തന്നെ ബോധ്യപ്പെടുന്നു. വോട്ടിംങ് യന്ത്രത്തിലെ തട്ടിപ്പുകള്‍ വഴി ഇനി അധികം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അപ്പോള്‍ ഒരു വഴി പുതുതായി വേണം. അതിനു ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്താന്‍ ഒരു മാര്‍ഗം വേണം. അതിന്റെ നിരവധി ലക്ഷണങ്ങള്‍ ഈ കേരളത്തിന്റെ മണ്ണിലും നാം കാണുന്നു. പുണ്യമാസം ആരംഭിക്കുന്നതിന്റെ തലേന്ന് തന്നെ ഇങ്ങനെ ഒരു വിജ്ഞാപനം വരുന്നു എന്നത് തന്നെ ശ്രദ്ധേയമാണ്. ഇതിനെ മറ്റു പലതും പോലെ ഒരു മതവിഷയമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. അത് വഴി കുറേപ്പേരിലെങ്കിലും ഒരു തരം സംശയം ജനിപ്പിക്കാനായാല്‍ ഇവര്‍ ഉദ്ദേശിച്ച കാര്യം നടന്നു. അത് വഴി പിന്നെ പിടിച്ചു കയറാമല്ലോ. ക്ഷേത്രം തകര്‍ക്കല്‍. സോഷ്യല്‍ മീഡിയയിലെ പ്രചരണം, ഒടുവില്‍ പ്രതി. കേരളത്തില്‍ എന്ത് നടത്താനാണ് പദ്ധതിയിടുന്നതെന്ന് മനസിലാക്കാന്‍ ഒരുപാട് ബുദ്ധിയൊന്നും വേണമെന്നില്ല. മസ്ജിദിനുള്ളില്‍ കടന്ന് മുസ്‌ലിം മതപണ്ഡിതനെ വധിച്ചതും വ്യാജ വീഡിയോ സംസ്ഥാന അധ്യക്ഷന്‍ തന്നെ പ്രചരിപ്പിച്ചതുമെല്ലാം ഇതിന്റെ വകഭേദങ്ങള്‍ മാത്രം.

ഈ വിജ്ഞാപനത്തിന്റെ സാമ്പത്തികലക്ഷ്യങ്ങളും ഇന്ന് നമുക്കറിയാം. മുന്‍പൊരിക്കല്‍ വടക്കേ ഇന്ത്യയില്‍ വ്യാപകമായി ഉത്പാദിപ്പിക്കുകയും നിത്യവും ഉപയോഗിക്കുകയും ചെയ്തിരുന്ന കടുകെണ്ണ ആരോഗ്യത്തിനു ഹാനികരമെന്ന പേരില്‍ നിരോധിച്ചതും ആ ഇടവേളയില്‍ പുറംകടലില്‍ നങ്കൂരമിട്ടിരുന്ന സോയ ബീന്‍ എണ്ണ തുറമുഖത്തടുത്തതുമെല്ലാം നാം കണ്ടതാണ്. അനേക ലക്ഷം കുടുംബങ്ങള്‍, വിശേഷിച്ചും ഗ്രാമീണ വനിതകള്‍ ഉപജീവനത്തിനായി ചെയ്തിരുന്ന കടുക് കൃഷി ഉത്പാദനം ഒറ്റയടിക്ക് നിലച്ചു. അതിനു സമാനമാണ് ഇപ്പോഴത്തെ സ്ഥിതി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും അറവുശാലക്കാര്‍ക്കും ഉപജീവനമാര്‍ഗമായിരുന്ന ഒരു പ്രവര്‍ത്തനമാണ് ഒറ്റയടിക്ക് നിലച്ചു പോയത്. ഇതോടൊപ്പം തുകല്‍ മേഖലയില്‍ ചെറുകിട ഉത്പാദനം നടത്തുന്നവരുടെ ഉപജീവനവും പോകും. ഇതിനെല്ലാം പുറമെ ദരിദ്രരുടെ ഏറ്റവും ചെലവ് കുറഞ്ഞ പോഷകാഹാരലഭ്യതയും ഇല്ലാതാകും. ഇതിനെല്ലാം ഇരകളാകുന്നവര്‍ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവരാകും. ദളിതരും ന്യുനപക്ഷ ജനവിഭാഗക്കാരുമാകും ഇതില്‍ മഹാഭൂരിപക്ഷവും.

