എംല്‍എയെ ക്ഷണിക്കാഞ്ഞത് വിവാദമായി; കൊച്ചി മെട്രോ സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം മാറ്റി

Posted on: June 3, 2017 11:50 am | Last updated: June 3, 2017 at 3:04 pm
SHARE

ആലുവ: കൊച്ചി മെട്രോ സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവച്ചു. ഉദ്ഘാടനത്തിന് സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിനെ ക്ഷണിക്കാത്തത് വിവാദമായതിനെ തുടര്‍ന്നാണ് ഉദ്ഘാടനം മാറ്റിവെച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി കെഎംആര്‍എല്‍ അധികൃതരെ അതൃപ്തി അറിയിച്ചു. എംഎല്‍എയെ ക്ഷണിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. പരിപാടിയിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചതായി അന്‍വര്‍ സാദത്ത് നേരത്തേ പറഞ്ഞിരുന്നു. ഉദ്ഘാടനം മാറ്റിവെച്ചെങ്കിലും മുഖ്യമന്ത്രി മെട്രോയില്‍ യാത്ര ചെയ്തു. കേരളത്തിന്റെ സ്വപ്‌നപദ്ധതികളിലൊന്നായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തോടനുബന്ധിച്ച് മെട്രോ സ്‌റ്റേഷനുകളില്‍ ക്രമീകരിച്ചിരിക്കുന്ന സൗരോര്‍ജ വൈദ്യുത സംവിധാനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നായിരുന്നു അറിയിപ്പ്.

പെട്ടെന്ന് തീരുമാനിച്ചതാണെന്നും എല്ലാവരെയെും ക്ഷണിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് എംഎല്‍എയെ ഒഴിവാക്കിയത് സംബന്ധിച്ച് കെഎംആര്‍എല്‍ നല്‍കുന്ന വിശദീകരണം. ഈ മാസം 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മെട്രോ ഉദ്ഘാടനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here