സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വിശദമാക്കി നവകേരള എക്‌സ്പ്രസ് പ്രയാണം ഇന്ന് തുടങ്ങും

Posted on: June 4, 2017 6:08 am | Last updated: June 4, 2017 at 1:19 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ വിശദമാക്കി നവകേരള എക്‌സ്പ്രസ് പ്രചാരണ ബസിന്റെ പ്രയാണം ഇന്ന് ആരംഭിക്കും. ശംഖുമുഖത്ത് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ഡോ. എ സമ്പത്ത് എം പി ഫഌഗ് ഓഫ് ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം കൊണ്ട് നവകേരള സൃഷ്ടിക്കായി കൈക്കൊണ്ട വികസന പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശന വാഹനത്തില്‍ വിശദീകരിക്കുന്നുണ്ട്.

സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നവകേരള കര്‍മ പദ്ധതിയുടെ ഭാഗമായ നാല് മിഷനുകള്‍ വിശദമാക്കുന്ന ത്രീഡി മോഡലുകളും ബസില്‍ ഒരുക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം എങ്ങനെ മാതൃകയാകുന്നുവെന്ന് സ്ത്രീ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തിലൂടെ പ്രദര്‍ശനത്തില്‍ വിശദമാക്കുന്നു. ജയചന്ദ്രന്‍ കടമ്പനാടിന്റെ നേതൃത്വത്തിലുള്ള കലാസംഘം സര്‍ക്കാറിന്റെ നേട്ടങ്ങളും മിഷന്‍ പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന നാടന്‍ പാട്ടുകളുമായി കലാപരിപാടികള്‍ പ്രചാരണ യാത്രയില്‍ അവതരിപ്പിക്കും. മൂന്ന് ദിവസം ബസ് തിരുവനന്തപുരം ജില്ലയില്‍ പര്യടനം നടത്തും.