Connect with us

Kerala

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ പദ്ധതികളുടെ പൂര്‍ത്തീകരണം പ്രധാനം -മന്ത്രി

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന 233 പദ്ധതികളുടെ പൂര്‍ത്തീകരണത്തിനുള്ള അടിയന്തിര നടപടി സ്വീകരിക്കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ സെല്‍ യോഗം തീരുമാനിച്ചു.
നബാര്‍ഡ് മുഖേന 200 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചെങ്കിലും 100 കോടി രൂപയുടെ പ്രവൃത്തികളാണ് ജൂണ്‍ 30-നകം പൂര്‍ത്തിയാവുക. ബാക്കി വരുന്ന 100 കോടി രൂപയുടെ പ്രവര്‍ത്തികളുടെ അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കണമെന്ന് മന്ത്രി പറഞ്ഞു.

അലോപ്പതി, ആയൂര്‍വ്വേദ, ഹോമിയോ വകുപ്പുകളുടെ സംയുക്ത സേവനവുമായി ബന്ധപ്പെട്ട് പനത്തടി, മുളിയാര്‍, ബദിയടുക്ക, പല്ലൂര്‍-പെരിയ, കള്ളാര്‍, കയ്യൂര്‍-ചീമേനി, കുംബഡാജെ എന്നിവിടങ്ങളില്‍ യോഗം ചേരാനും തീരുമാനിച്ചു.
തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന 20 പദ്ധതികള്‍ക്കായി 24 കോടി രൂപയുടെ പ്രവൃത്തി നടക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു യോഗത്തില്‍ പറഞ്ഞു. ആരോഗ്യകേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങിയവയ്ക്ക് കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികളാണിവ. ഇവ ജൂണ്‍ 30-നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. റീഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങളിലും ലോണ്‍ മോററ്റോറിയത്തിലും കൃത്യമായ നിരീക്ഷണമുണ്ടാകണമെന്ന് പി കരുണാകരന്‍ എം പി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവസാന ഗഡു ആശ്വാസ സഹായം ബാങ്കുകള്‍ വഴി ഉടന്‍ വിതരണം ചെയ്യാന്‍ നടപടിയെടുക്കുമെന്നും യോഗത്തില്‍ അറിയിച്ചു.

എംഎല്‍എമാരായ എന്‍ എനെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, എ ഡി എം. കെ.അംബുജാക്ഷന്‍, ആര്‍ ഡി ഒ. ഡോ. പി കെ ജയശ്രീ, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി ബിജു എന്നിവരും വിവിധ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുത്തു.

Latest