ഉപയോഗം കഴിഞ്ഞ കന്നുകാലികളെ കര്‍ഷകര്‍ക്കിനി ചന്തയില്‍ കൊണ്ട് പോയി വില്‍ക്കാനാകില്ല. അതിനെ ആറു മാസം സംരക്ഷിക്കണമെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കേ അവയെ വാങ്ങാനാകൂ. ഫലത്തില്‍ ചന്ത വഴി ഒരു കാലിയെയും ഇനി അറവു ശാലകളില്‍ എത്തിക്കാന്‍ കഴിയില്ല. പിന്നെ ആ കര്‍ഷകന്‍ എന്ത് ചെയ്യണമെന്ന് വിജ്ഞാപനം പറയുന്നില്ല. വരുമ്പോള്‍ ആ കുടുംബത്തിന് കിട്ടുന്ന ചെറിയ വരുമാനം, അവരുടെ ജീവിതത്തിലെ ഏക ബോണസ്, ഇല്ലാതാകുന്നു. പകരം അവയെ ഒരു വന്‍കിട ഫാമുടമക്ക് വില്‍ക്കാം. അയാള്‍ ആറുമാസം സംരക്ഷിക്കണമെന്ന ഉറപ്പും നല്‍കും. പക്ഷേ അതിനു അയാള്‍ നല്‍കുന്ന വില സ്വീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറാകേണ്ടി വരും. അങ്ങനെ വാങ്ങുന്നവര്‍ക്ക് നൂറുകണക്കിന് കാലികള്‍ ഉണ്ടാകും. ഫാമും അതിലേറെ ഉദ്യോഗസ്ഥരില്‍ സ്വാധീനവും ഉണ്ടാകും. അവരെ ആരും ചോദ്യം ചെയ്യില്ല. പക്ഷേ ഒരു ചെറിയ അറവുശാലക്കാരന്‍ വാങ്ങിയാല്‍ ആറുമാസം പോറ്റണം. അത് സാധ്യമാകില്ല. അയാള്‍ക്ക് സ്വാധീനവും കാണില്ല. അയാളെ ഗോസംരക്ഷകര്‍ വളയും. അറുത്താല്‍ അയാളെ തല്ലിക്കൊല്ലും. ചെറുകിട ശാലകള്‍ പൂട്ടും. കര്‍ഷകന് വന്‍ നഷ്ടവുമാകും.

ഇന്ത്യ ലോകത്തില്‍ ഏറ്റവുമധികം ബീഫ് ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും കയറ്റുമതി നടത്തുകയും ചെയ്യുന്ന രാജ്യമാണ്. രാജ്യത്ത് വന്‍കിട ഫാം ഹൗസുകള്‍ വളരുകയും ചെറുകിട കാലിക്കര്‍ഷകര്‍ പിടിച്ചു നില്‍ക്കാനാകാതെ കളം വിടുകയും ചെയ്യും. ആ വിടവിലേക്ക് വന്‍കിട കമ്പനിക്കാരെത്തും. അവര്‍ ഏക്കര്‍ക്കണക്കിന് ഭൂമി പാട്ടത്തിനെടുത്ത് കാലികൃഷി ചെയ്യും. സര്‍ക്കാറിന്റെ സര്‍ട്ടിഫിക്കറ്റുള്ള അറവുശാലകളില്‍ വെട്ടിയെടുത്ത മൂരിയോ പോത്തോ ഓണ്‍ലൈനായി വീട്ടിലെത്തും. ഇന്ത്യയിലെ ബീഫ് കച്ചവടം വലിയൊരു വരുമാന സാധ്യതയാണെന്ന് വന്‍കിട കമ്പനികള്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിന് പ്രധാന തടസം ഏതു ഗ്രാമത്തിലും നിലനില്‍ക്കുന്ന കാലിച്ചന്തകളും ഇറച്ചിയുടെ എളുപ്പത്തിലുളള ലഭ്യതയുമാണ്. ഈ ചന്തകളെ തകര്‍ത്താല്‍ മാത്രമേ വന്‍കിട ഫാം ഹൗസുകള്‍ക്ക് അവിടേക്ക് കയറി വരാന്‍ പറ്റൂ.
