മതം മാറി വിവാഹം: ഗര്‍ഭണിയായ യുവതിയെ ജീവനോടെ കത്തിച്ചു

Posted on: June 5, 2017 11:14 pm | Last updated: June 5, 2017 at 11:14 pm
SHARE

ബെംഗളൂരു: മതം മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ യുവതിയെ മാതാവും ബന്ധുക്കളും ചേര്‍ന്ന് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ജീവനോടെ കത്തിച്ചു. ബാനു ബീഗത്തിനെയാ (21) ണ് കഴിഞ്ഞ ദിവസം രാത്രി ചുട്ടുകൊന്നത്. ബീജാപൂരിലെ ഗുണ്ടക്കാനല ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ബാനു ബീഗവും അതേ ഗ്രമവാസിയായ 24 വയസുകാരന്‍ സയബണ്ണ ശരണപ്പയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ക്കുമെന്ന് മനസിലാക്കി ഇരുവരും തങ്ങളുടെ ബന്ധം രഹസ്യമാക്കി വെച്ചെങ്കിലും കഴിഞ്ഞ ജനുവരി 22ന് ബാനുവിന്റെ വീട്ടുകാര്‍ ഇത് കണ്ടുപിടിച്ചു. വീട്ടുകാര്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി. തങ്ങളുടെ മകള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയാണെന്നും പ്രണയിച്ച യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്ന് തളിക്കോട്ട ഡി വൈ എസ് പി പി കെ പാട്ടീല്‍ പറഞ്ഞു. രക്ഷിതാക്കള്‍ പരാതിയും നല്‍കി.

ഈ സംഭവത്തിന് ശേഷം ജനുവരി 24ന് ബാനുവും സയബണ്ണയും വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഗോവയിലേക്ക് രക്ഷപെട്ടു. അവിടെ വിവാഹം രജിസ്റ്റര്‍ ചെയ്ത് ജീവിച്ചുവരുന്നതിനിടെ ബാനു ഗര്‍ഭിണിയായി.
ഇതോടെ ഇനി നാട്ടിലേക്ക് തിരികെപ്പോയാല്‍ ബന്ധുക്കള്‍ തങ്ങളുടെ വിവാഹം അംഗീകരിക്കുമെന്ന് കരുതി ഇരുവരും കഴിഞ്ഞ ദിവസം തിരിച്ചെത്തുകയായിരുന്നു. രണ്ട് പേരുടെയും വീടുകളില്‍ പോയി ബാനു ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചിട്ടും ബന്ധുക്കള്‍ നിലപാട് മാറ്റിയില്ല. സയബണ്ണയെ ഉപേക്ഷിക്കണമെന്ന് ബാനുവിന്റെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

സയബണ്ണയുടെ പിതാവും ബന്ധം അവസാനിപ്പിക്കാന്‍ മകനെ നിര്‍ബന്ധിച്ചു. ഇരുവരും ഇതിന് തയ്യാറാവാതെ വന്നതോടെ സയബണ്ണയുടെ പിതാവും ബാനുവിന്റെ അമ്മയും സഹോദരനും സഹോദരിയും ചേര്‍ന്ന് അദ്ദേഹത്തെ ക്രൂരമായി ഉപദ്രവിച്ചു. ശരീരമാസകലം മുറിവേറ്റ അദ്ദേഹത്തെ കല്ലുകള്‍ കൊണ്ട് എറിഞ്ഞും പരുക്കേല്‍പ്പിച്ചു. ഇവരില്‍ നിന്ന് രക്ഷപ്പെട്ട് തളിക്കോട്ട പോലീസ് സ്‌റ്റേഷനില്‍ എത്തിയ സയബണ്ണ പോലീസിന്റെ സഹായം തേടി. പോലീസുകാരെയും കൂട്ടി ബാനുവിന്റെ വീട്ടില്‍ എത്തിയപ്പോഴേക്കും യുവതിയെ ബലമായി പിടിച്ചുവെച്ച് ശരീരത്തില്‍ ബന്ധുക്കള്‍ തീ കൊളുത്തിയിരുന്നു. തീ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ബാനുവിനെ രക്ഷിക്കാനായി എടുത്തുചാടിയ സയബണ്ണയ്ക്കും പൊള്ളലേറ്റു. അയല്‍വാസികളും യുവതിയുടെ ജീവന്‍ രക്ഷിക്കാനെത്തിയില്ല.

ബാനുവിന്റെ അമ്മ, സഹോദരന്‍, സഹോദരി, സയബണ്ണയുടെ പിതാവ് എന്നിവരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. അഗ്നിക്കിരയാക്കുന്നതിന് മുമ്പ് ബാനുവിനെ വീട്ടുകാര്‍ ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ബാനുവിന്റെ രണ്ട് മുതിര്‍ന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരും ഒളിവിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here