ഇതിനെ നേരിടേണ്ടതെങ്ങനെ എന്ന പ്രശ്‌നവും ഉണ്ട്. ഓരോ കക്ഷിയും തങ്ങളുടെ വിജ്ഞാപനവിരോധം മറ്റുള്ളവരെക്കാള്‍ അധികമാണെന്ന് കാണിക്കാനായി നടത്തുന്ന കോപ്രായങ്ങള്‍ അല്‍പം പരിധി വിട്ടില്ലേ എന്ന സംശയം ചിലര്‍ക്കെങ്കിലും ഉണ്ട്. കേവലം ബീഫ് കഴിക്കാനുള്ള അവകാശം എന്നത് മാത്രമായോ നമ്മുടെ പ്രതിഷേധങ്ങള്‍? ബീഫ് കഴിക്കാത്തവരെയും ഇതിന്റെ ഭാഗമാക്കേണ്ടതല്ലേ? പരമാവധി പേരെ ഇതിന്റെ സത്യം മനസ്സിലാക്കിക്കാനാണ് സമാധാനവാദികള്‍ ശ്രമിക്കേണ്ടത്. മറിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കുറേപ്പേരിലെങ്കിലും ശത്രുത വളര്‍ത്താനേ ഈ പ്രവര്‍ത്തനങ്ങള്‍ വഴി വെക്കൂ. ഇതിലെ നിയമപ്രശനങ്ങള്‍ കോടതി തീരുമാനിക്കട്ടെ എന്ന് പറയുമ്പോള്‍ ഇന്ന് രാജസ്ഥാന്‍ ഹൈക്കോടതി പോലുള്ളവയുടെ വിധികളും അഭിപ്രായങ്ങളും കേള്‍ക്കുമ്പോള്‍ മനസ്സിലാശങ്കയുണ്ടാകുന്നു എന്നത് സത്യമാണ്. പശുവിനെ ദേശീയമൃഗമാക്കണം എന്നും ഗോവധത്തിനു ജീവപര്യന്തം തടവുശിക്ഷയാക്കണമെന്നും പറയുന്നു. ഇത് വഴി പശുമാംസം സൂക്ഷിച്ചോ എന്ന സംശയത്തില്‍ ഒരു മനുഷ്യനെ വധിച്ചതിന് ന്യായീകരണമാകില്ലേ?

നോട്ടു നിരോധനം പോലെ ജനങ്ങള്‍ക്ക് മേല്‍ തങ്ങളുടെ ആധിപത്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പ്രക്രിയ തുടരുകയാണ് കേന്ദ്ര സര്‍ക്കാറും അതിന്റെ നേതൃത്വത്തിലുള്ളവരും. ഇതിനെതിരായ പ്രതിരോധം തീര്‍ത്തും ജനാധിപത്യത്തില്‍ ഊന്നിയുള്ളതാകണം. വിശാലമായ ഐക്യത്തില്‍ അത് വളര്‍ന്നു വരണം. അല്ലാത്തപക്ഷം ജനങ്ങളെ വിഭജിക്കുന്ന തന്ത്രങ്ങള്‍ക്ക് നാം കീഴ്‌പ്പെട്ടു പോകും.